ഇരട്ട സൈലൻസർ, പാരലൽ ട്വൻ എഞ്ചിൻ; പ്രകമ്പനം കൊള്ളിക്കാൻ 650 സിസി ബുള്ളറ്റുമായി എൻഫീൽഡ്
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന മാമാങ്കമാണ് ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA മോട്ടോർസൈക്കിൾ ഷോ. ഹീറോ മോട്ടോകോർപ്, ടിവിഎസ്, റോയൽ എൻഫീൽഡ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം സജീവമായി പങ്കെടുക്കുന്ന പരിപാടിയിൽ നിരവധി പുത്തൻ ബൈക്കുകളും കൺസെപ്റ്റ് പതിപ്പുകളുമെല്ലാം അവതരിപ്പിക്കാറുണ്ട്. ഇത്തവണത്തെ 2025 EICMA ഷോയിൽ നിരവധി പുത്തൻ മോഡലുകളെയാണ് എൻഫീൽഡ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും ആദ്യം ബുള്ളറ്റ് 650 പ്രദർശിപ്പിച്ചുകൊണ്ടാണ് കമ്പനി വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. 650 സിസി നിരയിലെ പുത്തൻ ബുള്ളറ്റിനെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിച്ചോളൂ...
റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ പ്രധാന ശക്തി 350 സിസി നിരയിലെ മോഡലുകളാണെങ്കിലും കൂടുതൽ പ്രീമിയം മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്നവരെ ആകർഷിക്കാനായി തങ്ങളുടെ 650 സിസി നിര വിപുലീകരിച്ച് വരികയാണ് ബ്രാൻഡ്. പാരലൽ ട്വിൻ എഞ്ചിനുമായി എത്തിയ കോണ്ടിനെന്റൽ ജിടിയും ഇന്റർസെപ്റ്ററും ഇന്ത്യയിലും വിദേശത്തും ഒരുപോലെ ഹിറ്റായതോടെയാണ് ഇതിന്റെ സാധ്യതയെക്കുറിച്ച് എൻഫീൽഡ് കാര്യമായി ചിന്തിച്ച് തുടങ്ങിയത്.

അങ്ങനെ കഴിഞ്ഞ വർഷത്തെ മോട്ടോർസൈക്കിൾ മാമാങ്കത്തിൽ കമ്പനി ക്ലാസിക് 650 അവതരിപ്പിക്കുകയുണ്ടായി. ഇത്തവണ എത്തിയിരിക്കുന്നത് ബുള്ളറ്റിന്റെ 650 സിസി പതിപ്പാണ് കേട്ടോ. ഒമ്പത് പതിറ്റാണ്ടിലേറെയായി ബുള്ളറ്റ് വിപണിയിലുണ്ടെങ്കിലും ഇത്രയും വലിയ ശേഷിയുള്ള ഒരെണ്ണം ഇതാദ്യമായാണ് പിറവിയെടുക്കുന്നത്. ഓൾഡ് സ്കൂൾ സ്റ്റൈലിംഗ് പിന്തുടർന്ന് എന്നാൽ മോഡേൺ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ബുള്ളറ്റ് 650 പണിതിറക്കിയിരിക്കുന്നത്.
കാലാതീതമായ സ്വഭാവത്തിൽ ഉറച്ചുനിൽക്കുന്ന പുതിയ ബുള്ളറ്റ് 650 എല്ലാത്തരം ആളുകളേയും ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും. കൈകൊണ്ട് വരച്ച റിയർസ്ട്രൈപ്പുകളുള്ള ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, വിങഡ് ബാഡ്ജ്, ടൈഗർ-ഐ പൈലറ്റ് ലാമ്പുകളുള്ള കാസ്‌ക്വെറ്റ്-മൗണ്ടഡ് എൽഇഡി ഹെഡ്‌ലാമ്പ് എന്നിവല്ലാം ഉൾക്കൊള്ളിച്ചാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 പണികഴിപ്പിച്ചെടുത്തിരിക്കുന്നത്.

ആഗോളതലത്തിൽ ബുള്ളറ്റ് 650 കാനൺ ബ്ലാക്ക്, ബാറ്റിൽഷിപ്പ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാവുക. ആദ്യത്തേത് 2026 മുതൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും വിൽപ്പനയ്‌ക്കെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് ഇതുവരെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈൻ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബുള്ളറ്റ് 650 അടുത്ത വർഷം ബ്രാൻഡിന്റെ 650 സിസി നിരയിൽ ചേരുമെന്നാണ് വിവരം.
ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, സൂപ്പർ മീറ്റിയോർ, ഷോട്ട്ഗൺ, ക്ലാസിക് എന്നിവയ്ക്ക് ശേഷം ഇതേ നിരയിലേക്ക് എത്തുന്ന പുതുമോഡലാണ് ബുള്ളറ്റ് 650. റോയൽ എൻഫീൽഡിന്റെ പരീക്ഷിച്ചു വിജയിച്ച 648 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ ബുള്ളറ്റിന് കരുത്ത് പകരുന്നത്. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിൽ ഉപയോഗിക്കുന്ന അതേ യൂണിറ്റാണിത്.

എങ്കിലും ബൈക്കിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. 6 സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചും മോട്ടോർ ഘടിപ്പിച്ചിരിക്കുന്നതിനാൽ സുഗമമായ പെർഫോമൻസിനൊപ്പം ഹാൻഡിലിംഗും മികച്ചതാവും. പെർഫോമൻസ് കണക്കുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എഞ്ചിന് 7,250 ആർപിഎമ്മിൽ 46.39 bhp പവറും 5,650 ആർപിഎമ്മിൽ 52.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും.
ഷാസിയുടെ കാര്യം വരുമ്പോൾ മോട്ടോർസൈക്കിളിൽ സ്റ്റീൽ ട്യൂബുലാർ സ്പൈൻ ഫ്രെയിം, ഷോവ സസ്പെൻഷൻ എന്നിവ ഉപയോഗിച്ചാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 പണികഴിപ്പിച്ചിരിക്കുന്നത്. ട്യൂബ്-ടൈപ്പ് ടയറുകളുള്ള വയർ-സ്പോക്ക് വീലുകളിലാണ് ടൂവീലർ വിപണിയിലേക്ക് എത്തുന്നത്. ദുൽഖർ സൽമാന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ടിട്ടാണ് യൂത്തൻമാർ പോലും ബുള്ളറ്റിനെ ഇഷ്‌ടപ്പെടാൻ തുടങ്ങിയത്. പുതുമോഡലിന്റെ വരവ് വിൽപ്പനയ്ക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








