പെട്രോൾ ബൈക്കുകൾക്ക് അന്ത്യമില്ല! സ്പ്ലെൻഡർ കഴിഞ്ഞ മാസം വാങ്ങിയത് 1.97 ലക്ഷം ഇന്ത്യക്കാർ
ഓല പോലുള്ള കമ്പനികളുടെ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളുമെല്ലാം സജീവമായതോടെ പെട്രോൾ ബൈക്കുകൾ അന്ത്യം അടുത്തുവെന്ന് വിധിയെഴുതുന്നവരാണ് പലരും. ചെലവ് കുറഞ്ഞ യാത്രാ മാർഗമായി ഇവികളെ പലരും ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകൾക്കും പരമ്പരാഗത പെട്രോൾ ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ തന്നെയാണ് ആഗ്രഹം. ഇവികളുമായി ബന്ധപ്പെട്ട റേഞ്ച് ആശങ്കകളും തീപിടുത്തവുമെല്ലാം പരേയും അലട്ടുന്ന കാര്യങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ 106 രൂപയോളം കൊടുത്ത് പെട്രോളടിക്കാൻ ഇന്ത്യക്കാർ തയാറുമാണ്. ഇതിനുള്ള തെളിവാണ് 2025 ഏപ്രിൽ മാസത്തെ ഹീറോ സ്പ്ലെൻഡറിന്റെ (Hero Splendor) വിൽപ്പന കണക്കുകൾ.
പെട്രോൾ ബൈക്കുകൾക്ക് അന്ത്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഹീറോ സ്പ്ലെൻഡർ കഴിഞ്ഞ മാസം വാങ്ങിയത് 1.97 ലക്ഷം ഇന്ത്യക്കാരാണ്. 2024 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു സംഖ്യ കൈവരിക്കാൻ മോട്ടോർസൈക്കിളിന് സ്ഥിരമായി കഴിയുന്നുണ്ടെന്ന കാര്യം ഹീറോ മോട്ടോകോർപ്പിനും ആശ്വാസമേകുന്ന വിഷയമാണ്.

കൃത്യമായ വിൽപ്പന കണക്കുകൾ പറയുകയാണെങ്കിൽ 2025 ഏപ്രിൽ മാസത്തിൽ ഹീറോ സ്പ്ലെൻഡറിന് 1,97,893 യൂണിറ്റുകളാണ് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷം ഇതേ സമയം വിപണനം ചെയ്‌ത 3,21,229 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 38.40 ശതമാനത്തോളം നഷ്‌ടം സ്പ്ലെൻഡറിന് സംഭവിച്ചിട്ടുണ്ടെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തായാലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ബൈക്ക് എന്ന നേട്ടം ഇത്തവണയും നിലനിർത്താൻ സ്പ്ലെൻഡറിനായിട്ടുണ്ട്.
കൃത്യമായ ഇടവേളകളിൽ മോഡലിലേക്ക് നവീകരണങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ് ഇത്രയും ആളുകൾ വീണ്ടും സ്പ്ലെൻഡർ വാങ്ങാൻ കാരണമാവുന്നത്. ഒപ്പം കുറഞ്ഞ മെയിന്റനെൻസും നല്ല മൈലേജും കുറഞ്ഞ വിലയും ഒടുക്കത്തെ വിശ്വാസവും കൂടിയാവുമ്പോൾ സംഗതി കളറാവുകയും ചെയ്യുന്നുണ്ട്. ഇവികളെ അപേക്ഷിച്ച് നോക്കുമ്പോൾ സ്പ്ലെൻഡർ എത്ര വർഷം വേണമെങ്കിലും ആശങ്കകളൊന്നുമില്ലാതെ ഉപയോഗിക്കാനാവും.

സ്പ്ലെൻഡർ, സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിലും സ്പ്ലെൻഡർ ശ്രേണി വാങ്ങാനുമാവും. ഏപ്രിൽ മുതൽ രാജ്യത്ത് നിലവിൽ വന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ കാരണം അടുത്തിടെ മൂന്ന് മോഡലുകളേയും കമ്പനി പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു. ഇതിൽ ഏറ്റവും അവസാനം എത്തിയത് സൂപ്പർ സ്പ്ലെൻഡർ XTEC ആയിരുന്നു.
ഏറ്റവും പുതിയ 2025 ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC ഡ്രം ബ്രേക്ക് വേരിയന്റിന് 88,128 രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. മറുവശത്ത് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 92,028 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. മുമ്പുണ്ടായിരുന്ന അതേ 124.7 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് പുതുമോഡലിന്റേയും ഹൃദയം.

5-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 125 സിസി എഞ്ചിന് 10.7 bhp കരുത്തിൽ പരമാവധി 10.6 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. സിറ്റി ട്രാഫിക്കിലും ഹൈവേകളിലും സ്പ്ലെൻഡറിലെ യാത്രാനുഭവം മെച്ചപ്പെടുത്താനായി അഡ്വാൻസ്‌ഡായ ഫ്യൂവൽ ഇഞ്ചക്ഷൻ (FI) സിസ്റ്റം, വെറ്റ് മൾട്ടി പ്ലേറ്റ് ക്ലച്ച് എന്നിവയും ഹീറോ മോട്ടോകോർപ് ഒരുക്കിയിട്ടുണ്ട്.
മൈലേജിലേക്ക് വന്നാൽ സൂപ്പർ സ്പ്ലെൻഡർ ഒരു ലിറ്റർ പെട്രോളിൽ 69 കിലോമീറ്റർ മൈലേജാണ് പറയുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, പൂർണ്ണ ഡിജിറ്റൽ സ്പീഡോമീറ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോൾ / എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ പ്രീമിയം സവിശേഷതകളും മോട്ടോർസൈക്കിളിൽ ലഭിക്കും. എന്തായാലും ഇപ്പോഴും ഓരോ മാസവും ലക്ഷക്കണക്കിന് സ്പ്ലെൻഡറുകൾ വിൽക്കാനാവുന്നത് ഹീറോയ്ക്ക് ആത്മവിശ്വാസം കൂട്ടുന്ന സംഗതിയാണ്.


Click it and Unblock the Notifications