ഇനി 2.19 ലക്ഷം മതി ഹോണ്ടയുടെ സുന്ദരനെ വാങ്ങാൻ, 300 സിസി ബൈക്കിന് കുറഞ്ഞത് എത്ര രൂപയെന്ന് കണ്ടോ
ടൂവീലർ സെഗ്മെന്റിലേക്ക് വരുമ്പോൾ എല്ലാവർക്കും ഇഷ്‌ടമുള്ള ബ്രാൻഡുകളിൽ ഒന്നായിരിക്കും ഹോണ്ട. നല്ല അടിപൊളി സ്‌കൂട്ടറുകളും ബൈക്കുകളും സൂപ്പർബൈക്കുകളുമെല്ലാം പണിതിറക്കുന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ ഇതുവരെ അങ്ങനെ ചീത്തപ്പേര് ഒന്നും കേൾപ്പിച്ചിട്ടില്ല. കംപ്ലയിന്റ് ഒന്നുമില്ലാതെ ദീർഘകാലം ഓടിക്കാവുന്ന എഞ്ചിൻ തന്നെയാണ് ബ്രാൻഡിന്റെ പ്രധാന ശക്തി. പ്രീമിയം മോട്ടോർസൈക്കിളുകളുടെ കമനീയ ശേഖരമുള്ള ബ്രാൻഡ് നിരയിൽ പലർക്കും ഇഷ്‌ടമുള്ളൊരു മോഡലാണ് CB300R. ശരിക്കും ഇന്ത്യയിലെ ഒരു അണ്ടർറേറ്റഡ് ബൈക്കുകളിൽ ഒന്നായി ഇതിനെ തോന്നിയിട്ടുണ്ട്. കണ്ട എല്ലാവർക്കും ഇഷ്‌ടമായെങ്കിലും അൽപം ഉയർന്ന വിലയായിരുന്നതിനാൽ അധികം ആളുകളിലേക്ക് CB300R എത്തിയില്ല.
ഏകദേശം 3 ലക്ഷത്തിന് മുകളിൽ ഓൺ-റോഡ് വിലയുണ്ടായിരുന്നെങ്കിലേ ഹോണ്ട CB300R സ്വന്തമാക്കാനാവുമായിരുന്നുള്ളൂ. എന്നാൽ ജിഎസ്‌ടി കുറച്ചതോടെ വിലയുടെ കാര്യത്തിൽ ഇനി ബൈക്ക് ആരേയും വീഴ്ത്തും. കാണാനുള്ള ഭംഗിയും പെർഫോമൻസിലെ വീര്യവും നന്നേയുള്ള മോട്ടോർസൈക്കിളിന് ഇപ്പോൾ വെറും 2.19 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത് കേട്ടോ.

ഈ മാസം ആദ്യം ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 350 സിസിയിൽ താഴെയുള്ള ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും ലഭിച്ചിരിക്കുന്ന ജിഎസ്ടി ആനുകൂല്യം മുഴുവൻ ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് CB300R-ന് ഇത്രയും വില കുറച്ചിരിക്കുന്നത്. 2.40 ലക്ഷം രൂപയിൽ നിന്നാണ് മോഡലിന്റെ വില 2.19 ലക്ഷമായി കുറഞ്ഞിരിക്കുന്നത്.
അതായത് മുൻ വിലയേക്കാൾ ഏകദേശം 21,000 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്. ബ്രാൻഡിന്റെ പ്രീമിയം നിയോ റെട്രോ സ്റ്റൈൽ റോഡ്സ്റ്ററിന് തുടിപ്പേകുന്നത് 286 സിസി സിംഗിൾ-സിലിണ്ടർ, DOHC, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 31 bhp കരുത്തിൽ പരമാവധി 27.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

വില കുറച്ചതോടെ കെടിഎം 250 ഡ്യൂക്ക് (2.12 ലക്ഷം രൂപ), ട്രയംഫ് സ്പീഡ് 400 (2.50 ലക്ഷം രൂപ), ടിവിഎസ് അപ്പാച്ചെ RTR 310 (2.21 ലക്ഷം മുതൽ 2.87 ലക്ഷം രൂപ വരെ) എന്നിവയുൾപ്പെടെയുള്ള എതിരാളികളോട് കൂടുതൽ മത്സരിക്കാൻ CB300R ഇപ്പോൾ തയാറായെന്ന് പറയാം. വെറും 146 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് കൈകാര്യം ചെയ്യാനും എതിരാളികളേക്കാൾ എളുപ്പമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.
വിലയൊഴികെ ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ജാപ്പനീസ് ബ്രാൻഡ് പറയുന്നു. നിയോ-റെട്രോ എൽഇഡി ഹെഡ്‌ലാമ്പ്, സ്‌കൾപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, എക്‌സ്‌പോസ്ഡ് ഫ്രെയിം, പരുക്കൻ ശൈലിയിലുള്ള എഞ്ചിൻ ഗാർഡ്, ചങ്കി അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവയാണ് CB300R മോഡലിലെ പ്രധാന സ്റ്റൈലിംഗ് ഘടകങ്ങൾ. കാൻഡി ക്രോമോസ്ഫിയർ റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് നിയോ റെട്രോ മോട്ടോർസൈക്കിൾ ഇന്ത്യയിൽ വാങ്ങാനാവുക.

CB300R മോട്ടോർസൈക്കിളിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ഗോൾഡൻ നിറത്തിൽ ഒരുക്കിയിരിക്കുന്ന അപ്ഡൈഡ് ഡൗൺ ഫോർക്കുകളും പിൻവശത്ത് ലിങ്ക്-ടൈപ്പ് മോണോഷോക്കുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള ഫ്രണ്ട് ഫോർക്കുകൾ ബൈക്കിന്റെ സൗന്ദര്യാത്മക ആകർഷണം വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് ചുമതലകൾക്കായി നിസിനിൽ നിന്നുള്ള കാലിപ്പറുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ രണ്ടറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ് ലഭിക്കുക. അധിക സുരക്ഷക്കായി സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരണവും ഹോണ്ട CB300R മോഡലിൽ കൊടുത്തിട്ടുണ്ട്. എന്തായാലും വില കുറഞ്ഞതോടെ കൂടുതൽ ആളുകൾ ബൈക്കിനെ തേടി ഷോറൂമിലെത്തുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








