സ്‌കൂട്ടറും ബൈക്കും കൂടിയ ഇലക്‌ട്രിക് സൈക്കിൾ, കുറഞ്ഞ വിലയിൽ 75 കിലോമീറ്റർ റേഞ്ചുള്ള വണ്ടിയുമായി ധോണിക്കമ്പനി
ഇലക്‌ട്രിക് സ്‌കൂട്ടറുകളെ (Electric Scooter) പോലെ തന്നെ ഇന്ത്യയിൽ ഏറെ പ്രചാരം നേടിയവരാണ് ഇലക്ട്രിക് സൈക്കിളുകൾ (Electric Cycles). കൊവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യ സംരക്ഷണത്തിനായി പലരും സൈക്കിൾ ചവിട്ട് തുടങ്ങി. എന്നാൽ കൂടുതൽ ദൂരം യാത്ര ചെയ്യുന്നവർക്ക് സഹായകരമാവാൻ ഇവയ്ക്ക് വൈദ്യുത കരുത്തും നൽകുകയുണ്ടായി. ചവിട്ടി മടുക്കുമ്പോൾ തനിയെ ഓടാനായി ചെറിയ ബാറ്ററി പായ്ക്കും സൈക്കിളുകളിൽ ഒരുക്കുകയുണ്ടായി. വീടിനടുത്തുള്ള കടയിൽ പോവാനാണെങ്കിലും സൈക്കിളിംഗിനായാലും കൂട്ടുകാരുമൊത്ത് കമ്പനിയടിക്കാൻ പോവാനുമെല്ലാം ഇത്തരം സൈക്കിളുകൾ എത്രമാത്രം അനുയോജ്യമാണെന്ന് പലരും മനസിലാക്കി കഴിഞ്ഞു.
ആരോഗ്യ സംരക്ഷണത്തിനൊപ്പം ഇന്ധന ചെലവിൽ നിന്നും മുക്തിനേടാനും ഇത് സഹായിക്കുന്നു. ഡിമാന്റ് കൂടുന്നതിന് അനുസരിച്ച് വൈവിധ്യമാർത്ത പുത്തൻ സൈക്കിളുകളും വിപണിയിൽ എത്തുന്നത് ഇടയ്ക്കിടയ്ക്ക് കാണാനാവും. അക്കൂട്ടത്തിലെ സജീവ ബ്രാൻഡാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകനായ എംഎസ് ധോണിയുടെ ഇമോട്ടോറാഡ്. വെറൈറ്റി ഇവികൾ പുറത്തിറക്കിയാണ് കമ്പനി പേരെടുത്തത്.

അത്തരത്തിലൊരു പുതിയ മോഡലാണ് കമ്പനി വീണ്ടും വിപണിയിൽ കൊണ്ടുവന്നിരിക്കുന്നത്. സൈക്കിളിനും ബൈക്കിനും ഇടയിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന തരത്തിലുള്ള ആദ്യത്തെ മോട്ടോ-സ്റ്റൈൽ ഇ-സൈക്കിൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇലക്ട്രിക് സൈക്കിൾ നിർമാതാക്കളായ ഇമോട്ടോറാഡ്. 55,999 രൂപ കൊടുത്താൽ കക്ഷിയെ വീട്ടിലെത്തിക്കാനാവുമെന്നാണ് പത്രക്കുറിപ്പിലൂടെ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
റേഞ്ചർ എന്നുപേരിട്ടിരിക്കുന്ന മോട്ടോ-സ്റ്റൈൽ ഇലക്ട്രിക് സൈക്കിൾ ഇമോട്ടോറാഡിന്റെ ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെ വാങ്ങാനാവും. ഇനി ഷോറൂമിൽ പോവാൻ മടിയുള്ളവർക്കായി വാഹനം ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. ആദ്യ നോട്ടത്തിൽ തന്നെ ആരേയും അതിശയിപ്പിക്കുന്ന വിധത്തിലാണ് ഇവി പണിതിറക്കിയിരിക്കുന്നത്. അതായത് നിരത്തുകളിൽ റേഞ്ചർ കൗതുകമുണർത്തുമെന്ന് സാരം.

മോട്ടോർബൈക്കിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നതെങ്കിലും ഇലക്ട്രിക് സൈക്കിളിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന റേഞ്ചർ ഉപയോഗിക്കാൻ ഡ്രൈവിംഗ് ലൈസൻസുകളുടെയോ രജിസ്ട്രേഷന്റെയോ ആവശ്യമില്ല. കൂട്ടത്തിൽ ഇന്ധനച്ചെലവിന്റെ ഭാരമില്ലന്നതും ആവേശം സൃഷ്ടിക്കും. കരുത്തുറ്റ ഹൈ-ടെൻസൈൽ സ്റ്റീൽ ഫ്രെയിമിലാണ് പണിതിറക്കിയിരിക്കുന്നത് എന്നതിനാൽ ക്വാളിറ്റി ആശങ്കകളും വേണ്ട.
വലിയ 20 ഇഞ്ച് ടയറുകൾ, ത്രോട്ടിൽ-പ്രാപ്‌തമാക്കിയ പെർഫോമൻസ്, 120 mm ട്രാവലുള്ള ഡബിൾ-ക്രൗൺ സസ്‌പെൻഷൻ എന്നീ സംഗതികളും കൂടിയാവുമ്പോൾ ഇമോട്ടോറാഡ് റേഞ്ചർ അടിപൊളിയാവുന്നു. ചെറിയ യാത്രകൾക്ക് പുറമെ ഓഫ്-റോഡ് പാതകളെയും നേരിടാനാണ് ഇവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. റേഞ്ചറിന് കരുത്ത് പകരുന്നത് 48V 12.75Ah റിമൂവബിൾ ബാറ്ററി പായ്ക്കാണ്.

ഇത് പെഡൽ അസിസ്റ്റിൽ 75 കിലോമീറ്റർ വരെയും ത്രോട്ടിലിൽ 60 കിലോമീറ്റർ വരെയും സഞ്ചരിക്കാൻ സഹായിക്കുന്നു. സുപ്രധാന റൈഡ് മെട്രിക്കുകൾക്കായി ക്ലസ്റ്റർ C6+ ഡിസ്‌പ്ലേ, വൈവിധ്യമാർന്ന ഷിഫ്റ്റിംഗിനായി ഷിമാനോ 7-സ്പീഡ് ഗിയറുകൾ തുടങ്ങിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. 110 കിലോഗ്രാം വരെ ഭാരം വരെ വഹിക്കാനാണ് ഇതിന് കഴിയുക. 5.4 അടിയും അതിൽ കൂടുതലുമുള്ള ആർക്കും ഇ-സൈക്കിൾ അനുയോജ്യമാണ്.
കൂടാതെ ഫ്രെയിമിൽ 5 വർഷത്തെ വാറണ്ടിയും ഇമോട്ടോറാഡ് നൽകുന്നുണ്ട്. ഇന്ധനം മാത്രം ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഒരു സ്റ്റൈലിഷ്, സ്മാർട്ട്, സുസ്ഥിരമായ ബദലായി ഇമോട്ടോറാഡ് ഇതിനെ വിഭാവനം ചെയ്യുന്നതിനാൽ വാങ്ങാൻ ആവശ്യക്കാർ ഏറെയുണ്ടാവുമെന്നാണ് വിലയിരുത്തൽ. ഒപ്പം ലൈസൻസ് ആവശ്യമില്ലാത്ത ഇരുചക്ര വാഹനങ്ങൾ വാങ്ങാനിരിക്കുന്നവരേയും ആകർഷിക്കാൻ റേഞ്ചറിനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








