വീട്ടിൽ ചാർജ് ചെയ്യേണ്ട, ആക്‌ടിവ ഇവിയുടെ ബാറ്ററി സ്വാപ്പിംഗ് ചാർജ് കുറച്ച് ഹോണ്ടയുടെ പ്രഖ്യാപനം
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ വിരാജിക്കുന്നത് കണ്ട് ഹാലിളകിയവരാണ് ഹോണ്ട. തുടർന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഗിയർലെസ് സ്‌കൂട്ടറായ ആക്‌ടിവയെ വൈദ്യുതീകരിച്ച് കമ്പനി അടുത്തിടെ വിപണനത്തിന് എത്തിച്ചിരുന്നു. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ V2, ഓല S1, ഏഥർ 450 തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് എത്തിയ ആക്‌ടിവ ഇവി 2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. പിന്നീട് ഇവിയുടെ വിപണനവും ചില നഗരങ്ങ മാത്രം കേന്ദ്രീകരിച്ച് ഹോണ്ട ആരംഭിക്കുകയും ചെയ്‌തു. ഇതുവരെ കേരളത്തിലെങ്ങും എത്തിയില്ലെങ്കിലും മലയാളികൾ ഒന്നടങ്കം ഇതിഹാസത്തെ കാത്തിരിക്കുകയാണ്.
ബാറ്ററി സ്വാപ്പിംഗ് പോലുള്ള സംവിധാനങ്ങൾ നടപ്പിലാക്കിയാണ് ഹോണ്ട ആക്‌ടിവ ഇവിയെ വേറിട്ടുനിർത്തിയിരിക്കുന്നത്. റിമൂവബിൾ ബാറ്ററികളായതിനാൽ ചാർജിംഗ് സമയത്തെ കുറിച്ചോർത്തുള്ള ആശങ്കകളൊന്നും ഇവിടെ വേണ്ട. എന്നാൽ ഇതിനായുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾക്ക് അൽപം വില കൂടതലല്ലേയെന്ന ആശങ്കകൾ പലരും ഉന്നയിച്ചിരുന്നു. അങ്ങനെ പല കോണുകളിൽ നിന്നുമായി പരാതി ഉയർന്നതിനെ തുടർന്ന് ഇതിനെല്ലാം പരിഹാരവും കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ് കമ്പനി.

ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിനായി പുതിയതും കൂടുതൽ താങ്ങാനാവുന്നതുമായ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിച്ചുകൊണ്ടാണ് ഹോണ്ട കടന്നുവന്നിരിക്കുന്നത്. 'ലൈറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഹോണ്ട പവർ പായ്ക്ക് എനർജി ഇന്ത്യയുടെ ഈ പുതിയ പ്ലാൻ, മുമ്പ് വാഗ്ദാനം ചെയ്ത ബേസിക്'പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ ഫീസാണ് ഈടാക്കുക. അതായത് ഏകദേശം 50 ശതമാനത്തിലധികം കുറഞ്ഞ വില കൊടുത്താൽ മതിയാവുമെന്ന് സാരം.
ഇതുവഴി പോക്കറ്റിൽ പൈസ മിച്ചംപിടിക്കാനും സാഹയകരമാവും. വില കുറവായതിനാൽ തന്നെ എനർജി ക്വാട്ടയും ബാറ്ററി സ്വാപ്പിംഗിലും നിയന്ത്രണങ്ങളുണ്ടാവുമെന്ന് ഊഹിക്കാമല്ലോ അല്ലേ. ലൈറ്റ് പ്ലാൻ പ്രകാരം പ്രതിമാസം 678 രൂപയാണ് ഫീസ് അടയ്ക്കേണ്ടത്. ജിഎസ്ടി കൂടി ചേർത്താൽ പ്രതിമാസം അടയ്ക്കേണ്ട ആകെ തുക 800 രൂപയായി ഉയരും. അങ്ങനെ നോക്കിയാലപം ബേസിക് പ്ലാനിനേക്കാൾ ലാഭകരമാണിത് എന്നുപറയാം.

ബേസിക് പ്ലാൻ ഫീസ് വരുന്നത് 1,999 രൂപ + ജിഎസ്ടിയാണ്. അതായത് ലൈറ്റ് പ്ലാനിന്റെ ഇരട്ടി തുകയാണ് അടക്കേണ്ടതായി വരികയെന്ന് ചുരുക്കം. ബേസിക് പ്ലാനിന്റെ 35 കിലോവാട്ട് മണിക്കൂറിൽ നിന്ന് വെറും 20 കിലോവാട്ട് മണിക്കൂറായി ലൈറ്റ് പ്ലാനിന്റെ എനർജി ക്വാട്ട കുറയുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഈ പുതിയ പ്ലാൻ ഉപഭോക്താക്കൾക്ക് ദിവസേന 20 കിലോമീറ്റർ ഓട്ടം അല്ലെങ്കിൽ പ്രതിമാസം ആകെ 600 കിലോമീറ്റർ ഉപയോഗം മാത്രമാണ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബേസിക് പ്ലാനിലെ 40 കിലോമീറ്റർ ദൈനംദിന ഉപയോഗത്തിന്റെ പകുതിയാണിത്. അങ്ങനെ നോക്കുമ്പോൾ സംഗതി പ്രായോഗികമാണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇനി ദിവസം 20 കിലോമീറ്ററിൽ താഴെ മാത്രം ഉപയോഗമുള്ള വ്യക്തികളാണെങ്കിൽ പുതിയ ലൈറ്റ് പ്ലാൻ ഉപകാരപ്പെടുകയും ചെയ്യും. ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് നിലവിൽ ആക്‌ടിവ ഇവി വിപണനത്തിന് എത്തുന്നത്.

നിലവിൽ മലയാളികൾ ഏറെ തിങ്ങിപ്പാർക്കുന്ന ബെംഗളൂരുവിൽ മാത്രമാണ് ഹോണ്ട പവർ പായ്ക്ക് എനർജി പ്രവർത്തിക്കുന്നത്. ഏകദേശം 150 സ്റ്റേഷനുകൾ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനത്തിലുള്ള സ്വാപ്പ് നെറ്റ്‌വർക്ക് ഇല്ലാതെ കമ്പനിക്ക് ആക്ടിവ ഇവിയുടെ വിൽപ്പന ആരംഭിക്കാൻ കഴിയില്ല. അതുകൊണ്ടാണ് മുംബൈയിലും ഡൽഹിയിലും ആക്ടിവ ഇയുടെ ഡെലിവറികൾ വൈകുന്നത്.
ഒപ്പം കേരളം പോലുള്ള സംസ്ഥാനങ്ങളിലും വാഹനം എത്താൻ വൈകിയേക്കുമെന്നാണ് അനുമാനം. ആക്ടിവ ഇവിയുടെയും ഫിക്സഡ് ബാറ്ററി ഹോണ്ട QC1 ഇവിയുടെറെയും വിൽപ്പന മന്ദഗതിയിലാണ് പൊയ്ക്കോണ്ടിരിക്കുന്നത്. ഏറ്റവും പുതിയ വാഹൻ രജിസ്ട്രേഷൻ ഡാറ്റ പ്രകാരം ഈ വർഷം ഇതുവരെ 1,053 ഇലക്ട്രിക് സ്കൂട്ടറുകൾ മാത്രമേ ഹോണ്ടയ്ക്ക് വിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ. എന്തായാലും വരും വർഷങ്ങളിൽ എതിരാളികൾക്ക് മുന്നിൽ ഓടിക്കയറാൻ ബ്രാൻഡിനാവുമോയെന്നത് കണ്ടറിയണം.


Click it and Unblock the Notifications








