പതിവില്ലാത്തതാണല്ലോ, ബൈക്കുകൾക്ക് 10,000 രൂപയുടെ ഓഫറുമായി ഹോണ്ടയുടെ ആദായ വിൽപ്പന
എല്ലാത്തരം ഇരുചക്ര വാഹനങ്ങളും നിർമിക്കുന്നതിൽ പ്രത്യേക കഴിവുള്ളവരാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട (Honda). സ്‌കൂട്ടറുകളായാലും കമ്മ്യൂട്ടർ, അഡ്വഞ്ചർ, സ്പോർട്‌സ്, ആഡംബര ബൈക്കുകളായാലും ഇവികളായാലും എല്ലാത്തിനും ഉത്തരം ഹോണ്ട നൽകും. ആക്‌ടിവയാണ് കമ്പനിയുടെ ബെസ്റ്റ് സെല്ലർ എങ്കിലും മറ്റ് വിഭാഗങ്ങളിൽ നിന്നും പണംവാരൻ പറ്റുന്നുണ്ട്. ഓഫറിട്ട് കച്ചോടം പിടിക്കുന്നത് പൊതുവേ ബ്രാൻഡിന്റെ വഴിയല്ലെങ്കിലും സാമ്പത്തിക വർഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് കമ്പനിയുടെ ചില മോട്ടോർസൈക്കിളുകളിൽ പ്രതീക്ഷിക്കാത്ത ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട. ബിഗ്‌വിംഗ് (BigWing) ഡീലർഷിപ്പിലൂടെ വിപണനം ചെയ്യുന്ന ബൈക്കുകൾക്കാണ് കമ്പനി ഈ മാസം ചില ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
2024 മോഡൽ ഇയർ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവും. CB200X, ഹോർനെറ്റ് 2.0 എന്നിവയ്ക്ക് യാതൊരു വിധത്തിലുളള ഡിസ്‌കൗണ്ടും ലഭിക്കുകയില്ലെന്ന് ആദ്യമേ പറയാം. നിലവിൽ ബിഗ്‌വിംഗ് വഴി 9 മോട്ടോർസൈക്കിളുകളാണ് ഹോണ്ട വിപണനം ചെയ്യുന്നത്. അതിൽ CB300F, ഹൈനസ് CB350, CB350, CB350RS, NX500, ട്രാൻസാൽപ്, CBR650R, ഗോൾഡ് വിംഗ് എന്നിവയാണ് ഉൾപ്പെടുന്നത്.

ഇതിൽ കഴിഞ്ഞ വർഷത്തെ വിറ്റുപോകാത്ത സ്റ്റോക്കുകൾ വിറ്റഴിക്കാനാണ് 10,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് വിംഗിലൂടെ കമ്പനി ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് CB350 മോഡലുകളാണ്. അടുത്തിടെ ഇവയുടെ 2025 മോഡൽ ഇയറുകൾ കമ്പനി വിപണിയിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. പുതിയ കളർ ഓപ്ഷനുകളുടെ രൂപത്തിലാണ് അപ്ഗ്രേഡുകൾ കൊണ്ടുവന്നിരിക്കുന്നതെങ്കിലും ഇത് ഷോറൂമുകളിൽ ആളെക്കയറ്റാൻ സഹായിക്കുന്ന നീക്കമാണ്.
202 ഹോണ്ട ഹൈനസ് CB350 റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിളിന് മൂന്ന് പുതിയ നിറങ്ങളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ടോപ്പ്-എൻഡ് DLX പ്രോ ക്രോം വേരിയന്റുകളിലാണ് പുത്തൻ പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാനാവുകയുള്ളൂവെന്ന് മാത്രം. മറുവശത്ത് CB350 RS സ്ക്രാംബ്ലർ സ്റ്റൈൽ മോഡലിലും DLX പ്രോ വേരിയന്റുകളിൽ മാത്രമാണ് മാറ്റമുണ്ടാവുക.

ഈ വേരിയന്റ് റെബൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ പുതിയ നിറങ്ങളിൽ ആളുകൾക്ക് വാങ്ങാനാവും. ഇതിനുപുറമെ സൈഡ് പാനലുകളിലും ഫ്യുവൽ ടാങ്കിലും പുത്തൻ ഗ്രാഫിക്സിന്റെ രൂപത്തിൽ സൂക്ഷ്മമായ മാറ്റങ്ങളും ഹോണ്ട വരുത്തിയിട്ടുണ്ട്. രണ്ടിലും ഒരേ 348.36 സിസി, സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന യൂണിറ്റ് 20.8 bhp കരുത്തിൽ 30 Nm ടോർക്ക് വരെയാണ് നൽകുന്നത്.
ഇതുകൂടാതെ അടുത്തിടെ ഹോണ്ട ബിഗ്‌വിംഗ് ഡീലർഷിപ്പിലേക്ക് CB200X അഡ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളിനെ റീബ്രാൻഡ് ചെയ്‌തും ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. ഇനി മുതൽ ബൈക്ക് NX200 എന്ന പേരിലായിരിക്കും അറിയപ്പെടുക. 1.68 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡസിനെ പുനരവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ടയുടെ റെഡ് വിംഗ്, ബിഗ് വിംഗ് ഡീലർഷിപ്പുകളിലൂടെ NX200 സ്വന്തമാക്കാനുമാവും.

ഡിസൈനും സ്റ്റൈലുമെല്ലാം പഴയ മോഡലിന് സമാനമാണെങ്കിലും റീബ്രാൻഡിംഗിനൊപ്പം ഫീച്ചറുകളുടെ കാര്യത്തിൽ ചെറിയ മെച്ചപ്പെടുത്തലുകളോടെയാണ് വാഹനം വിപണിയിലെത്തുന്നത്. 4.2 ഇഞ്ച് ഡിജിറ്റൽ TFT ഡിസ്പ്ലേയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ളതിനാൽ ഹോണ്ട റോഡ്സിങ്ക് ആപ്പുമായി ജോടിയാക്കി നാവിഗേഷൻ, കോൾ നോട്ടിഫിക്കേഷനുകൾ, എസ്എംഎസ് അലേർട്ടുകൾ എന്നീ സംവിധാനങ്ങൾ ഉപയോഗിക്കാൻ റൈഡറെ പ്രാപ്‌തമാക്കുകയും ചെയ്യും.
കൂടാതെ മോട്ടോർസൈക്കിളിൽ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ട മറ്റാരു പരിഷ്‌ക്കരണം പുതുക്കിയ 184.4 സിസി സിംഗിൾ സിലിണ്ടർ, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ്. ഇപ്പോൾ OBD-2B നിയന്ത്രണങ്ങൾ പാലിച്ച് വരുന്ന ബൈക്കിന് 8,500 ആർപിഎമ്മിൽ 16.76 bhp കരുത്തും 6,000 ആർപിഎമ്മിൽ 15.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സുഗമമായ പവർ ഡെലിവറി, ഇന്ധനക്ഷമത, വൈവിധ്യം എന്നിവ ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നതാണീ 184.4 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ. വ്യത്യസ്ത റോഡ് സാഹചര്യങ്ങളിൽ മെച്ചപ്പെട്ട റിയർ വീൽ ട്രാക്ഷനായി ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോളും (HSTC) മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.
ഫ്യുവൽ ടാങ്കിന്റെ ഭാഗത്തായി നൽകിയിരിക്കുന്ന കീഹോൾ, സ്റ്റൈലിഷ് അലോയ് വീലുകൾ, റഗ്ഗഡ് അണ്ടർ-കൗൾ, അപ്സ്വെറ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകൾ. മെച്ചപ്പെട്ട ബ്രേക്കിംഗിംനും സുരക്ഷയ്ക്കും ഡ്യുവൽ-ചാനൽ എബിഎസിന്റെ സപ്പോർട്ടും പുതിയ NX200 അഡ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളിൽ ഹോണ്ട കൊണ്ടുവന്നിട്ടുണ്ട്.


Click it and Unblock the Notifications








