പുതിയ ഹീറോ ബൈക്കിന്റെ ഡെലിവറി തുടങ്ങി കമ്പനി, സെന്റനിയൽ ആകെ വാങ്ങാനാവുക 100 പേർക്ക് മാത്രം
90 കിഡ്‌സിന്റെ ഡ്രീം ബൈക്കുകളിൽ ഒന്നായിരുന്നു ഹീറോ കരിസ്‌മ. രാജ്യത്തെ ആദ്യത്തെ സ്പോർട്‌സ് മോട്ടോർസൈക്കിളായി അരങ്ങുവാണ കക്ഷി ഇടയ്ക്ക് കളംവിട്ടുവെങ്കിലും അടുത്തകാലത്ത് വിപണിയിലേക്ക് 210 സിസി എഞ്ചിനുമായി തിരിച്ചുവരവ് നടത്തുകയും ചെയ്‌തിരുന്നു. ഒട്ടേറെ പ്രത്യേകതകളുമായി എത്തിയ വാഹനത്തിന് ബ്രാൻഡിന്റെ ആദ്യത്തെ ലിക്വിഡ് കൂൾഡ് എഞ്ചിനും കിട്ടി. കരിസ്‌മ XMR ക്ലച്ചുപിടിച്ചില്ലെന്നാണ് പലരും പറയുന്നതെങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. പുതിയ കരിസ്മയെ അടിസ്ഥാനമാക്കി ഹീറോ ഇടയ്ക്കൊരു സെന്റനിയൽ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരുന്നു.
വെറും പരിമിതമായ യൂണിറ്റുകളിൽ മാത്രം നിർമിക്കുന്ന ബൈക്കിനെ ലേലത്തിലൂടെയാണ് ഹീറോ മോട്ടോകോർപ് വിറ്റഴിച്ചത്. കമ്പനിയുടെ ജീവനക്കാർ, അസോസിയേറ്റുകൾ, ബിസിനസ് പങ്കാളികൾ, മറ്റ് പാർട്ണർമാർ എന്നിവർക്ക് മാത്രമായാണ് ലേലത്തിലൂടെ സെന്റനിയൽ വിറ്റത്. സെന്റനിയലിന്റെ CE100 പതിപ്പിന് 20.30 ലക്ഷം ആയിരുന്നു ഏറ്റവും ഉയർന്ന ലേലത്തുക ലഭിച്ചത്. ശേഷിക്കുന്ന 25 യൂണിറ്റുകൾ വിവിധ മത്സരങ്ങളിലൂടെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നൽകാനായിരുന്നു ഹീറോയുടെ തീരുമാനം.

ഇതിൽ മോട്ടോർസൈക്കിളിന്റെ 75 യൂണിറ്റുകൾ ലേലം ചെയ്‌ത് നേടിയ 8.6 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബ്രാൻഡ് മാറ്റിവെക്കുകയും ചെയ്‌തിരുന്നു. ഡോ ബ്രിജ്മോഹൻ ലാൽ മുഞ്ജാലിന്റെ 101-ാം ജന്മവാർഷികം ആഘോഷിക്കുന്നതിനായാണ് സെന്റനിയലിന്റെ 100 യൂണിറ്റുകൾ നിർമിച്ചത്. ഇപ്പോഴിതാ ഇന്ത്യയിൽ സെന്റനിയലിന്റെ ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. ബെംഗളൂരുവിലുള്ള ഹീറോ പ്രീമിയ ഷോറൂമിൽ ആദ്യ മോഡലിന്റെ ഡെലിവറി നടക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
സ്പെഷ്യൽ എഡിഷൻ ആണെങ്കിലും കരിസ്‌മ CE001 പുതിയ XMR 210 മോട്ടോർസൈക്കിളിൻ്റെ അതേ പ്ലാറ്റ്ഫോമിലാണ് കമ്പനി നിർമിച്ചിരിക്കുന്നതും. ലിമിറ്റഡ് എഡിഷൻ മോഡലിനെ സവിശേഷമാക്കുന്നതിനായി CE001 പതിപ്പിന് കാർബൺ ഫൈബർ ബോഡി വർക്ക്, അക്രപോവിക് എക്‌സ്‌ഹോസ്റ്റ് ഉൾപ്പെടെയുള്ള പെർഫോമൻസ് നവീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാന ഹൈലൈറ്റ്.
അക്രപോവിക് എക്‌സ്‌ഹോസ്റ്റ്, കാർബൺ ഫൈബർ കൊണ്ട് നിർമിച്ച ബോഡി പാനലുകൾ എന്നിവയ്ക്ക് പുറമെ മിൽഡ് അലുമിനിയം കൊണ്ട് പണിത സ്വിംഗാർം, ഹൈഡ്രോഫോംഡ് ട്യൂബ് ഹാൻഡിൽബാർ എന്നിവയുൾപ്പെടെ കാര്യങ്ങളും മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്. ഒപ്പം പുതിയ സസ്‌പെൻഷൻ ഹാർഡ്‌വെയർ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ഹീറോയുടെ വാദം. മുൻവശത്ത് കംപ്രഷനും റീബൗണ്ടിനുമായി പൂർണമായും ക്രമീകരിക്കാവുന്ന 43 mm അപ്‌സൈഡ്-ഡൌൺ ഫോർക്കുകളാണ് സമ്മാനിച്ചിരിക്കുന്നത്.
പിന്നിൽ വിൽബേഴ്‌സിൽ നിന്നുള്ള മോണോഷോക്കാണ് ഹീറോ സെന്റനിയലിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതും പൂർണമായും ക്രമീകരിക്കാനാവുന്നതാണെന്ന് കമ്പനി പറയുന്നു. മോട്ടോർസൈക്കിളിന് ലഭിക്കുന്ന മറ്റ് ചില സവിശേഷതകൾ കാർബൺ ഫൈബർ സീറ്റ് കൗളും സൈഡ് കവറുകളിൽ മിൽഡ് അലുമിനിയം സ്‌പെഷ്യൽ എഡിഷൻ നമ്പർ ബാഡ്ജിംഗുമാണ്. ഡയമണ്ട്-കട്ട് അലോയ് വീലുകളും സെന്റിനിയലിന് മിഴിവേകുന്നുണ്ട്.

ബൈക്കിനായി ഹാൻഡിൽബാർ മൗണ്ടുകൾ, ട്രിപ്പിൾ ക്ലാമ്പുകൾ, റിയർ-സെറ്റ് ഫൂട്ട് പെഗുകൾ എന്നിവയും ബ്രാൻഡ് പ്രത്യേകമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ മാറ്റങ്ങളെല്ലാം ഹീറോ മോട്ടോകോർപ്പിനെ കരിസ്‌മ XMR 210 മോഡലിനേക്കാൾ ലൈറ്റ്‌വെയ്റ്റാക്കാനും സഹായകരമായിട്ടുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ 5 കിലോഗ്രാം ഭാരം കുറവാണെന്നാണ് ഹീറോ പറയുന്നത്. അങ്ങനെ മൊത്തത്തിൽ 163.5 കിലോഗ്രാം ഭാരമാണ് സെന്റനിയലിനുള്ളത്.
എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ ഹീറോ കരിസ്‌മ XMR ബൈക്കിലെ അതേ 210 സിസി, സിംഗിൾ-സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് സെന്റനിയലും ഉപയോഗിച്ചിരിക്കുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 25.15 bhp പവറിൽ പരമാവധി 20.4 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. എഞ്ചിനിൽ എന്തെങ്കിലും റീട്യൂണിംഗ് നടത്തിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.


Click it and Unblock the Notifications








