കേന്ദ്രത്തിന്റെ കടാക്ഷം, 210 സിസി അഡ്വഞ്ചർ ബൈക്കിന് കുറഞ്ഞത് 14,000 രൂപ! 1.62 ലക്ഷം മതി ഇനി വാങ്ങാൻ
പുത്തൻ ബൈക്കകളിലൂടെയും സ്‌കൂട്ടറുകളിലൂടെയും ഇരുചക്ര വാഹന പ്രേമികളെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. എക്‌സ്‌പൾസ് 210, എക്‌സ്‌ട്രീം 250R, സൂം 160 തുടങ്ങിയ പുതുമോഡലുകളെല്ലാം വലിയ തരംഗം സൃഷ്‌ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഡിസൈനിന്റെ കാര്യത്തിലായാലും ഫീച്ചറുകളുടെ കാര്യത്തിലായാലും അത്യാധുനികമാണ് ഇവരെല്ലാം. ആദ്യ കാഴ്ച്ചയിൽ ആരുടേയും മനസിൽ കയറിപ്പറ്റാനുള്ള അഴകാണ് ഇപ്പോൾ ഹീറോ ബൈക്കുകൾക്കുള്ളത്. നിരയിൽ യൂത്തൻമാർക്ക് ഏറ്റവും ഇഷ്‌ടമുള്ള ബൈക്കുകളിൽ ഒന്നാണ് എക്‌സ്‌പൾസ് സീരീസ്. 200 സിസി, 210 സിസി എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇപ്പോൾ എക്‌സ്‌പൾസ് നിരയിലുള്ളത്.
അതിനാൽ തന്നെ വൈവിധ്യമാർന്ന തരത്തിൽ ആളുകളെ കൈയിലെടുക്കാനും കമ്പനിക്കാവുന്നുണ്ട്. അടുത്തിടെ ജിഎസ്‌ടി പുതുക്കി നിശ്ചയിച്ചതോടെ മോട്ടോർസൈക്കിളുകളുടെ വിലയിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. സെപ്റ്റംബർ 22 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതിന് വളരെ മുമ്പുതന്നെ ജിഎസ്ടി ഇളവിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുന്നു.

വേരിയന്റിനെ ആശ്രയിച്ച് എക്സ്പൾസ് 210 അഡ്വഞ്ചർ മോട്ടോർസൈക്കിളിന് 14,516 രൂപ വരെ വലിയ കുറവ് ലഭിച്ചിട്ടുണ്ട്. ബൈക്കിന്റെ പുതിയ വില എങ്ങനെയാണെന്ന് ഒന്ന് വിശദമായി നോക്കിയിട്ട് വന്നാലോ? എക്സ്പൾസ് 210 ബേസ് വേരിയന്റിന് 1.76 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 1.86 ലക്ഷം രൂപയുമായിരുന്നു നേരത്തെയുണ്ടായിരുന്ന എക്സ്ഷോറൂം വില. പുതുക്കിയ ജിഎസ്ടി നിരക്ക് അനുസരിച്ച് ഇപ്പോൾ വില യഥാക്രമം 1.62 ലക്ഷം രൂപയും 1.71 ലക്ഷം രൂപയുമായി മാറിയിട്ടുണ്ട്.
14,000 രൂപയിലധികം വിലക്കുറവ് സംഭവിച്ചതോടെ എക്സ്പൾസ് 210 ഇപ്പോൾ എൻട്രി ലെവൽ അഡ്വഞ്ചർ വിഭാഗത്തിൽ മുമ്പത്തേക്കാൾ വാല്യു ഫോർ മണിയായി മാറുന്നുണ്ട്. പ്രാദേശികവൽക്കരണത്തിന്റെയും ജിഎസ്ടിയിലെ ഇളവിന്റെയും ഗുണം ലഭിച്ച കവസാക്കി KLX230 ഇപ്പോൾ 1.84 ലക്ഷം രൂപയ്ക്ക് വാങ്ങാനാവുമെന്നതിനാൽ മത്സരം കടുക്കുമെന്നാണ് അനുമാനം.

എങ്കിലും ഡീലർഷിപ്പുകളുടെ പിന്തുണയും ഹീറോയുടെ കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റുമെല്ലാം എക്‌സ്‌പൾസിന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. അഡ്വഞ്ചർ ബൈക്കിന്റെ രണ്ട് വേരിയന്റുകളിലും 210 സിസി, സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കൊടുത്തിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 24.2 bhp പവറിൽ പരമാവധി 20.7 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.
എക്‌സ്‌പൾസ് 210 പതിപ്പിന്റെ ബേസ്, ടോപ്പ് വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ ടോപ്പ് വേരിയന്റിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് TFT സ്‌ക്രീൻ, ഡ്യുവൽ-ചാനൽ ABS, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, നക്കിൾ ഗാർഡുകൾ, പിൻ ലഗേജ് റാക്ക് എന്നിവയെല്ലാം ഹീറോ ഒരുക്കിവെച്ചിട്ടുണ്ട്. അതേസമയം ബേസ് ട്രിമ്മിൽ എൽസിഡി കൺസോൾ, ചെറിയ ഫ്ലൈസ്‌ക്രീൻ, സിംഗിൾ-ചാനൽ ABS എന്നിവയുമായാണ് വരുന്നത്.

കൂടാതെ നക്കിൾ ഗാർഡുകളും ലഗേജ് റാക്കും ഇതിൽ നിന്നും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. മുൻഗാമിയുമായി യാതൊരുവിധ സാമ്യവുമില്ലാതെയാണ് പുതിയ അഡ്വഞ്ചർ ബൈക്കിന് കമ്പനി രൂപം കൊടുത്തിരിക്കുന്നത്. ഹെഡ്‌ലാമ്പ്, ഫ്രണ്ട് ഫെൻഡർ, ഇന്ധന ടാങ്ക്, റേഡിയേറ്റർ കൗൾ, ടെയിൽ സെക്ഷൻ എന്നിവയുൾപ്പെടെ ബോഡി പാനലുകൾ എല്ലാം അടിപൊളിയായി വന്നിട്ടുണ്ട്. മികച്ച ഡ്യുവൽ-സ്‌പോർട് ബൈക്ക് പോലെയാണ് എക്‌സ്‌പൾസ് ഇപ്പോൾ കാണപ്പെടുന്നത്. ഫീച്ചറുകളിലായാലും കക്ഷി അടിപൊളിയാണ്.
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് 210 mm ട്രാവലുള്ള ലോംഗ്-ട്രാവൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 205 mm ട്രാവലുള്ള മോണോഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് ഫങ്ഷനുള്ള ഫ്രണ്ട്, റിയർ ഡിസ്ക്ക് യൂണിറ്റുകളാണ് ഹീറോ എക്‌സ‌്പൾസ് 210 ഉപയോഗിച്ചിരിക്കുന്നത്.
ട്യൂബ്ഡ് ബ്ലോക്ക് പാറ്റേൺ ടയറുകളിൽ പൊതിഞ്ഞ 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ സ്പോക്ക് വീലുകളും ലഭിക്കും. അസൂർ ബ്ലൂ, ആൽപൈൻ സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളാണ് ബൈക്കിലുള്ളത്. വിലക്കുറവ് ലഭിച്ചതോടെ എക്‌സ്‌പൾസ് വാങ്ങാനിരുന്നവരെല്ലാം ഷോറൂമിലേക്ക് എത്തുമെന്നാണ് ഹീറോ മോട്ടോകോർപ്പിന്റെ വിശ്വാസം. ഹിമാലയൻ വാങ്ങാനിരുന്നവർ പോലും ഇനി ചിലപ്പോൾ തീരുമാനം മാറ്റി 210 സിസി അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ വന്നേക്കും.


Click it and Unblock the Notifications








