ആക്‌ടിവ ഓടിക്കാൻ ഇനി കറണ്ട് മതി, രാജ്യത്തിന്റെ സ്വന്തം ഇലക്‌ട്രിക് സ്‌കൂട്ടർ ഡീലർഷിപ്പിലെത്തി! 102 KM റേഞ്ച്
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലെ സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ കുത്തക തകർക്കാനായി ആക്‌ടിവയുടെ വൈദ്യുതീകരിച്ച പതിപ്പുമായി ഹോണ്ട (Honda Activa Electric) എത്തിയ വിവരം ഇതിനോടകം ഏവരും അറിഞ്ഞിട്ടുണ്ടാവും. വിലയും ഇവിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളുമെല്ലാം പുറത്തുവിട്ട കമ്പനി അധികം വൈകാതെ ആക്‌ടിവ ഇവിക്കായുള്ള (Activa e) വിൽപ്പനയും ആരംഭിക്കാൻ ഒരുങ്ങുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി വാഹനം രാജ്യത്തുള്ള പ്രമുഖ ഡീലർഷിപ്പുകളിലെല്ലാം എത്തിത്തുടങ്ങിയതായാണ് വിവരം. 2025 ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഔദ്യോഗികമായി അവതരിപ്പിച്ച ഇവിക്ക് (EV) ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.
1.17 ലക്ഷം രൂപ മുതലാണ് ഹോണ്ട ആക്‌ടിവ ഇവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ്, റോഡ്സിങ്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ടാമത്തെ മോഡലിന് വില 1.52 ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. വില അൽപം കൂടുതലായി തോന്നാമെങ്കിലും നല്ല വൃത്തിയുള്ള ഡിസൈനും ഹോണ്ടയുടെ വിശ്വാസവും കൂടിയാവുമ്പോൾ ഇതൊരു അമിത വിലയായി പലർക്കും തോന്നിയേക്കില്ല.

2024 നവംബറിൽ പ്രദർശിപ്പിച്ച ആക്‌ടിവ ഇവിക്കായുള്ള ബുക്കിംഗ് ജനുവരി ആദ്യം തന്നെ കമ്പനി ആരംഭിച്ചിരുന്നു. 6kW പവറിൽ 22 Nm torque ഉത്പാദിപ്പിക്കാനാവുന്ന രണ്ട് 1.5kWh സ്വാപ്പബിൾ ബാറ്ററി പായ്ക്കുമായാണ് ആക്‌ടിവയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തുന്നത്. സ്വിംഗാർമിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. സിംഗിൾ ചാർജിൽ ആക്ടിവയ്ക്ക് 102 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.
തലക്കെട്ടിൽ പറഞ്ഞതു പോലെ റേഞ്ചല്ല, വിശ്വാസമാണ് മെയിൻ. സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ റേഞ്ച് അൽപം കുറവാണെങ്കിലും പെർഫോമൻസ് കണക്കുകളിൽ ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്കൂട്ടർ മോശക്കാരനല്ല കേട്ടോ. 7.3 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാവുന്ന വിധത്തിലാണ് വാഹനത്തെ കമ്പനി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

അതേസമയം 80 കിലോമീറ്ററിന്റെ പരമാവധി വേഗമാണ് ഇവിക്കുള്ളത്. ഇക്കോ, സ്റ്റാൻഡേർഡ്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്കൂട്ടറിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പെട്രോൾ ആക്ടിവയുടെ തന്നെ ബോഡിയും ഫ്രെയിമും അടിസ്ഥാനമാക്കിയാണ് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പിനെ കമ്പനി പണികഴിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടർ ലളിതവും എന്നാൽ ആകർഷകവുമായ രീതിയിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നും ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. പേൾ ഷാലോ ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, പേൾ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തുന്നത്.

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയുള്ള ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഫീച്ചറുകൾ, സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് സേഫ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട് എന്നിവ ഉൾപ്പെടുന്ന ഹോണ്ടയുടെ H-സ്മാർട്ട് സവിശേഷതകൾ പോലുള്ള മോഡേൺ സാങ്കേതികവിദ്യകളും ഇവിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഹോണ്ട ആക്ടിവ ഇവിയുടെ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ടിവിഎസ് ഐക്യൂബ്, ഓല S1 പ്രോ, ഏഥർ 450 സീരീസ്, ബജാജ് ചേതക് എന്നിവയോടാവും ആക്‌ടിവ പുതിയ ഇലക്ട്രിക് പതിപ്പ് മത്സരിക്കുക.


Click it and Unblock the Notifications








