ഈ ബൈക്കുള്ളവർക്ക് 7,000 രൂപയുണ്ടേൽ ബുക്ക് ചെയ്യാം, കുന്നും മലയും കയറാൻ പുതിയ എക്‌സ്‌പൾസ് ഇങ്ങെത്തി
ഹീറോ മോട്ടോകോർപ്പിന്റെ (Hero Motocorp) നിരയിൽ യൂത്തൻമാർക്ക് ഏറ്റവും ഇഷ്‌ടമുള്ള ബൈക്കുകളിൽ ഒന്നാണ് എക്‌സ്‌പൾസ് 200 (Xpulse 200). പക്ഷേ ഹൈവേ ടൂറിംഗിന് അത്ര അടിപൊളിയൊന്നുമല്ലെന്ന പരാതി പലരിൽ നിന്നും ഉയർന്നിരുന്നു. ആറാമത്തെ ഗിയറിന്റെ അഭാവവും എഞ്ചിൻ ശേഷിയിലെ കുറവുമെല്ലാം പലരും പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം മനസിലാക്കിയ കമ്പനി ഇതെല്ലാം പരിഹരിച്ചുകൊണ്ട് എക്‌സ്‌പൾസ് 210 എന്ന പുത്തൻ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് രൂപംകൊടുക്കുകയുണ്ടായി. മിലാനിൽ നടന്ന EICMA മോട്ടോർഷോയിൽ അവതരിപ്പിച്ച മോഡൽ ഇന്ത്യയിലേക്ക് എത്താനായി അഡ്വഞ്ചർ പ്രേമികൾ കാത്തിരിക്കുകയായിരുന്നു.
ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഹീറോ എക്‌സ്‌പൾസ് 210 പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുയാണ് കമ്പനി. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാൻ കഴിയും. എന്നാൽ നിലവിലുള്ള എക്‌സ്‌പൾസ് 200 ഉടമകൾക്ക് 7,000 രൂപ മാത്രം നൽകിയാൽ മതിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ മുടക്കുന്ന തുക റീഫണ്ടബിൾ ആയിരിക്കുമെന്നും ഹീറോ മോട്ടോകോർപ് അറിയിച്ചിട്ടുണ്ട്.

ബേസ്, ടോപ്പ് എന്നീ രണ്ട് വേരിയന്റുകളിലാണ് എക്‌സ്‌പൾസ് 210 തെരഞ്ഞെടുക്കാനാവും. ഇവയ്ക്ക് യഥാക്രമം 1.76 ലക്ഷം രൂപയും 1.86 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി ഹീറോ നിശ്ചയിച്ചിരിക്കുന്നത്. എക്സ്പൾസ് 200 4V പതിപ്പിനേക്കാൾ ഏകദേശം 24,000 രൂപ കൂടുതലാണ് പുതിയ എക്സ്പൾസിന്. എങ്കിലും താരതമ്യേന കുറഞ്ഞ വില നിലനിർത്താൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾക്ക് സാധിച്ചത് നേട്ടം തന്നെയാണ്.
മുൻഗാമിയുമായി യാതൊരുവിധ സാമ്യവുമില്ലാതെയാണ് പുതിയ അഡ്വഞ്ചർ ബൈക്കിന് കമ്പനി രൂപം കൊടുത്തിരിക്കുന്നത്. ഹെഡ്‌ലാമ്പ്, ഫ്രണ്ട് ഫെൻഡർ, ഇന്ധന ടാങ്ക്, റേഡിയേറ്റർ കൗൾ, ടെയിൽ സെക്ഷൻ എന്നിവയുൾപ്പെടെ ബോഡി പാനലുകൾ എല്ലാം അടിപൊളിയായി വന്നിട്ടുണ്ട്. മികച്ച ഡ്യുവൽ-സ്‌പോർട് ബൈക്ക് പോലെയാണ് എക്‌സ്‌പൾസ് ഇപ്പോൾ കാണപ്പെടുന്നത്. ഫീച്ചറുകളിലായാലും കക്ഷി അടിപൊളിയാണ്.

ടോപ്പ് വേരിയന്റിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് TFT സ്‌ക്രീൻ, ഡ്യുവൽ-ചാനൽ ABS, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, നക്കിൾ ഗാർഡുകൾ, പിൻ ലഗേജ് റാക്ക് എന്നിവയെല്ലാം ഹീറോ ഒരുക്കിവെച്ചിട്ടുണ്ട്. അതേസമയം ബേസ് ട്രിമ്മിൽ എൽസിഡി കൺസോൾ, ചെറിയ ഫ്ലൈസ്‌ക്രീൻ, സിംഗിൾ-ചാനൽ ABS എന്നിവയുമായാണ് വരുന്നത്. കൂടാതെ നക്കിൾ ഗാർഡുകളും ലഗേജ് റാക്കും ഇതിൽ നിന്നും കമ്പനി ഒഴിവാക്കിയിട്ടുണ്ട്.
കരിസ്മ XMR സ്പോർട്സ് ബൈക്കിന്റെ അടിസ്ഥാനമാക്കിയുള്ള 210 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹീറോയുടെ പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. എന്നിരുന്നാലും റിയർ സ്‌പ്രോക്കറ്റിന് നാല് ടീത്തുകൾ കൂടി, വ്യത്യസ്ത കൂളിംഗ്, ഇൻടേക്ക്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, വ്യത്യസ്തമായ മാപ്പിംഗ് എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങൾ എഞ്ചിനിൽ കാണാം.

എക്സ്പൾസിൽ ഈ എഞ്ചിൻ 24.2 bhp പവറിൽ പരമാവധി 20.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 21-18 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിൽ വിപണിയിലെത്തുന്ന എക്സ്പൾസ് 200 4V പതിപ്പിനെക്കാൾ കൂടുതൽ സസ്‌പെൻഷൻ ട്രാവലും ഗ്രൗണ്ട് ക്ലിയറൻസും ഇത് വാഗ്ദാനം ചെയ്യുന്നുമുണ്ട്. 168 കിലോഗ്രാം ഭാരമാണ് മൊത്തത്തിലുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








