EICMA 2025: ടിവിഎസ് പണിയുന്ന ബിഎംഡബ്ല്യുവിന്റെ F 450 GS അഡ്വഞ്ചർ ബൈക്ക്, ഇന്ത്യയിൽ ഉടനെത്തും
ഇറ്റലിയിലെ മിലാനിൽ നടക്കുന്ന 2025 EICMA മോട്ടോർ ഷോയിൽ തങ്ങളുടെ ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ പുറത്തിറക്കി ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ഉടൻ വിൽപ്പനയ്ക്ക് എത്താൻ പോവുന്ന മോഡലിനെ ഇതാദ്യമായാണ് കമ്പനി പൊതുവേദിയിൽ അവതരിപ്പിക്കുന്നത്. നേരത്തെ കൺസെപ്റ്റ് പതിപ്പിൽ എത്തിയപ്പോൾ തന്നെ ഏറെ ഹൈപ്പുണ്ടാക്കിയ F 450 GS എഡിവിയുടെ പ്രൊഡക്ഷൻ പതിപ്പാണിത്. G 310 GS നിർത്തലാക്കിയപ്പോൾ സങ്കടപ്പെട്ടവർക്കെല്ലാം ഇരട്ടി സന്തോഷം നൽകുന്നതാണ് ബേബി ജിഎസിന്റെ വരവ്.
ഇനി GS നിരയിലെ എൻട്രി ലെവൽ മോഡലായിരിക്കും ഇത്. ബിഎംഡബ്ല്യുവിന്റെ 450 GS അഡ്വഞ്ചർ ബൈക്കിന്റെ നിർമാണ ചുമതല ടിവിഎസിനാണ്. മെയ്‌ഡ് ഇൻ ഇന്ത്യ മോട്ടോർസൈക്കിളായി ഇതിനെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ തുടങ്ങിയവയോടാവും F 450 GS മത്സരത്തിനിറങ്ങുക.

EICMA മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച F 450 GS അഡ്വഞ്ചറിന്റെ പ്രൊഡക്ഷൻ പതിപ്പിന് വെറും 178 കിലോഗ്രാം ഭാരമാണുള്ളത്. GS ശ്രേണിയിലെ ഏറ്റവും ചെറിയ മോഡൽ ആണെങ്കിലും ആശാൻ വേറെ ലെവലായിരിക്കുമെന്നതാണ് സത്യം. ടൂറിംഗിനും ഓഫ്-റോഡിനുമെല്ലാം ഉപയോഗിക്കാൻ കിടിലമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. പുതിയ R 1300 GS-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്വാഡ് എൽഇഡി ഡിആർഎല്ലുകൾ (ഡേടൈം റണ്ണിംഗ് ലാമ്പുകൾ), ഗോൾഡൻ നിറമുള്ള USD ഫോർക്ക് എന്നിവയെല്ലാം അഴക് വർധിപ്പിക്കുന്നുണ്ട്.
420 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാണ് ബേബി ജിഎസിന്റെ ഹൃദയം. 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,750 ആർപിഎമ്മിൽ 48 bhp കരുത്തും 6,750 ആർപിഎമ്മിൽ 43 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായി F 450 GS-ൽ ബിഎംഡബ്ല്യുവിന്റെ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും ലഭ്യമാവും.

വലതുവശത്ത് രണ്ട് കാറ്റലറ്റിക് കൺവെർട്ടറുകളുള്ള ഒരു സ്റ്റെയിൻലെസ് സ്റ്റീൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഇതിലുണ്ട്. ബേസിക്, എക്സ്ക്ലൂസീവ്, സ്പോർട്ട്, ട്രോഫി എന്നിങ്ങനെ നാല് വേരിയന്റുകളിലാവും പുതിയ 420 സിസി അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണനത്തിന് എത്തുക. റൈഡിംഗ് സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡൈനാമിക്സിനുമായി ഈസി റൈഡ് ക്ലച്ച് (ERC) ബൈക്കിൽ സജ്ജീകരിച്ചിരിട്ടുണ്ടെന്നും കമ്പനി പറയുന്നു.
GS ട്രോഫി വേരിയന്റിൽ ഈയൊരു ഫീച്ചർ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. കൂടാതെ മറ്റെല്ലാ വകഭേദങ്ങളിലേക്കും ഇത് അധിക പൈസയ്ക്ക് വാങ്ങിവെക്കാനുമാവുമെന്നാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ F 450 GS അഡ്വഞ്ചറിന്റെ സസ്പെൻഷനായി മുൻവശത്ത് ഒരു KYB അപ്‌സൈഡ്-ഡൗൺ ഫോർക്കും പിന്നിൽ KYB മോണോഷോക്കുമാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.

സ്പ്രിംഗ് പ്രീലോഡിനും റീബൗണ്ടിനും ക്രമീകരിക്കാവുന്നതും ട്രാവലിനെ ആശ്രയിച്ചുള്ള ഡാംപിംഗും ഉണ്ട്. ബ്രേക്കിംഗിലേക്ക് വന്നാൽ മുൻവശത്ത് ഡ്യുവൽ ചാനൽ എബിഎസിന്റെ സപ്പോർട്ടോട് കൂടി മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക്കാണ് ലഭിക്കുക. ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), ഡൈനാമിക് ബ്രേക്ക് ലൈറ്റ് എന്നിവ പോലുള്ള അധിക സുരക്ഷാ സവിശേഷതകളും അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ കൊടുത്തിട്ടുണ്ട്.
അഡ്‌ജസ്റ്റബിൾ ഹാൻഡ് ലിവറുകളും ഹീറ്റഡ് ഗ്രിപ്പുകളും ബിഎംഡബ്ല്യു F 450 GS ബൈക്കിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ കണക്റ്റിവിറ്റി സവിശേഷതകളാൽ നിറഞ്ഞ 6.5 ഇഞ്ച് TFT ഡിസ്‌പ്ലേയും മോഡലിലുണ്ട്. ഒറിജിനൽ ബിഎംഡബ്ല്യു മോട്ടോറാഡ് ആക്‌സസറീസ് ശ്രേണിയുടെ ഭാഗമായി ക്രോസ്-സ്‌പോക്ക് വീലുകൾ, നിരവധി വിൻഡ്‌ഷീൽഡ് ഓപ്ഷനുകൾ, ലഗേജ് സിസ്റ്റങ്ങൾ, ഹാൻഡിൽബാർ റീസറുകൾ, റാലി സീറ്റ്, ലോ സീറ്റ് ഓപ്ഷനുകൾ അലുമിനിയം എഞ്ചിൻ ഗാർഡ് എന്നിവയുൾപ്പെടെ അധിക കസ്റ്റമൈസേഷനും കമ്പനി നൽകുന്നുണ്ട്.


Click it and Unblock the Notifications








