എൻഫീൽഡിനെ തളയ്ക്കാൻ ഹാർലിയുടെ പുത്തൻ 440 സിസി ബൈക്ക് വരുന്നു, അവതരണത്തിന് ദിവസങ്ങൾ മാത്രം
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിലെ റോയൽ എൻഫീൽഡിൻ്റെ ആധിപത്യം തകർക്കാനെത്തിയ ബിഗ് ബൈക്ക് ബ്രാൻഡായിരുന്നു ഹാർലി ഡേവിഡ്‌സൺ (Harley Davidson). ഹീറോ മോട്ടോകോർപ്പിൻ്റെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച X440 എന്ന മിടുക്കന് പക്ഷേ കാര്യമായ രീതിയിൽ തിളങ്ങാനായില്ലെന്ന് പറയുന്നതാവും ശരി. എന്നെങ്കിലും ഒരു ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി ചെത്തിനടക്കണമെന്ന് ആഗ്രഹിച്ചർക്ക് സ്വപ്‌ന സാഭല്യമായിരുന്നുവെങ്കിലും മറ്റുള്ളവരെ മൊത്തത്തിൽ ചാക്കിലാക്കാൻ കഴിയുന്ന സംഭവങ്ങളൊന്നും ഇതിലുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ആഭ്യന്തര വിപണിയിൽ പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹാർലി ഡേവിഡ്‌സൺ.
അടുത്ത ആഴ്ച്ച ഗോവയിൽ നടക്കാനിരിക്കുന്ന 2025 ഇന്ത്യ ബൈക്ക് വീക്കിൽ ഹാർലിയുടെ പുത്തൻ മോഡൽ അവതരിപ്പിക്കും. പക്ഷേ അമിത പ്രതീക്ഷകളൊന്നും വേണ്ട കേട്ടോ... 2023-ൽ പുറത്തിറങ്ങിയ XX40 റോഡ്സ്റ്ററിൻ്റെ പുത്തനൊരു വേരിയൻ്റായിരിക്കും വരാനിരിക്കുന്നത്. X440 T എന്നുപേരിട്ടിരിക്കുന്ന ബൈക്കിൻ്റെ ചിത്രങ്ങളും അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസൈനിൽ ചെറിയ ചില നവീകരണങ്ങളോടെയാവും ഇതെത്തുക.

എന്നാൽ കൂടുതൽ സ്‌പോർട്ടിയർ, റോഡ്‌സ്റ്റർ ഡിസൈനായിരിക്കും ഹാർലി ഡേവിഡ്‌സൺ X440 T വഹിക്കുക. പുതിയ ആംഗുലർ ഡിസൈൻ ഉപയോഗിച്ച് ടെയിൽ സെക്ഷൻ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. പക്ഷേ ഇത് എല്ലാവർക്കും ഇഷ്ടമാവുന്നൊരു കാര്യമായിരിക്കില്ല. എന്നിരുന്നാലും റിയർ ഫെൻഡറിനും വീലിനും ഇടയിലുള്ള വിചിത്രമായ വിടവ് ഇല്ലാതാക്കാൻ സഹായിച്ചിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റിൻ്റെ ഡിസൈനിലും മാറ്റമുണ്ട് കേട്ടോ.
പുതിയ ബാർ-എൻഡ് മിററുകളും പുതിയ കളർ ഓപ്ഷനുകളും ഉപയോഗിച്ച് X440 T കൂടുതൽ സ്പോർട്ടിയറാക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മോട്ടോർസൈക്കിളിന് റൈഡ്-ബൈ-വയർ ത്രോട്ടിൽ സിസ്റ്റം അമേരിക്കൻ ബ്രാൻഡ് ചേർത്തേക്കുമെന്നാണ് വിവരം. ഒപ്പം ഇന്ത്യ ബൈക്ക് വീക്കിൽ അരങ്ങേറ്റം കുറിക്കാൻ പോവുന്ന മോഡലിൽ റൈഡിംഗ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, സ്വിച്ചബിൾ എബിഎസ് എന്നിവയും കമ്പനി സമ്മാനിച്ചേക്കും.

ഡെനിം, വിവിഡ്, S, എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയൻ്റുകളിലാണ് ഹാർലി X440 റോഡ്സ്റ്റർ ഇപ്പോൾ വിപണിയിലെത്തുന്നത്. ഡെനിം വേരിയൻ്റിന് 2.39 ലക്ഷം രൂപയും വിവിഡിന് 2.59 ലക്ഷം രൂപയും ടോപ്പ് എൻഡ് S ട്രിമ്മിന് 2.79 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് അമേരിക്കൻ മിൽവാക്കി മോട്ടോർസൈക്കിൾ നിർമാണ കമ്പനിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് X440 എന്ന് സാരം.
പുതിയ X440 T കൂടുതൽ ചെലവേറിയതാവാനാണ് സാധ്യത. ടൂ-വാൽവ്, 440 സിസി, എയർ-ഓയിൽ കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27.6 bhp പവറിൽ പരമാവധി 38 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും. ഇതേ പവർ കണക്കുകളും എഞ്ചിനുമായിരിക്കും പുത്തൻ മോഡലിലും ഉണ്ടാവുക.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷനായി മുൻവശത്ത് KYB-യിൽ നിന്നുള്ള 43 mm ഡ്യുവൽ കാട്രിഡ്ജ് അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെൻ്റുള്ള ഗ്യാസ് ചാർജ്ഡ് ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമായിരിക്കും പുതിയ പതിപ്പിലും ഉപയോഗിക്കുകയെന്നാണ് അനുമാനം. ബ്രേക്കിംഗ് സിസ്റ്റത്തിൽ മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് കമ്പനി നൽകുന്നത്.
18 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലുമായി മോട്ടോർസൈക്കിൾ അലോയ് അല്ലെങ്കിൽ സ്‌പോക്ക് വീലുകളിൽ ലഭ്യമാണ്. ടയർ സൈസിലേക്ക് വന്നാൽ മുൻവശത്ത് 100/90 സെക്ഷനും പിന്നിൽ 140/70 സെക്ഷനുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, ഫ്ലാഗ്ഷിപ്പ് വേരിയൻ്റിലെ TFT സ്‌ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയായിരിക്കും എൻഫീൽഡ് ക്ലാസിക് 350-യുടെ പ്രധാന എതിരാളിയിലുണ്ടാവുന്ന മറ്റ് ഫീച്ചറുകൾ.


Click it and Unblock the Notifications








