കാണാൻ എന്തൊരു ക്യൂട്ടാണ്, കുറഞ്ഞ വിലയിൽ ഒടുക്കത്തെ റേഞ്ചുമായി പുതിയ ഹീറോ ഇലക്‌ട്രിക് സ്‌കൂട്ടർ
ഇലക്ട്രിക് സ്‌കൂട്ടർ വിപണി കത്തിക്കാനായി ഹീറോ മോട്ടോകോർപ്പിന്റെ പുത്തൻ മോഡൽ വിപണിയിലേക്ക് എത്തുകയാണ്. 2025 ജൂലൈ ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ഇവി ഇപ്പോൾ വലിയ സംസാര വിഷയമായിരിക്കുകയാണ്. നിലവിൽ വിഡ V1 സീരീസ് വിപണിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും ഏഥർ റിസ്‌ത, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഹോണ്ട ആക്‌ടിവ ഇവി, വരാനിരിക്കുന്ന ഇ-ആക്‌സസ് എന്നിവയോട് മല്ലിടാൻ പുതിയ പടയാളി വേണമെന്ന കമ്പനിയുടെ വാശിയാണ് പുതുമോഡലിന്റെ പിറവിക്ക് കാരണമായിരിക്കുന്നത്. വിഡ VX2 പ്ലസ് എന്നുപേരിട്ടിരിക്കുന്ന സ്‌കൂട്ടറിന്റെ ചിത്രങ്ങൾ അവതരണത്തിന് മുന്നോടിയായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.
അടിപൊളി ഡിസൈനും കിടിലൻ ഫീച്ചറുകളും ഉൾക്കൊള്ളുന്ന പ്രായോഗികമായ ഫാമിലി ഇലക‌്ട്രിക് സ്‌കൂട്ടറായിരിക്കും വരാനിരിക്കുന്ന ഹീറോ വിഡ VX2 പ്ലസ് എന്നാണ് ചിത്രങ്ങൾ സൂചന നൽകുന്നത്. കഴിഞ്ഞ വർഷം അവസാനം EICMA മോട്ടോർഷോയിലും 2025 ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലും അരങ്ങേറ്റം കുറിച്ച കൺസെപ്റ്റ് മോഡലിന് സമാനമായ ഡിസൈൻ തന്നെയാണ് പ്രൊഡക്ഷൻ പതിപ്പും സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

വ്യത്യസ്ത പേരിനു പുറമേ വിഡ Z പ്രോട്ടോടൈപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ മാറ്റങ്ങളൊന്നും കാണാനായേക്കില്ല. സിംഗിൾ-ടോൺ മാറ്റ് യെല്ലാ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി വരുന്നതിനാൽ സ്റ്റൈലിന്റെ കാര്യത്തിൽ ഓല പോലുള്ള എതിരാളികളോട് മത്സരിക്കാൻ കക്ഷി യോഗ്യമാണ്. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ് സിഗ്നേച്ചർ, ഷാർപ്പ്-ലുക്കിംഗ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും രൂപത്തെ അടിപൊളിയാക്കുന്നുണ്ട്.
കൂടാതെ ടു-ടോൺ 12 ഇഞ്ച് അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ എന്നിവ ഹീറോ മോട്ടോകോർപ്പിന്റെ നിലവിലെ വിഡ V2 ഇലക്ട്രിക് സ്‌കൂട്ടർ ശ്രേണിയുമായി സമാനമാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മുൻവശത്ത് സ്റ്റോറേജ് സ്പേസ്, ഗ്രേ നിറത്തിലുള്ള ചുറ്റുപാടുകൾക്ക് പുറമേ ഒരു SOS സ്വിച്ച് എന്നിവയും വരാനിരിക്കുന്ന ഹീറോ വിഡ VX2 പ്ലസ് ഇവിയിൽ ഇടംപിടിക്കും.

മറ്റൊരു പ്രധാന കാര്യം ഒരു സാധാരണ കീ ഉപയോഗിക്കുന്നതിനാൽ കീലെസ് ഇഗ്നിഷൻ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിൽ ഉണ്ടാവില്ല എന്നതാണ്. നിലവിലുള്ള വിഡ സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ VX2 പ്ലസിൽ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഉൾപ്പെടുത്തിയിട്ടുണ്ട്. റീപോസിഷൻ ചെയ്ത ടെയിൽ ലാമ്പും പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ആപ്രോണും പ്രീമിയം ഫീൽ സമ്മാനിക്കുന്നുമുണ്ട്.
അതോടൊപ്പം തന്നെ പുതിയ വൺ-പീസ് ട്യൂബുലാർ ഗ്രാബ് റെയിലും സ്റ്റെപ്പ്ഡ് സിംഗിൾ-പീസ് സീറ്റ് സജ്ജീകരണവും മനോഹരമാക്കാനും കമ്പനിക്കായിട്ടുണ്ട്. സിംഗിൾ-ടോൺ ബോഡി ഫിനിഷിനൊപ്പം കൂടുതൽ മനോഹരമായ രൂപം സ്വീകരിച്ചിരിക്കുന്നത് എല്ലാത്തരം ഉപഭോക്താക്കളേയും തൃപ്ത്തിപ്പെടുന്ന കാര്യമാണ്. വിഡ VX2 ഇലക്ട്രിക് സ്കൂട്ടറിന്റെ ഉയർന്ന വേരിയന്റുകളിൽ ടച്ച് പ്രൊവിഷനോടുകൂടിയ ചെറിയ ഡിജിറ്റൽ ഡാഷ്‌ബോർഡ് ആയിരിക്കും ഉണ്ടാവുക.

വിവിധ വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ V2 ഇവികളെ പോലെ ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകളും വരാനിരിക്കുന്ന VX2 ഇലക്ട്രിക് സ്കൂട്ടറിനുണ്ടാവും. താഴ്ന്ന മോഡലുകളിൽ 94 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 2.2 കിലോവാട്ട്സ് ബാറ്ററി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ടോപ്പ് വേരിയന്റിന് 143 കിലോമീറ്റർ റേഞ്ച് നൽകുന്ന 3.44 കിലോവാട്ട്സ് ബാറ്ററി പായ്ക്കും കമ്പനി വാഗ്‌ദാനം ചെയ്തേക്കും.
സിംഗിൾ ചാർജിൽ 165 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന 3.94 kWh പായ്ക്ക് പായ്ക്കും ഹീറോ വിഡ VX2 ഇവിയിൽ ഒരുക്കിയേക്കാം. അങ്ങനെ മൊത്തത്തിൽ കളറാക്കാൻ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിനാവുമെങ്കിൽ വാങ്ങാൻ ആളുകളുടെ വലിയ തള്ളിക്കയറ്റം തന്നെ പ്രതീക്ഷിക്കാം. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഏകദേശം 1 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








