76,570 രൂപ മാത്രം വിലയുള്ള ഹീറോ ഫാമിലി സ്‌കൂട്ടറിന് കച്ചോടം കൂടി, പോയമാസം വാങ്ങിയത് 27,036 പേർ
ഫാമിലി സ്‌കൂട്ടറുകൾക്ക് ഏറെ ഡിമാൻ്റുള്ള നാടാണ് ഇന്ത്യ. എന്നിട്ടും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന് ഗിയർലെസ് സ്‌കൂട്ടർ സെഗ്മെൻ്റിൽ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഹോണ്ടയും സുസുക്കിയും യമഹയും ടിവിഎസുമെല്ലാം പണംവാരിയപ്പോൾ നോക്കിനിൽക്കാൻ മാത്രമാണ് കമ്പനിക്ക് കഴിഞ്ഞത്. സൂം 110, സൂം 125, സൂം 160 തുടങ്ങിയ ന്യൂജെൻ മോഡലുകളെ ഇന്ത്യക്കാർക്ക് സമ്മാനിച്ചുവെങ്കിലും കാര്യമായ രീതിയിൽ വിറ്റഴിക്കാൻ ബ്രാൻഡിനായില്ല. എന്നാൽ അടുത്തിടെ ഡെസ്റ്റിനിയുടെ പുതിയ 125 സിസി പതിപ്പ് എത്തിയതോടെ ഹീറോയുടെ ഷോറൂമിലെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.
ഫാമിലി സ്‌കൂട്ടറായി സ്ഥാപിച്ചിരിക്കുന്ന ഡെസ്റ്റിനി 125 നവംബറിൽ 27,036 യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയത്. പഴയ പടക്കുതിരയെ പുതിയ ലുക്കിൽ അവതരിപ്പിച്ചതോടെയാണ് വാങ്ങാൻ എത്തുന്നവരുടെ എണ്ണം കൂടിയിരിക്കുന്നത്. 2024 നവംബറിൽ 8,875 യൂണിറ്റുകൾ നിരത്തിലെത്തിച്ചിടത്തുനിന്നാണ് ഇരട്ടിയിലധികം വിൽപ്പന ഡെസ്റ്റിനി വാരിക്കൂട്ടിയിരിക്കുന്നത്. ഇത് വാർഷിക വിൽപ്പന വളർച്ചയിൽ 204.63 ശതമാനത്തിൻ്റെ വർധനവും നേടാൻ സഹായകരമായി.

ഇതോടെ പോയമാസം ഹീറോ മോട്ടോകോർപ്പിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഇരുചക്ര വാഹനമായി മാറാനും ഡെസ്റ്റിനിക്ക് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. സ്പ്ലെൻഡർ, HF ഡീലക്‌സ് എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്. മൂന്ന് വ്യത്യസ്‌ത വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് 76,570 രൂപ മുതൽ 85,651 രൂപ വരെയാണ് എക്സ്ഷോറും വില വരുന്നത്.
പഴയ ഹീറോ ഡെസ്റ്റിനിയെ അപേക്ഷിച്ച് പുതിയ 125 സസി മോഡലിൻ്റെ ഡിസൈൻ പൂർണമായും പുതുക്കി പണിത് റെട്രോ ശൈലി പിടിച്ചതാണ് ആളുകളെ ചാക്കിലാക്കാൻ സഹായിച്ചിരിക്കുന്നത്. അതോടൊപ്പം കാലത്തിനൊത്ത ഫീച്ചറുകൾ ചേർത്തതും പ്രായോഗികത വർധിപ്പിച്ചതും ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ടെന്ന് പറയാം. നീളമുള്ള സീറ്റ്, മെച്ചപ്പെടുത്തിയ ലെഗ്‌റൂം, വിശാലമായ ഫ്ലോർബോർഡ് എന്നിവ ഡെസ്റ്റിനിയെ കിടിലൻ ഫാമിലി സ്‌കൂട്ടറാക്കി മാറ്റുന്നു.

കോപ്പര്‍ ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിള്ള ബോഡിയും ഏപ്രോണും കാഴ്ച്ചയിൽ തന്നെ കുളിർമ നൽകുന്നുണ്ട്. മിററുകള്‍, സൈഡ് പാനലുകള്‍, ടെയില്‍ സെക്ഷന്‍ എന്നിവയിലും കോപ്പർ ഇന്‍സെര്‍ട്ടുകൾ കാണാനാകും. ഇലുമിനേറ്റഡ് സ്റ്റാർട്ട് സ്വിച്ച്, ഓട്ടോ-കാൻസൽ ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെ നിരവധി സെഗ്‌മെൻ്റ്-ഫസ്റ്റ് ഫീച്ചറുകളും സ്കൂട്ടറിന് സമ്മാനിച്ചതോടെ കൊടുക്കുന്ന പൈസ വസൂലാവുകയും ചെയ്യും.
ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകളും ഹീറോ മോട്ടോകോർപ്പിൻ്റെ ഫാമിലി സ്‌കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്. 12 ഇഞ്ച് അലോയ് വീലുകളിൽ വരുന്നതിനാൽ ഡിസൈൻ കൂടുതൽ സ്റ്റൈലിഷാവുന്നുമുണ്ട്. ഗുണനിലവാരത്തിലും ഫിറ്റ്-ഫിനിഷിലും വരെ ഹീറോ ഡെസ്റ്റിനി മെച്ചപ്പെട്ടിട്ടുണ്ടെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്. 124 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹീറോ ഡെസ്റ്റിനിയുടെ ഹൃദയം.

സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,000 ആർപിഎമ്മിൽ 9 bhp പവറും 5,500 ആർപിഎമ്മിൽ 10.4 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. മെച്ചപ്പെട്ട റിഫൈൻമെൻ്റിനും കുറഞ്ഞ NVH ലെവലിനുമായി നിരവധി മാറ്റങ്ങൾ ന്യൂജെൻ മോഡലിൻ്റെ പുതിയ എഞ്ചിനിൽ വരുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. പേറ്റൻ്റ് നേടിയ ഹീറോയുടെ i3S സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും സ്‌കൂട്ടറിനൊപ്പം ലഭ്യമാണ്.
അങ്ങനെ ലിറ്ററിന് 59 കിലോമീറ്റർ വരെ മൈലേജ് നൽകാനും ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറിനാവും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ നിരവധി സെഗ്‌മെൻ്റ്-ഫസ്റ്റ് ഫീച്ചറുകളാണ് ഇതിൽ കമ്പനി അവതരിപ്പിക്കുന്നത്. സസ്പെൻഷനായി സ്കൂട്ടറിന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ ഹീറോ ഡെസ്റ്റിനി 125 ബേസ് VX മോഡലിൽ ഫ്രണ്ട്, റിയർ ഡ്രം യൂണിറ്റുകളാണ് കമ്പനി കൊടുത്തിട്ടുള്ളത്.


Click it and Unblock the Notifications








