ഹോണ്ടയുടെ ഈ ബൈക്ക് വാങ്ങിയവർക്ക് ഒരു മെസേജുണ്ട്, ഷോറൂമിൽ ചെന്നാൽ ഫ്രീയായി നന്നാക്കി തരും
ഏതുതരം ഇരുചക്ര വാഹനങ്ങളും നിർമിക്കുന്നതിൽ പ്രത്യേക കഴിവുള്ളവരാണ് ഹോണ്ട. ഈ പേര് പറയുമ്പോഴേ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ആക്‌ടിവയും യൂണിക്കോണും ഷൈനും ഡിയോയും പോലുള്ള സാധാരണക്കാരന്റെ വണ്ടികളാവും അല്ലേ. കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ വലിയ ഓഫ്-റോഡ് ആഡംബര മോഡലുകൾ വരെ നിർമിക്കുന്നതിൽ ഹോണ്ടയ്ക്കുള്ള വൈദഗ്ധ്യം ഒന്ന് വേറെ തന്നെയാണ്. കംപ്ലയിന്റ് ഒന്നുമില്ലാതെ ദീർഘകാലം ഓടിക്കാവുന്ന എഞ്ചിൻ തന്നെയാണ് ബ്രാൻഡിന്റെ പ്രധാന ശക്തി. പ്രീമിയം മോട്ടോർസൈക്കിളുകളുടെ കമനീയ ശേഖരമുള്ള ബ്രാൻഡ് നിരയിൽ പലർക്കും ഇഷ്‌ടമുള്ളൊരു മോഡലാണ് CB300R.
കാണാനുള്ള ഭംഗിയും പെർഫോമൻസിലെ വീര്യവും മാത്രമല്ല, താരതമ്യേന താങ്ങാനാവുന്ന വിലയിൽ കിട്ടുന്ന ഹോണ്ടയുടെ ചുണക്കുട്ടനായതിനാൽ CB300R അതിവേഗം പ്രശസ്‌തിയിലേക്ക് ഉയർന്നു. അങ്ങനെ പലരും വാങ്ങിയ ഈ മോട്ടോർസൈക്കിളിന് ഇപ്പോഴിതാ ചെറിയൊരു തകരാർ സംഭവിച്ചിരിക്കുകയാണ്. എഞ്ചിനിലോ ഒന്നുമല്ല കേട്ടോ, ഹെഡ്‌ലാമ്പ് യൂണിറ്റിലെ തകരാറിനെ തുടർന്ന് നിരവധി CB300R ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) സ്വമേധയാ തിരിച്ചുവിളിച്ചിട്ടുമുണ്ട്.

2018 നും 2020 നും ഇടയിൽ നിർമിച്ച ഹോണ്ട CB300R മോഡലുകളെയാണ് തിരിച്ചുവിളിക്കുന്നത്. ഇത് ആഗോളതലത്തിൽ നടപ്പിലാക്കുന്ന ഒരു പ്രവർത്തനത്തിന്റെ ഭാഗമാണ്. തകരാർ കണ്ടെത്തുന്ന വാഹനങ്ങൾ ഫ്രീയായി തന്നെ ഉടമയ്ക്ക് കമ്പനി മാറ്റി നൽകും. ഹെഡ്‌ലാമ്പിന്റെ ഇന്റേണൽ PCB ഘടനയെക്കുറിച്ചുള്ള ആശങ്കയെ തുടർന്നാണ് ജാപ്പനീസ് ബ്രാൻഡ് തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പല CB300R ബൈക്കുകളിലേയും ടെർമിൽ റൂട്ടിലെ കോർ വയറുകൾക്ക് തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നും അതിന്റെ ഫലമായി ഹെഡ്‌ലൈറ്റ് മിന്നിമറയുകയോ ഓഫാകുകയോ ചെയ്യുമെന്ന് ഹോണ്ട പറയുന്നു. മോട്ടോർസൈക്കിളിന്റെ വാറന്റി സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെയാവും തകരാറുകൾ പരിഹരിക്കുക. ഇന്ത്യയിലുടനീളമുള്ള ബിഗ്‌വിംഗ് ഡീലർഷിപ്പുകളിലൂടെയാവും ഇവ സൗജന്യമായി നടത്തുക.

തങ്ങളുടെ ബൈക്ക് തിരിച്ചുവിളിക്കലിന്റെ ഭാഗമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഹോണ്ട ബിഗ്‌വിംഗ് വെബ്‌സൈറ്റിൽ അവരുടെ യുണീക് വെഹിക്കിൾ ഐഡന്റിറ്റി നമ്പർ (VIN) ഉപയോഗിച്ചുകൊണ്ട് CB300R ഉപഭോക്താക്കൾക്ക് കമ്പനിയുമായി ബന്ധപ്പെടാനും കഴിയും. ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴിയാണ് ബ്രാൻഡിന്റെ പ്രീമിയം നിയോ റെട്രോ സ്റ്റൈൽ റോഡ്സ്റ്റർ ബൈക്ക് നിലവിൽ വിപണനം ചെയ്യുന്നത്.
വീൽ സ്പീഡ് സെൻസറിലെ ചില തകരാറുകളും ക്യാംഷാഫ്റ്റ് ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണം അടുത്തിടെയും ഹോണ്ട തങ്ങളുടെ CB300F, CB300R, CB350, ഹൈനസ് CB350, CB350RS തുടങ്ങിയ മോഡലുകൾ ഉൾപ്പെടെയുള്ള 300-350 സിസി വിഭാഗത്തിലെ മോട്ടോർസൈക്കിളുകളെ തിരിച്ചുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് CB300R നിയോ റെട്രോ സ്റ്റൈൽ റോഡ്സ്റ്റർ ബൈക്ക് രണ്ടാമതും തിരിച്ചുവിളിക്കലിന്റെ ഭാഗമാവുന്നത്.

9,000 ആർപിഎമ്മിൽ 31 bhp കരുത്തും 6,500 ആർപിഎമ്മിൽ 27.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 286 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് CB300R നേക്കഡ് മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഒരു സ്ലിപ്പർ, അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വെറും 146 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് ഓടിക്കാൻ വളരെ എളുപ്പമാണ്.
നിയോ-റെട്രോ എൽഇഡി ഹെഡ്‌ലാമ്പ്, സ്‌കൾപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, എക്‌സ്‌പോസ്ഡ് ഫ്രെയിം, പരുക്കൻ ശൈലിയിലുള്ള എഞ്ചിൻ ഗാർഡ്, ചങ്കി അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവയാണ് CB300R മോഡലിലെ പ്രധാന സ്റ്റൈലിംഗ് ഘടകങ്ങൾ. കാൻഡി ക്രോമോസ്ഫിയർ റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് നിയോ റെട്രോ മോട്ടോർസൈക്കിൾ ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്. 2.40 ലക്ഷമാണ് മോഡലിന്റെ എക്സ്ഷോറൂം വില വരുന്നതും.


Click it and Unblock the Notifications








