ബാറ്ററി വാടകയ്ക്ക് കിട്ടും, കാശും കുറവ്; ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ഈ വർഷം വാങ്ങിയത് 1 ലക്ഷം പേർ
ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിയെ ജനകീയരാക്കിയത് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണെങ്കിലും ഇപ്പോൾ വിപണി മുഴുവൻ പിടിച്ചടക്കി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം കരുത്ത് കാട്ടിയിട്ടുണ്ട്. ടിവിഎസും ബജാജും ഹീറോ മോട്ടോകോർപ്പുമെല്ലാമാണ് ഇപ്പോൾ ഇവി വിപണിയിൽ നിന്നും ഏറ്റവും കൂടുതൽ പണംവാരുന്നത്. ഓലയെയും ഏഥറിനെയുമെല്ലൊം ഒതുക്കി നിലവിൽ പരസ്പരം മത്സരിക്കുന്നത് ഇവർ തമ്മിലാണ്. വിഡ (Hero Vida) ശ്രേണിയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയും വൈദ്യുത വാഹനങ്ങൾ നിർമിക്കുന്നതിലെ കഴിവ് ലോകത്തിന് മുന്നിൽ തെളിയിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പ്രവേശിച്ച കമ്പനി ഈ വർഷം മിന്നുന്ന ഫോമിലാണുള്ളത്. ഹീറോ മോട്ടോർകോർപ്പിൻ്റെ വിഡ ബ്രാൻഡ് ഒരു കലണ്ടർ വർഷത്തിൽ 1 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകൾ വിറ്റഴിക്കുന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ഇപ്പോൾ. വാഹൻ പോർട്ടലിലെ ഏറ്റവും പുതിയ റീട്ടെയിൽ വിൽപ്പന കണക്കുകൾ പ്രകാരം 2025 ജനുവരി ഒന്നിനും ഡിസംബർ അഞ്ചിനും ഇടയിൽ മൊത്തം 1,00,383 വിഡ ഇ-സ്കൂട്ടറുകൾ കമ്പനി ഉപഭോക്താക്കൾക്ക് വിതരണം ചെയ്‌തിട്ടുണ്ട്.

2022 ഒക്ടോബറിൽ വിഡ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറങ്ങിയതിനുശേഷം ഇവയുടെ മൊത്തം വിൽപ്പന 1.50 ലക്ഷം യൂണിറ്റുകൾ കവിഞ്ഞു. 2025 ജനുവരിയിൽ 1,626 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് നിരത്തിലെത്തിക്കാൻ കഴിഞ്ഞതെങ്കിൽ മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ തുടർച്ചയായി നാല് മാസത്തേക്ക് പ്രതിമാസ വിൽപ്പന 6,000 യൂണിറ്റുകൾ കടന്നു. തുടർന്ന് ജൂലൈയിൽ ആദ്യമായി വിൽപ്പന 10,000 യൂണിറ്റ് കടന്ന് ടോപ്പ് ഗിയറിലായി.
2025 ഒക്ടോബറിൽ ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയായ 16,017 യൂണിറ്റുകളും വിഡ രേഖപ്പെടുത്തി. 2025 ജൂലൈയിൽ ഫാമിലി അധിഷ്ഠിത മോഡലായ VX2 പുറത്തിറക്കിയതോടെയാണ് വിൽപ്പന വേഗം ഉയർത്താനായത്. വിഡയുടെ ഇവി ലൈനപ്പില്‍ V2 മോഡലിന് തൊട്ടുതാഴെ ആയിട്ടാണ് VX2 സ്ഥാനംപിടിച്ചിരിക്കുന്നത്. ബാറ്ററി-ആസ്-എ-സർവീസ് കൂടി അവതരിപ്പിച്ചതോടെ ഇവികളുടെ പ്രാരംഭ വില കുറയ്ക്കാനും ബ്രാൻഡിനായി.

സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള ബാറ്ററി പ്ലാൻ വാഗ്ദാനം ചെയ്തുകൊണ്ട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ആളുകൾക്ക് നന്നേ ബോധിക്കുകയും ചെയ്‌തു. VX2 ഗോ, VX2 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് ഈ സ്‌കൂട്ടര്‍ ഓഫര്‍ ചെയ്യുന്നത്. ബാറ്ററിയടക്കം ഈ സ്‌കൂട്ടറിന്റെ എന്‍ട്രി ലെവല്‍ പതിപ്പിൻ്റെ വില 99490 രൂപയാണ്. VX2 പ്ലസ് ആണെങ്കിൽ 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
ബാറ്ററി-ആസ്-എ-സർവീസ് സ്‌കീം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് VX2 ഗോ 59,490 രൂപയ്ക്ക് ലഭിക്കും. അതോടൊപ്പം തന്നെ VX2 പ്ലസ് വേരിയന്റിന്റെ വില 64990 ആയി കുറയും. സ്‌കീം തിരഞ്ഞെടുക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ കിലോമീറ്ററിന് 0.96 രൂപ നിരക്കില്‍ ചാര്‍ജ് നല്‍കണം. ഈ ഒരു പദ്ധതി പ്രകാരം സ്‌കൂട്ടറിൻ്റെ പ്രാരംഭ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ആളുകൾക്ക് സഹായിക്കും.

വിഡ VX2 ഗോ 2.2 kWh ശേഷിയുള്ള റിമൂവബിൾ ബാറ്ററി പായ്ക്കുമായാണ് വരുന്നത്. ഇത് ഫുൾ ചാര്‍ജില്‍ 92 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്ന് ഹീറോ മോട്ടോകോർപ് പറയുന്നു. ഇതിന് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. അതേസമയം വിഡ VX2 പ്ലസില്‍ 3.4 kWh ശേഷിയുള്ള രണ്ട് റീമൂവബിള്‍ ബാറ്ററി പായ്ക്കുകളാണ് ഉള്ളത്. ഇത് ഒരു ഫുള്‍ ചാര്‍ജില്‍ 142 കിലോമീറ്റര്‍ വരെ ഐഡിസി റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്.
ചാർജിംഗിൻ്റെ കാര്യത്തിലേക്ക് വന്നാൽ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്കൂട്ടറിലെ ബാറ്ററി പായ്ക്ക് 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്ന് വിഡ പറയുന്നു. അതേസമയം സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂര്‍ എടുക്കും. ഇതിന് 3.1 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനും കഴിയും.


Click it and Unblock the Notifications








