ഇവികളെല്ലാം മുട്ടുമടക്കി, കഴിഞ്ഞ 30 ദിവസത്തിൽ ഈ ബൈക്ക് വാങ്ങിയത് 3.31 ലക്ഷത്തിലധികം ആളുകൾ
ഇലക്‌ട്രിക് സ്‌കൂട്ടറുകളും മോട്ടോർസൈക്കിളുകളുമെല്ലാം രാജ്യത്ത് സജീവമായതോടെ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് ചരമവാർത്ത എഴുതിയവരാണ് പലരും. എന്നാൽ ഇത്തരം പ്രവചനങ്ങളെ എല്ലാം കാറ്റിൽപ്പറത്തുകയാണ് ഓരോ മാസത്തെയും ഇരുചക്ര വാഹന വിൽപ്പന കണക്കുകൾ. ചെലവ് കുറഞ്ഞ യാത്രാമാർഗമായി ഇവികളാണ് ബെസ്റ്റ് എങ്കിലും ചില ശീലങ്ങൾ മാറ്റാൻ ഇന്ത്യക്കാർ അത്രവേഗം തയാറാവില്ല. ഇന്ധനവില എത്ര ഉയർന്നാലും നല്ല മൈലേജുള്ള മോട്ടോർസൈക്കിളുകൾ ഉള്ളപ്പോൾ വിശ്വസിച്ച് വാങ്ങാല്ലോ. പ്രത്യേകിച്ച് ഹീറോ സ്പ്ലെൻഡർ. പെട്രോൾ ബൈക്കുകൾക്ക് അന്ത്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സ്പ്ലെൻഡർ കഴിഞ്ഞ മാസം വാങ്ങിയത് 3.31 ലക്ഷത്തിന് മുകളിൽ ആളുകളാണ്.
കൃത്യമായി പറഞ്ഞാൽ 2025 ജൂൺ മാസത്തിൽ 3,31,057 പേരാണ് ഹീറോ സ്പ്ലെൻഡർ വാങ്ങി വീടുകളിലെത്തിയത്. 2024 ജൂൺ മാസത്തിൽ നിരത്തിലെത്തിച്ച 3,05,586 യൂണിറ്റുകളെ അപേക്ഷിച്ച് ബൈക്കിന്റെ വിൽപ്പനയിൽ 8.34 ശതമാനത്തിന്റെ വർധനവാണ് കമ്പനിക്ക് കൈവരിക്കാനിയിരിക്കുന്നത്. എന്തായാലും ദീർഘകാലമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മോട്ടോർസൈക്കിളായി സ്പ്ലെൻഡർ ഒന്നാമത് തുടരുകയാണ്.

കൃത്യമായ ഇടവേളകളിൽ ഹീറോ മോട്ടോകോർപ് സ്പ്ലെൻഡറിലേക്ക് പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതാണ് ഇത്രയും ആളുകൾ വീണ്ടും സ്പ്ലെൻഡർ വാങ്ങാൻ കാരണമാവുന്നത്. ഒപ്പം കുറഞ്ഞ വിലയും കുറഞ്ഞ മെയിന്റനെൻസും നല്ല മൈലേജും എല്ലാം കൂടിയാവുമ്പോൾ ആളുകൾക്ക് വേറെയൊന്നും നോക്കാനില്ല. കണ്ണുംപൂട്ടി 20 കൊല്ലത്തിന് മുകളിൽ ഈ കമ്മ്യൂട്ടർ ബൈക്ക് ഉപയോഗിക്കാനുമാവും.
ഇവികളെ അപേക്ഷിച്ച് നോക്കുമ്പോൾ സ്പ്ലെൻഡർ എത്ര വർഷം വേണമെങ്കിലും ആശങ്കകളൊന്നുമില്ലാതെ ഓടിക്കോളുമെന്നതാണ് പ്രത്യേകത. ഒപ്പം മികച്ച റീസെയിൽ വാല്യുവും ആശാനുണ്ട്. സ്പ്ലെൻഡർ, സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ സ്പ്ലെൻഡർ ശ്രേണി വിപണനത്തിന് എത്തിക്കുന്നത്.

ഏപ്രിൽ മുതൽ രാജ്യത്ത് നിലവിൽ വന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ കാരണം അടുത്തിടെ മൂന്ന് മോഡലുകളേയും കമ്പനി പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു. ഇക്കൂട്ടത്തിൽ സ്പ്ലെൻഡർ പ്ലസിനാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. പഴയ ഓൾഡ്-സ്കൂൾ ലുക്കും പ്രായോഗികമായ ഫീച്ചറുകളും കൂടി ചേരുമ്പോൾ എല്ലാവർക്കും മോഡൽ ഇഷ്‌ടമാവുകയും ചെയ്യും. സ്പ്ലെൻഡർ പ്ലസ്, സ്പ്ലെൻഡർ പ്ലസ് XTEC, സ്പ്ലെൻഡർ പ്ലസ് XTEC 2.0 എന്നീ വേരിയന്റുകളിലും പ്ലസ് മോഡൽ വാങ്ങാനാവും.
79121 രൂപ മുതൽ 87877 രൂപ വരെയാണ് സ്റ്റാൻഡേർഡ് സ്പ്ലെൻഡറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം സ്പ്ലെൻഡർ പ്ലസിന് 82,751 രൂപ മുതൽ 85,001 രൂപ വരെയാണ് പോക്കറ്റിൽ നിന്നും കൊടുക്കേണ്ടി വരിക. എന്നാൽ 125 സിസി എഞ്ചിനുള്ള സൂപ്പർ സ്പ്ലെൻഡറിന് 88,128 രൂപ മുതൽ 92,028 രൂപ വരെ എക്സ്ഷോറൂം വില ചിലവാക്കേണ്ടി വരുന്നതാണ്.

എൻട്രി ലെവൽ സ്പ്ലെൻഡറിൽ 97.2 സിസി ശേഷിയുള്ള ഒരു ലളിതമായ എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ SOHC 2V/സിലിണ്ടർ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. 4-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8.02 bhp കരുത്തിൽ പരമാവധി 8.05 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 9.8 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്ക് ശേഷിയുള്ള ഹീറോ സ്പ്ലെൻഡർ പ്ലസിന് ഒരു ലിറ്റർ പെട്രോളിന് 70 കിലോമീറ്റർ മൈലേജാണ് നൽകാനാവുക.
അതായത് ഫുൾടാങ്ക് പെട്രോളുണ്ടെങ്കിൽ ബൈക്കിന് 686 കിലോമീറ്ററോളും സഞ്ചരിക്കാനാവുമെന്ന് ചുരുക്കം. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്മാർട്ട്‌ഫോൺ ആപ്പ് സർപ്പോർട്ട്, ഡിസ്ക് ബ്രേക്ക് എന്നീ മോഡൺ ഫീച്ചറുകളെല്ലാം ഉൾക്കൊള്ളിച്ചാണ് പുതിയ സ്പ്ലെൻഡർ നിരയെല്ലാം വിപണിയിൽ എത്തുന്നത്.


Click it and Unblock the Notifications








