ഈയൊരു ബൈക്ക് മാത്രം മതി ഹീറോയ്ക്ക് ജീവിക്കാൻ, കഴിഞ്ഞമാസം വാങ്ങിയത് 3.40 ലക്ഷത്തിലധികം ഇന്ത്യക്കാർ
ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ (Electric Two Wheelers) വരവോടെ ഇന്ത്യയിൽ പെട്രോൾ ടൂവീലറുകൾക്കുള്ള ഡിമാൻ്റ് കുറയുമെന്ന് പലരും വിധി എഴുതിയിരുന്നു. എന്നാൽ പോയ ഉത്സവ സീസൺ കൂടി കഴിഞ്ഞതോടെ പെട്രോൾ മോഡലുകൾക്കാണ് ഇപ്പോഴും ആവശ്യക്കാരെന്ന് വ്യക്തമായിരിക്കുകയാണ്. 2025 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പത്ത് ടൂവീലറുകളുടെ പട്ടികയിൽ ഒരു ഇവി പോലുമില്ലെന്നതാണ് സത്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന മോഡലായി ഹീറോ സ്പ്ലെൻഡർ (Hero Splendor) തന്നെയാണ് ഇത്തവണയും കിരീടം ചൂടിയിരിക്കുന്നത്.
ഉത്സവ സീസണും ജിഎസ്‌ടി വെട്ടിക്കുറയ്ക്കലും ഒരുമിച്ചെത്തിയതോടെ വാഹന വിപണിക്ക് ചാകരക്കാലമായിരുന്നു ഒക്ടോബർ മാസം. ഉത്സവകാല, നയ പരിഷ്ക്കാരങ്ങളുടെ ഫലമായി കഴിഞ്ഞ മാസത്തിൽ ഇരുചക്ര വാഹന വിൽപ്പന ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നാണ് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 350 സിസി വരെയുള്ള ടൂവീലറുകളുടെ പുതിയ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി പുതുക്കി നിശ്ചയിച്ചത് മോഡലുകളുടെ വിലയിൽ ഗണ്യമായ കുറവാണുണ്ടാക്കിയത്.

കഴിഞ്ഞ മാസം 3,40,131 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഹീറോ സ്പ്ലെൻഡറാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന ഇരുചക്ര വാഹനമായി ഇത്തവണയും മാറിയത്. ഒരു വർഷം മുമ്പ് 2024 ഒക്ടോബറിൽ വിറ്റഴിച്ച 3,91,612 യൂണിറ്റുകളിൽ നിന്ന് വിൽപ്പനയിൽ ചെറിയ നഷ്‌ടം സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഉയർന്ന സംഖ്യ നിലനിർത്താനാവുന്നത് ഹീറോ മോട്ടോകോർപ്പിന് ആശ്വാസം നൽകുന്ന കാര്യമാണ്.
ദീർഘകാലമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മോട്ടോർസൈക്കിളായി സ്പ്ലെൻഡർ തുടരുന്നത് വലിയൊരു മാജിക് തന്നെയാണ്. കൃത്യമായ ഇടവേളകളിൽ ബൈക്കിലേക്ക് ഹീറോ മോട്ടോകോർപ് പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതാണ് ഇതിൻ്റെ പ്രധാനമായൊരു കാരണം. ശരിക്കും പറഞ്ഞാൽ ഈയൊരു ബൈക്ക് മാത്രം മതി ഹീറോയ്ക്ക് കാലങ്ങളോളം ജീവിക്കാൻ. സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിലാണ് സ്പ്ലെൻഡർ ശ്രേണി വിപണിയിലെത്തുന്നത്.

കുറഞ്ഞ വിലയും കുറഞ്ഞ മെയിൻ്റനെൻസും നല്ല മൈലേജും റീസെയിൽ വാല്യുവും എല്ലാം കൂടിയാവുമ്പോൾ സ്പ്ലെൻഡറിന് പകരം വെക്കാൻ ഇന്ത്യയിൽ മറ്റൊരു ടൂവീലർ ഇല്ലെന്ന് വേണം പറയാൻ. ഇവികളെ അപേക്ഷിച്ച് നോക്കുമ്പോൾ സ്പ്ലെൻഡർ എത്ര വർഷം വേണമെങ്കിലും ആശങ്കകളൊന്നുമില്ലാതെ ഓടിക്കോളുമെന്നതാണ് പ്രത്യേകത. ജിഎസ്ടി നിരക്കുകൾ പുതുക്കി നിശ്ചയിച്ചതോടെ സ്പ്ലെൻഡർ പ്ലസിന് 73,527 രൂപ മുതൽ 76,416 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
അതേസമയം സ്പ്ലെൻഡർ പ്ലസാണെങ്കിൽ 81,353 രൂപ മുതൽ 85,025 രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക. എൻട്രി ലെവൽ സ്പ്ലെൻഡറിൽ 97.2 സിസി ശേഷിയുള്ള ഒരു സിംപിൾ എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ SOHC 2V/സിലിണ്ടർ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. 4-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8.02 bhp കരുത്തിൽ പരമാവധി 8.05 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

9.8 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്ക് ശേഷിയുള്ള ഹീറോ സ്പ്ലെൻഡർ പ്ലസിന് ഒരു ലിറ്റർ പെട്രോളിന് 70 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. അതായത് ഫുൾടാങ്ക് പെട്രോളുണ്ടെങ്കിൽ ബൈക്കിന് 686 കിലോമീറ്ററോളും സഞ്ചരിക്കാനാവുമെന്ന് ചുരുക്കം. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്മാർട്ട്‌ഫോൺ ആപ്പ് സർപ്പോർട്ട്, ഡിസ്ക് ബ്രേക്ക് എന്നീ മോഡൺ ഫീച്ചറുകളെല്ലാം ഉൾക്കൊള്ളിച്ചാണ് പുതിയ സ്പ്ലെൻഡർ നിരയെല്ലാം വിപണിയിൽ എത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








