ക്രൂയിസ് കൺട്രോളുള്ള 160 സിസി ബൈക്ക്, ഇനി വില കൂടിയറിഞ്ഞാൽ ഹീറോയുടെ ഷോറൂമിൽ ആളുകൂടും
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ എല്ലാ സെഗ്മെൻ്റിലും സാന്നിധ്യമറിയിച്ചിട്ടുള്ളവരാണ് ഹീറോ മോട്ടോകോർപ്. 100 സിസി മുതൽ 250 സിസി വരെയുള്ള വിഭാഗത്തിലാണ് കമ്പനി നിലവിൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഹീറോയുടെ ന്യൂജെൻ ബൈക്കുകളുടെ ഡിസൈനാണ് ഇപ്പോൾ ഏവരും ചർച്ച ചെയ്യപ്പെടുന്നത്. എക്‌സ്‌പൾസ് 210, കരിസ്‌മ XMR, എക്‌സ്‌ട്രീം 250R, സൂം സീരീസ് സ്‌കൂട്ടറുകൾ എന്നിവയുടെയെല്ലാം ഏറ്റവും വലിയ ഹൈലൈറ്റ് രൂപം തന്നെയാണ്. കൂട്ടത്തിൽ പണ്ടത്തെ CBZ മോഡലിന്റെ പിൻമാഗിയായി വാഴ്ത്താനാവുന്ന എക്‌സ്‌ട്രീം 160 R മോഡലും യൂത്തൻമാരുടെ പ്രിയങ്കരനാണ്.
അടിക്കടി മോഡലിനെ നവീകരിക്കുന്നതിൽ കമ്പനി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അധികം വൈകാതെ തന്നെ എക്‌സ്‌ട്രീം 160 R 4V പതിപ്പിൻ്റെ പുതിയ കോംബാറ്റ് എഡിഷൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ. ഇതിൻ്റെ ഭാഗമായി ബൈക്കിൻ്റെ ചിത്രങ്ങളും ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്തുവിട്ടിരിക്കുകയാണ് ഹീറോ. നിരവധി അപ്ഡേഷനുകളുമായി വരുന്ന മോട്ടോർസൈക്കിളിൽ ക്രൂയിസ് കൺട്രോൾ വരെയുണ്ടാവുമെന്നാണ് വിവരം.

അതോടൊപ്പം എക്‌സ്‌ട്രീം 160 R 4V കോംബാറ്റ് എഡിഷന് പുതുക്കിയ ഗ്രാഫിക്സും പുതിയ കളർ ഓപ്ഷനും ഉൾപ്പെടുത്തി വേറിട്ടുനിർത്താനും ഹീറോ ശ്രമിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള മെക്കാനിക്കൽ അപ്‌ഡേറ്റുകളും ലഭിച്ചിട്ടില്ലെങ്കിലും ഡിസൈനിലെ മോടിപിടിപ്പിക്കൽ ആളുകളിൽ ആരവുമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കരിസ്മ XMR സ്പോർട്‌സ് ബൈക്കിൽ കണ്ടതിന് സമാനമായ കളർ ഓപ്ഷൻ തന്നെയാണ് 160 സിസി മോഡലിലും ഉപയോഗിച്ചിരിക്കുന്നത്.
ടാങ്ക് ഷ്രൗഡിലും എഞ്ചിൻ കവറിലും നിയോൺ യെല്ലോ ഹൈലൈറ്റുകൾ ഉപയോഗിച്ച് കോംബാറ്റ് ഗ്രേ എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. ബൈക്കിൻ്റെ ടെയിലിൽ പില്യൺ സീറ്റിനടിയിൽ ഒരു ചെറിയ നിയോൺ യെല്ലോ ആക്സൻ്റ് നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഹീറോ എക്‌സ്ട്രീം 160 4V കോംബാറ്റ് എഡിഷനിൽ ഇപ്പോൾ പുതുക്കിയ ഹെഡ്‌ലാമ്പ് ഡിസൈൻ ഉണ്ട്. എക്‌സ്ട്രീം 250R-ൽ കാണാൻ കഴിയുന്നതിനോട് സാമ്യമുള്ള ഹെഡ്‌ലാമ്പാണ് ഇപ്പോൾ ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഇതുകൂടാതെ ക്രൂയിസ് കൺട്രോൾ, റെയിൻ, സ്‌പോർട്‌സ്, റോഡ് റൈഡിംഗ് മോഡുകൾ, റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ, 0-60 ടൈം, ക്വാർട്ടർ-മൈൽ ടൈം റെക്കോർഡർ ഉള്ള ഡ്രാഗ് റേസ് ടൈമർ, ഫുൾ കളർ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ഹീറോ എക്‌സ്ട്രീം 160 4V കോംബാറ്റ് എഡിഷനിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. റൈഡ്-ബൈ-വയർ, ക്രൂയിസ് കൺട്രോൾ സാങ്കേതികവിദ്യ എന്നൂ ഫീച്ചറുകൾ ഈ സെഗ്‌മെന്റിൽ ലഭിക്കുന്ന ആദ്യത്തെ 160 സിസി മോട്ടോർസൈക്കിളായിരിക്കുമിത്.
പുതിയ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പുതിയ ഫീച്ചറുകൾക്കൊപ്പം എക്‌സ്ട്രീമിൻ്റെ സ്റ്റാൻഡേർഡ് എഡിഷൻ മോഡലിനേക്കാൾ അൽപം ഉയർന്ന വിലയായിരിക്കും ഇതിനുണ്ടായിരിക്കുക. നിലവിൽ 1.29 ലക്ഷം മുതൽ 1.35 ലക്ഷം രൂപ വപെയാണ് ഹീറോ എക്‌സ്ട്രീം 160 4V മോഡലിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മുകളിൽ പറഞ്ഞതുപോലെ മോട്ടോർസൈക്കിളിന് മെക്കാനിക്കലായി മാറ്റങ്ങളൊന്നും തന്നെ ഉണ്ടാവില്ല.
163 സിസി, 4-സ്ട്രോക്ക്, എയർ-ഓയിൽ കൂൾഡ്, 4 വാൽവ് എഞ്ചിൻ തന്നെയാണ് ഹീറോ എക്‌സ്ട്രീം 160 4V കോംബാറ്റ് എഡിഷനും തുടിപ്പേകാൻ എത്തുക. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ 16.66 bhp പവറും 6,500 ആർപിഎമ്മിൽ 14.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ഹീറോ മോട്ടോകോർപ് പറയുന്നത്. സെഗ്മെൻ്റിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്ക് എന്നതിലുപരി ഏറ്റവും പെർഫോമൻസ് തരുന്ന മോഡൽ കൂടിയാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








