ബൈക്കുകളിലെ ഹൃത്വിക് റോഷനെന്നാ വിളിപ്പേര്, കഴിഞ്ഞ 3 മാസമായി ആരും വാങ്ങിയിട്ടില്ല ഈ ഹീറോ ബൈക്ക്
ഒരുകാലത്ത് സ്പോർട്‌സ് ബൈക്കുകളുടെ അവസാന വാക്കായി യൂത്തൻമാർ പറയുന്ന പേരായിരുന്നു ഹീറോ കരിസ്‌മ (Hero Karizma). 2003-ലാണ് പിറവിയെടുത്തതെങ്കിലും 2007-ൽ സ്റ്റൈലൻ മാറ്റത്തോടെ R വേരിയന്റിൽ എത്തിയതോടെയാണ് മോട്ടോർസൈക്കിളിനെ ഏവരും ശ്രദ്ധിച്ചുതുടങ്ങിയത് (Karizma R). പിന്നീട് പൾസറുകളുടെ വില്ലനായി പലരും ചൂണ്ടിക്കാണിച്ചതും കരിസ്‌മയെ ആയിരുന്നു. ഇതിഹാസ പട്ടം നേടിയെടുത്ത് യുവാക്കളുടെ ഡ്രീം ബൈക്കായി നിരത്തുകളിൽ ഹീറോയുടെ മോട്ടോർസൈക്കിൾ ഓടിത്തിമിർത്ത കാലം 90 കിഡ്‍സിന് അങ്ങനെയൊന്നും വിസ്‌മരിക്കാനാവില്ല. പിന്നീട് നിർത്തലാക്കിയെങ്കിലും കരിസ്‌മ കാണുമ്പോൾ ആളുകളിൽ ഒരു മിസ്സിംഗ് ഫീലും ഉണ്ടായി.
ആധുനിക കാലത്തിനൊത്ത സ്പോർട്ടിയർ ബൈക്കുകൾ ഏറെ വന്നെങ്കിലും ഫുള്ളി-ഫെയർഡ് വിഭാഗത്തിൽ കരിസ്‌മയുടെ സ്ഥാനം എപ്പോഴും ഒഴിഞ്ഞുകിടക്കുകയുണ്ടായി. അങ്ങനെ കരിസ്‌മ XMR 210 രൂപത്തിൽ പുനർജന്മമെടുത്ത് ഇന്ത്യയിലേക്ക് എത്തുകയുണ്ടായി. ബൈക്കുകളിലെ ഹൃത്വിക് റോഷൻ എന്നുവരെ പലരും വിളിച്ച ബൈക്കിന് തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു.

2023 ഓഗസ്റ്റ് 29-ന് വിപണിയിൽ അവതരിപ്പിച്ച മോട്ടോർസൈക്കിളിന് 1.73 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നതും. താങ്ങാനാവുന്ന വിലയ്ക്ക് കിടിലൻ ബൈക്കുകൾ നൽകുകയെന്ന ഹീറോ മോട്ടോകോർപ്പിന്റെ വാശി ഇവിടെയും പ്രതിഫലിച്ചു. തുടക്കത്തിൽ നല്ല രീതിയിൽ വിറ്റഴിച്ചുകൊണ്ടിരുന്ന മോട്ടോർസൈക്കിളിന് 2025 മാർച്ച് അവസാനത്തോടെ വിൽപ്പനയിൽ ഇടിവുണ്ടാവാൻ തുടങ്ങി.
കരിസ്മ XMR 250 പതിപ്പിന്റെ ലോഞ്ചിന് മുന്നോടിയായി ഈ മോഡൽ നിർത്തലാക്കിയതാണോ അതോ വിൽപ്പന കുറഞ്ഞതാണോയെന്നതിൽ വ്യക്തത വരാനുണ്ട്. കഴിഞ്ഞ വർഷത്തെ കരിസ്മയുടെ വിൽപ്പനയെല്ലാം ഒന്ന് കീറിമുറിച്ച് നോക്കിയാലോ? ഹീറോയുടെ സ്പോർട്‍സ് ബൈക്കിന്റെ കഴിഞ്ഞ വർഷത്തെ വിൽപ്പന കണക്കുകൾ വിശകലനം ചെയ്യുമ്പോൾ, പ്രതിമാസം ശരാശരി 739 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരുന്നത്.

അങ്ങനെ കഴിഞ്ഞ 12 മാസത്തിൽ കരിസ്‌മയുടെ 4,806 യൂണിറ്റുകൾ വിറ്റഴിക്കാൻ മാത്രമാണ് ഹീറോക്ക് സാധിച്ചത്. 2024 മാർച്ചിൽ ബൈക്കിന്റെ 1,874 യൂണിറ്റുകൾ വിറ്റപ്പോൾ ഏപ്രിലിൽ 947 യൂണിറ്റുകളും മെയിൽ 663 യൂണിറ്റും ജൂൺ ജൂലൈ മാസങ്ങളിൽ യഥാക്രമം 476, 529 യൂണിറ്റുകളുമാണ് കമ്പനി വിറ്റഴിച്ചത്. ഓഗസ്റ്റിൽ 258 യൂണിറ്റും സെപ്റ്റംബറിൽ 48 യൂണിറ്റുമായി വിൽപ്പന നിലംപതിച്ചു.
2024 ഒക്ടോബറിൽ 7 പേരും നവംബറിൽ 4 പേരുമാണ് ഹീറോ കരിസ്‌മ XMR 210 വാങ്ങാനെത്തിയത്. പിന്നീട് ഡിസംബർ മുതൽ ഫെബ്രുവരി വരെ ആരും കരിസ്‌മ വാങ്ങാനെത്തിയില്ലെന്നതാണ് സത്യം. ഇതേ കാലയളവിൽ യമഹ R15 ശ്രേണിയുടെ 1,06,605 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. അതായത് കരിസ്‌മയുടെ മുഖ്യശത്രുവിന് ശരാശരി 8,883 യൂണിറ്റ് വിൽപ്പന ഓരോ മാസവും നേടാനായെന്ന് സാരം.

കരിസ്മ XMR 210 ബൈക്കിനേക്കാൾ വിലയേറിയതാണെങ്കിലും ഇത്തരത്തിലൊരു കണക്കുകളിലേക്ക് കണ്ണോടിക്കുമ്പോൾ ഹീറോയ്ക്ക് നിരാശപ്പെടേണ്ടി വരും. കുറഞ്ഞ പവറും ടോർക്കും ഉള്ള ഒരു ചെറിയ എഞ്ചിനാണ് R15 വാഗ്‌ദാനം ചെയ്യുന്നത് എന്നത് കണക്കിലെടുക്കുമ്പോഴും കരിസ്‌മയുടെ പ്രകടനം നിരാശാജനകമാണ്. എന്തായാലും ബൈക്ക് നിർത്തലാക്കിയിട്ടൊന്നുമില്ലെന്ന കാര്യം ഉറപ്പാണ്.
ഹീറോ മോട്ടോകോർപ്പിന്റെ വെബ്‌സൈറ്റിൽ നടത്തിയ ഒരു ദ്രുത പരിശോധനയിൽ കരിസ്മ XMR 210 ഇപ്പോഴും പ്രീമിയ വിഭാഗത്തിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു. 2025 ജനുവരിയിൽ കമ്പനി കരിസ്മ XMR 210 കോംബാറ്റ് എഡിഷനും കമ്പനി പുറത്തിറക്കിയിരുന്നു. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ മികച്ച ഉപകരണങ്ങളും കൂടുതൽ സവിശേഷതകളും ഇതിൽ ഉണ്ടായിരുന്നു.

എന്തായാലും നല്ലൊരു ബൈക്കായിരുന്നു 210 സിസി കരിസ്‌മ എന്നതിൽ സംശയൊന്നുമില്ല. പുതുതലമുറയെ പിടിക്കാനുള്ള എല്ലാ ചേരുവകളും ചേർത്ത് ഒരുക്കിയ ബൈക്ക് സുസുക്കി ജിക്‌സര്‍ SF 250, യമഹ R15 V4, ബജാജ് പള്‍സര്‍ RS200 തുടങ്ങിയ വമ്പൻമാരുമായാണ് വിപണിയിൽ ഏറ്റുമുട്ടിയത്. മാറ്റ് ബ്ലാക്ക്, റെഡ്, യെല്ലോ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഹീറോ കരിസ്മ XMR സ്വന്തമാക്കാനുമാവുമായിരുന്നു.
ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുടെ അകമ്പടിയും ഹീറോ കരിസ്‌മ XMR 210 മോഡലിലുണ്ടായിരുന്നു. ക്രമീകരിക്കാവുന്ന വിൻഡ്‌ഷീൽഡ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡിആർഎല്ലുകളുള്ള പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ പോലുള്ള സവിശേഷതകൾ ബൈക്കിന് കൊടുക്കുന്ന വിലയെ ന്യായീകരിക്കുന്ന സംഗതികളായിരുന്നുവെന്ന് വേണം പറയാൻ.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ടേൺ-ബൈ-ടേൺ നാവിഗേഷന് പുറമെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുള്ള ഫുൾ കളർ ഡിജിറ്റൽ എൽസിഡി ഡിസ്‌പ്ലേ, ഹസാർഡ് ലൈറ്റുകൾ, എഞ്ചിൻ കിൽ സ്വിച്ച്, മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി സോക്കറ്റ് പോലുള്ള സംവിധാനങ്ങളും ഹീറോ കരിസ്‌മ XMR 210 സ്പോർട്‌സ് മോട്ടോർസൈക്കിളിന് മാറ്റേകുന്ന സംഗതികളാണ്.
പുതിയ ലിക്വിഡ് കൂൾഡ് എഞ്ചിനോടുകൂടിയ പുതിയ കരിസ്മ XMR പെർഫോമൻസിന്റെ കാര്യത്തിൽ മിടുക്കനായിരുന്നുവെന്ന കാര്യവും എടുത്തു പറയേണ്ടതാണ്. എന്നുവെച്ച് അന്യായ പറപ്പിക്കലിനൊന്നും കക്ഷിയെ കിട്ടില്ല കേട്ടോ. DOHC സജ്ജീകരണമുള്ള 210 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് XMR മോഡലിന് തുടിപ്പേകാൻ എത്തിയിരുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 25.15 bhp കരുത്തിൽ പരമാവധി 20.4 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
വെറും 3.8 സെക്കന്‍ഡില്‍ പുതിയ കരിസ്മ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്താൻ കരിസ്‌മയ്ക്കാവുമെന്നാണ് കമ്പനി പറയുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഹീറോ കരിസ്‌മ XMR 210 സ്പോർട്‌സ് ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്.
രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കിന്റെ സഹായത്തോടെയാണ് ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത്. റൈഡറിന്റെ അധിക സുരക്ഷക്കായി മോട്ടോർസൈക്കിളിനൊപ്പം ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഹീറോ മോട്ടോകോർപ് വാഗ്ദാനം ചെയ്യുന്നുണ്ട്. കരിസ്‌മ XMR210 നിർത്തലാക്കാൻ ഉദ്ദേശമില്ലെങ്കിൽ, ഹീറോ മോട്ടോകോർപ്പ് ഉടൻ തന്നെ ബൈക്കിനെ ഒന്നുകൂടി നവീകരിച്ച് വിപണിയിലെത്തിക്കാൻ സാധ്യതയുണ്ട്.
മിക്കവാറും എക്സ്ട്രീം 250R മോഡലിലെ എഞ്ചിൻ ഉപയോഗിച്ച് കരിസ്‌മ പുറത്തിറക്കിയാൽ കാര്യങ്ങൾ കൂടുതൽ കളറാവുമെന്ന് വേണം കരുതാൻ. 4-വാൽവ് സിസ്റ്റമുള്ള പുത്തൻ 250 സിസി ലിക്വിഡ്-കൂൾഡ് DOHC എഞ്ചിൻ 30 bhp കരുത്തിൽ പരമാവധി 25 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് വേണം പറയാൻ. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.
ഹീറോ എക്‌സ്ട്രീം 250R മോട്ടോർസൈക്കിളിന് വെറും 3.25 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതേ പെർഫോമൻസ് കരിസ്‌മയിലേക്കും എത്തിയാൽ യമഹ R15 പോലുള്ള എതിരാളികൾക്ക് അതൊരു ക്ഷീണമായിരിക്കും. MT15, R15 പോലെ എക്സ്ട്രീം 250R, കരിസ്‌മ 250 എന്നിങ്ങനെ നേക്കഡ്, ഫുള്ളി ഫെയർഡ് സ്റ്റൈലിൽ സഹോദരൻമാർക്ക് പൊളിക്കാനുമാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








