ഉന്തും തള്ളും ഒഴിവാക്കാം, റിവേഴ്‌സ് ഗിയറുള്ള സ്‌കൂട്ടറുകൾ വാങ്ങിക്കോ! പെട്രോളടിക്കാതെ നഗരം ചുറ്റാം
റിവേഴ്‌സ് ഗിയർ ഇല്ലാത്ത കാറുകളും ഓട്ടോറിക്ഷകളും ലോറികളും ബസുകളും നമുക്ക് ചിന്തിക്കാനേ സാധിക്കില്ല അല്ലേ. മുചക്ര വാഹനങ്ങൾ മുതൽ കാണുന്ന ഈയൊരു കാര്യം ഇരുചക്ര വാഹനങ്ങൾക്ക് എന്തുകൊണ്ടില്ല എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. തിരിക്കാനും പിന്നോട്ട് നീക്കാനുമെല്ലാം എളുപ്പമായ ടൂവീലറുകളിൽ ഇതിൻ്റെയൊന്നും ആവശ്യമില്ലെന്ന് തോന്നിയേക്കാമെങ്കിലും ജീവിതത്തിൽ ഒരു തവണയെങ്കിലും ബൈക്കോ സ്‌കൂട്ടറോ ഓടിച്ചിട്ടുള്ളവർക്ക് തോന്നിയിട്ടുള്ള കാര്യമായിരിക്കും ഇതിലൊരു റിവേഴ്‌സ് ഗിയർ കൂടിയുണ്ടായിരുന്നുവെങ്കിൽ എന്ന്... പക്ഷേ ഇന്നത്തെ ചില ന്യൂജെൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഇതൊരു സ്റ്റാൻഡേർഡ് ഫീച്ചറായി മാറിയിട്ടുണ്ട് കേട്ടോ.
പുതിയൊരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇനി റിവേഴ്‌സ് മോഡ് വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും മോഡൽ വാങ്ങുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. പരമ്പരാഗത സ്കൂട്ടറുകളെ അപേക്ഷിച്ച് ഇവ കൊണ്ട് വലിയ പ്രായോഗികത തന്നെയാണ് ലഭിക്കുക. ദിവസേനയുള്ള പല യാത്രകളിലും ഈയൊരു ഫീച്ചർ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം. റിവേഴ്‌സ് മോഡുള്ള കുറഞ്ഞ വിലയുള്ള ഇവികളെ പരിചയപ്പെട്ടാലോ? വാങ്ങുന്നേൽ ഇതിൽ ഏതെങ്കിലും ഒന്ന് തന്നെ തെരഞ്ഞെടുത്തോളൂ.

ഏഥർ റിസ്‌ത S
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഥർ എനർജിയുടെ ജനപ്രിയ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറായ റിസ്‌തയുടെ S വേരിയൻ്റിലാണ് റിവേഴ്‌സ് മോഡ് ഒരുക്കിയിട്ടുള്ളത്. 1.14 ലക്ഷം രൂപ എക്സ്ഷോറൂം പ്രാരംഭ വിലയുള്ള റിസ്‌തയുടെ ഏറ്റവും താങ്ങാനാവുന്ന വേരിയൻ്റാണിത്. ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിൾ (IDC) പ്രകാരം സിംഗിൾ ചാർജിൽ ഇവിക്ക് 123 കിലോമീറ്റർ ക്ലെയിം ചെയ്ത റേഞ്ച് വരെ നൽകാനാവുമെന്നതിനാൽ പോക്കറ്റ് വേഗം കാലിയാവുകയുമില്ല.
ടിവിഎസ് ഐക്യൂബ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐക്യൂബിൻ്റെ 2.2 kWh എൻട്രി ലെവൽ വേരിൻ്റ് റിവേഴ്‌സ് പാർക്കിംഗ് മോഡുമായാണ് വരുന്നത്. 1.07 ലക്ഷം രൂപയാണ് ഈ കിടിലൻ ഫാമിലി ഇവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പൂർണമായി ചാർജ് ചെയ്താൽ ഐക്യൂബിന് 94 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യാനാവും. ഒരു കിലോമീറ്ററോടാൻ ഐക്യൂബിന് വെറും 0.3 പൈസയാണ് ചെലവ് വരുന്നത്.

പെട്രോൾ ഇരുചക്ര വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം ഏകദേശം 37,500 രൂപയോളം ലാഭിക്കാനും ടിവിഎസ് ഐക്യൂബ് നിങ്ങളെ സഹായിക്കും. നീളമേറിയ സീറ്റുകൾ, 32 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, ചെറിയ യാത്രകൾക്കായി ബാഗുകൾ/ബോക്സുകൾ സ്ഥാപിക്കുന്നതിനുള്ള വലിയ ഫുട്ബോർഡ്, 180+ കണക്റ്റഡ് ഫീച്ചറുകൾ, ഇക്കോ ഡ്രൈവ് പോലുള്ള റൈഡിംഗ് മോഡുകൾ, കോൾ, എസ്എംഎസ് അലേർട്ട് തുടങ്ങിയ ഫീച്ചറുകളും ഈ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ പ്രത്യേകതകളാണ്.
ചേതക് ഇലക്ട്രിക് 3001
ടിവിഎസ് ഐക്യൂബ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ് ബജാജ് ചേതക്. ഇവിയുടെ 3001 വേരിയൻ്റ് വാങ്ങുകയാണെങ്കിൽ റിവേഴ്‌സ് മോഡ് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. 3 kWh ബാറ്ററി പായ്ക്കും 127 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത റേഞ്ചും ഉള്ള എൻട്രി ലെവൽ മോഡലാണ് ചേതക് 3001. വാങ്ങാനായി 99,500 രൂപയാണ് എക്സ്ഷോറൂം വിലയായി നിങ്ങൾ മുടക്കേണ്ടി വരിക.

ഓല S1 X
ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റായി മാറിയ ഓലയുടെ S1 X ഇവിയിൽ റിവേഴ്‌സ് മോഡും ലഭ്യമാണ്. 80,499 രൂപയുടെ എക്സ്ഷോറൂം വില മാത്രം മതിയാവും ഈയൊരു ഫീച്ചർ ലഭ്യമായ ഇവി വാങ്ങാൻ എന്നത് ആരേയും ആകർഷിക്കുന്ന സംഗതിയാണ്. 2 kWh ബാറ്ററി പായ്ക്കുള്ള ഇവിയുടെ ബേസ് മോഡലിന് 108 കിലോമീറ്റർ IDC ക്ലെയിം ചെയ്ത റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 7.4 മണിക്കൂർ സമയമാണ് വേണ്ടിവരിക.
ഹീറോ വിഡ VX2 ഗോ
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിൻ്റെ ഇലക്ട്രിക് സ്‌കൂട്ടർ വാഹന വിഭാഗമായ വിഡ പുറത്തിറക്കുന്ന ഏറ്റവും പുതിയ VX2 ഗോ ഇവിയാണ് റിവേഴ്‌സ് മോഡ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇവി. 2.2 kWh ബാറ്ററി പായ്ക്കുമായി വരന്ന മോഡലിന് IDC അവകാശപ്പെടുന്ന റേഞ്ച് സിംഗിൾ ചാർജിൽ 92 കിലോമീറ്ററാണ്. വെറും 74,000 രൂപയിൽ നിന്നാണ് ഇതിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








