ഭാഗ്യപരീക്ഷണത്തിന് റെഡിയാണോ? എങ്കിൽ എക്‌സ്ട്രീം 250R ഫ്രീയായി കിട്ടാൻ ഒരു അവസരമിതാ, ചെയ്യേണ്ടത് ഇത്രമാത്രം
പുത്തനൊരു ബൈക്ക് വാങ്ങുക എന്നത് പലരുടേയും സ്വപ്‌നമായിരിക്കും അല്ലേ. എന്നാൽ അതിന് പണം കണ്ടെത്തുക എന്നതാണ് ശ്രമകരമായ കാര്യം. സ്വന്തമായി ഒരു വാഹനം വാങ്ങാനായി അഹോരാത്രം പരിശ്രമിക്കുന്നവർ ഏറെയാവും. ഇക്കൂടെ മടിയൻമാരായവരും ഉണ്ടാവുമല്ലോ. കഷ്‌ടപ്പെടാതെ എല്ലാം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും ചില്ലറയൊന്നുമല്ല. അത്തരക്കാർക്ക് ഫ്രീയായിട്ട് ഒരു മോട്ടോർസൈക്കിൾ കിട്ടിയാൽ എങ്ങനെയുണ്ടാവും? സംഭവം കേൾക്കാനൊക്കെ നല്ല രസമാണ് പക്ഷേ ഇതെവിടെ നടക്കാനാണ് എന്ന് ചിന്തിക്കുന്നവരായിരിക്കും അധികവും. എന്നാൽ ഇപ്പോഴിതാ അങ്ങനെയൊരു അസുലഭ നിമിഷം വന്നെത്തിയിരിക്കുകയാണ്. അതും സ്പ്ലെൻഡർ ഒന്നുമല്ല കേട്ടോ.
രാജ്യത്തെ ട്രെൻഡ് സെറ്റിംഗ് ബൈക്കുകളിൽ ഒന്നായ ഹീറോ എക്‌സ്ട്രീം 250R ആണ് ചുമ്മാതെ കിട്ടിൻ പോവുന്നത്. അതിനായി നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് പറഞ്ഞുതരാം. ഒരു ഭാഗ്യപരീക്ഷണം നടത്തി വണ്ടി കൈയിൽ കിട്ടിയാൽ സന്തോഷമുള്ള കാര്യമല്ലേ. കൊക്കകോള ഇന്ത്യയുടെ മുൻനിര സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ തംസ് അപ്പും ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും കൈകോർത്താണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

തംസ് അപ്പും ഹീറോയുമായുള്ള സംയുക്ത കൺസ്യൂമർ ക്യമ്പയിനായ തണ്ടർവീൽസ് 2.0 രണ്ടാം എഡിഷനിലൂടെയാണ് ഉപഭോക്താക്കൾക്ക് എക്‌സ്ട്രീം 250R വിജയിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ ക്യമ്പയിൻ നടത്തി വിജയം നേടിയതിനെ അടിസ്ഥാനമാക്കിയാണ് വീണ്ടും സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡും ടൂവീലർ നിർമാതാക്കളും കൈകോർക്കാൻ തീരുമാനിച്ചത്.
പുതുതായി പുറത്തിറക്കിയ ഹീറോ എക്സ്ട്രീം 250R എന്ന 250 സിസി സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളിനെ സ്വന്തമാക്കാനുള്ള അവസരം ഈ ക്യാമ്പയിൻ ഉപഭോക്താക്കൾക്ക് നൽകുന്നു. 'ദം ഹേ തോ സ്കാൻ കർ' എന്ന പ്രമേയമുള്ള ഈ ക്യാമ്പയിൻ, സ്പെഷ്യൽ എഡിഷൻ തംസ് അപ്പ് പായ്ക്കുകളിൽ അച്ചടിച്ച ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുന്നവർക്കാണ് ബൈക്ക് സമ്മാനമായി ലഭിക്കുക.

2025 ഓഗസ്റ്റ് മുതൽ ഇന്ത്യയിലുടനീളമുള്ള വിപണികളിൽ ഈ പായ്ക്കുകൾ ലഭ്യമാണ്. യൂത്ത്ഫുൾ ഡിസൈനും അന്യായ ഡിസൈനും കോർത്തിണക്കി വികസിപ്പിച്ചെടുത്ത മോഡൽ ഇന്ത്യയിലെ പുതിയ തലമുറയുടെ മനസിൽ കയറിപ്പറ്റിയിട്ടുണ്ട്. ആയതിനാൽ ഭാഗ്യം പരീക്ഷിക്കാൻ പലരും തയാറായേക്കും. കണ്ടാൽ ആരും മോഹിക്കുന്ന രുപമാണ് ഹീറോ എക്‌സ്ട്രീം 250R മോഡലിനുള്ളത്.
ഷാർപ്പ് ഫ്രണ്ട് കൗൾ, ഓട്ടോ-ഇല്യൂമിനേഷൻ ക്ലാസ്-ഡി എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, പോളിഗോണൽ റിയർ-വ്യൂ മിററുകൾ, സ്ലീക്ക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന് വശ്യമായ രൂപമാണ് സമ്മാനിക്കുന്നത്. ഒപ്പം ബൈക്കിൽ സ്പോർട്ടി ഗ്രാഫിക്സും റെഡ്, ബ്ലാക്ക്, വൈറ്റ് നിറങ്ങളുടെ ആവേശകരമായ മിശ്രിതവുമുണ്ട്.

ഫ്യുവൽ ടാങ്കിൽ 3D ഫോർമാറ്റിൽ 'എക്സ്ട്രീം' ബാഡ്ജിംഗും കാണാനാവും. അതേസമയം സൈഡ് റേഡിയേറ്റർ കവറുകളിൽ R ലെറ്ററിംഗും കാണാമേ. സ്പ്ലിറ്റ് സീറ്റുകൾക്ക് ഒരു സ്ലീക്ക് പ്രൊഫൈലാണ് ഹീറോ ഒരുക്കിയിരിക്കുന്നതും. ഇത് ബൈക്കിന്റെ സ്പോർട്ടി ലുക്കിനും ഫീലിനും യാതൊരു കുറവും വരുത്തുന്നില്ലെന്നും ഉറപ്പുവരുത്തുന്നുണ്ട്. 4-വാൽവ് സിസ്റ്റമുള്ള പുത്തൻ 250 സിസി ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ് എക്സ്ട്രീം 250R-ന്റെ ഹൃദയം.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ലിക്വിഡ്-കൂൾഡ് എഞ്ചിന് 30 bhp കരുത്തിൽ പരമാവധി 25 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 50-50 ഭാരം ബാലൻസ് ചെയ്യുന്ന ലൈറ്റ്‌വെയ്റ്റ് അലോയ് വീലുകളും റേഡിയൽ ടയറുകളുമാണ് ഹീറോ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ആയതിനാൽ വെറും 3.25 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ഹീറോ മോട്ടോകോർപ് പറയുന്നത്.


Click it and Unblock the Notifications








