പോക്കറ്റിൽ ഒതുങ്ങുന്ന വില, 5 വർഷം വാറണ്ടി! സിംഗിൾ ചാർജിൽ 110 കി.മീ. റേഞ്ച് തരുന്ന ഇന്ത്യൻ ഇലക്‌ട്രിക് സ്കൂട്ടർ
ഇലക്‌ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന കുതിച്ചുയരുമ്പോൾ പുതുപുത്തൻ മോഡലുകളുമായി കമ്പനികളെല്ലാം കൂട്ടത്തോടെ എത്തുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ഓലയും ഏഥറും ഹീറോയും ബജാജും ടിവിഎസുമെല്ലാം സെഗ്മെന്റ് അടക്കി ഭരിക്കുമ്പോൾ രാജ്യത്തെ മറ്റ് ചെറുകിട സ്റ്റാർട്ടപ്പ് ബ്രാൻഡുകളും സൈഡിൽ അരങ്ങ് തകർക്കുന്നുണ്ട്. അക്കൂട്ടത്തിലെ പ്രധാനിയാണ് ഗോദാവരി ഇലക്ട്രിക് മോട്ടോർസ് (Godawari Electric Motors). ചെറിയ വിലയ്ക്ക് തട്ടുപൊളിപ്പൻ വൈദ്യുത സ്‌കൂട്ടറുകൾ പുറത്തിറക്കുന്ന കമ്പനിയുടെ പേര് ഇതിനോടകം പലരും കേട്ടിട്ടുണ്ടാവും അല്ലേ. ഇബ്ലു ഫിയോ എന്ന മോഡലിലൂടെയാണ് ഗോദാവരിയെ ഏവർക്കും സുപരിചിതമായത്.
താങ്ങാനാവുന്ന വിലയും ആവശ്യത്തിനുള്ള റേഞ്ചുമായി എത്തിയ മോഡൽ ശരിക്കും നല്ലൊരു ഫാമിലി സ്‌കൂട്ടറാണെന്ന് വേണം പറയാൻ. 2024 ഓഗസ്റ്റിൽ പുറത്തിറക്കിയ ഇവി ഇതുവരെ മോശമില്ലാത്ത രീതിയിൽ കച്ചോടം പിടിച്ച് മുമ്പോട്ട് പോവുന്നുണ്ട്. എബ്ലു ഫിയോ X എന്ന പുതിയ ഇവിക്ക് 99,999 രൂപയാണ് വിപണിയിലെ എക്‌സ്ഷോറൂം വില വരുന്നത്. പുതിയ കാലത്തിനൊത്ത മാറ്റങ്ങൾ ഈ 2025 വർഷത്തിലും ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്നുണ്ട്.

നിരവധി സുരക്ഷാ സവിശേഷതകളും മാന്യമായ പെർഫോമൻസും കോർത്തിണക്കിയ പുത്തൻ ഇ-സ്‌കൂട്ടർ തിരയുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചാണ് ഗോദാവരി ഇബ്ലു ഫിയോ X ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ബ്രാൻഡിന്റെ ഉൽപ്പാദന കേന്ദ്രത്തിലാണ് വൈദ്യുത സ്കൂട്ടർ പ്രാദേശികമായി നിർമിക്കുന്നത്. 'ഇന്ത്യയിലെ ആദ്യത്തെ ഫാമിലി ഇലക്ട്രിക് സ്കൂട്ടർ എന്ന് വിശേഷിപ്പിക്കുന്ന ഇവിക്ക് 28 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജാണുള്ളത്.
പാന്റോൺ ബ്ലൂ, വൈൻ റെഡ്, ജെറ്റ് ബ്ലാക്ക്, ടെലിഗ്രേ, ട്രാഫിക് വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ ഗോദാവരി ഇബ്ലു ഫിയോ X ലഭ്യമാണ്. ഇക്കോ, നോർമൽ, പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും കമ്പനി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം കൂടുതൽ സൗകര്യത്തിനായി റിവേഴ്‌സ് മോഡും ഇവിക്ക് സമ്മാനിച്ചിട്ടുണ്ടെന്നതാണ് രസകരമായ മറ്റൊരു സംഗതി. ഫീച്ചറുകളുടെ കാര്യത്തിലായാലും ആള് കേമനാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോൾ അലേർട്ട്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയുള്ള 7.4 ഇഞ്ച് സ്മാർട്ട് മൾട്ടി-കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, പൂർണ എൽഇഡി ലൈറ്റിംഗ്, ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, ഡിസ്‌ക് ബ്രേക്കുകൾ, ടൈപ്പ് സി യുഎസ്ബി ചാർജിംഗ് സ്ലോട്ട്, കോമ്പി ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്), 12 ഇഞ്ച് ട്യൂബ്‌ലെസ് അലോയ് വീലുകൾ എന്നീ സവിശേഷതകളോടെയാണ് ഇബ്ലു ഫിയോ X വിപണിയിൽ എത്തുന്നത്.
വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഗോദാവരി ഇബ്ലു ഫിയോ X ഇലക്ട്രിക് സ്കൂട്ടറിന് 1850 മില്ലീമീറ്റർ നീളവും 1140 മില്ലീമീറ്റർ ഉയരവുമുണ്ട്. വീൽബേസ് 1345 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലീമീറ്ററും ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നതും. യാത്രയ്ക്കിടെ ബാറ്ററി റീചാർജ് ചെയ്യാൻ സഹായിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഈ സാധാരണ ഇവിയിലുണ്ടെന്നത് പലർക്കും അത്രവേഗം അറിയാൻ സാധ്യതയില്ല.

2.36 kWh ബാറ്ററി പായ്ക്കുമായാണ് ഗോദാവരിയുടെ ഫാമിലി ഇലക്ട്രിക് സ്കൂട്ടർ വിപണനത്തിന് എത്തുന്നത്. പൂർണമായി ചാർജ് ചെയ്താൽ 110 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഇബ്ലു ഫിയോയ്ക്ക് കഴിയും. പെർഫോമൻസിന്ഖെ കാര്യത്തിൽ 110 Nm ടോർക്കും മണിക്കൂറിൽ പരമാവധി 60 കിലോമീറ്റർ വേഗതയും നൽകാനും ഇവിക്കാനും. 60V ഹോം ചാർജർ വഴി ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ 25 മിനിറ്റ് എടുക്കും.
ഫിയോ X ഇവി 5 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയോടെയാണ് കമ്പനി വിൽക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് വെറും 50 പൈസയിൽ താഴെയാണെന്ന് ഗോദാവരി ഇലക്ട്രിക് മോട്ടോർസ് അവകാശപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ഇതുവരെ ഇ-സ്കൂട്ടറിന് 1000-ത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും വരും ദിവസങ്ങളിൽ വാഹനം കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന് തന്നെ വിശ്വസിക്കാം.


Click it and Unblock the Notifications








