ഇന്ത്യയോട് ഗുഡ്ബൈ പറഞ്ഞ് 10 വർഷം വാറണ്ടിയുണ്ടായിരുന്ന ഹോണ്ടയുടെ അണ്ടർറേറ്റഡ് ബൈക്ക്
നല്ല ഒന്നാന്തരം ബൈക്കുകളും സ്‌കൂട്ടറുകളും ഇന്ത്യക്കാർക്ക് നൽകുന്ന ഇരുചക്ര വാഹന നിർമാതാക്കളാണ് ഹോണ്ട. ഈ പേര് കേട്ടാൽ തന്നെ വിശ്വാസം എന്ന വാക്കായിരിക്കും പലർക്കും ആദ്യം ഓർമ വരിക. നല്ല റിഫൈൻഡായിട്ടുള്ള എഞ്ചിനും നല്ല സർവീസിംഗുമെല്ലാം നൽകി പേരെടുത്തിട്ടുള്ള കമ്പനി ആഭ്യന്തര വിപണിയിൽ 100 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മുതൽ 2,000 സിസി വരെയുള്ള സൂപ്പർബൈക്കുകൾ വരെ പുറത്തിറക്കുന്നതിൽ പ്രഗത്ഭരാണ്. പ്രീമിയം മോട്ടോർസൈക്കിളുകളുടെ കമനീയ ശേഖരമുള്ള ബ്രാൻഡ് നിരയിൽ പലർക്കും ഇഷ്‌ടമുള്ളൊരു മോഡലാണ് CB300R (Honda CB300R).
വലിയ കച്ചോടമൊന്നുമില്ലെങ്കിലും വലിയ ഫാൻബേസാണ് ഇന്ത്യയിൽ ഈ നിയോ റെട്രോ മോഡലിനുള്ളത്. ശരിക്കും ഇന്ത്യയിലെ ഒരു അണ്ടർറേറ്റഡ് ബൈക്കുകളിൽ ഒന്നായി പലരും വാഴ്ത്തപ്പെടുന്ന CB300R വാങ്ങാനിരുന്നവർക്ക് നിരാശ സമ്മാനിക്കുന്നൊരു വാർത്തയിതാ പുറത്തുവന്നിരിക്കുകയാണ്. മോഡലിന്റെ രാജ്യത്തെ വിൽപ്പന അവസാനിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ.

ഹോണ്ട തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് CB300R നിശബ്ദമായി പിൻവലിച്ചതോടെയാണ് ഈ വാർത്ത പുറംലോകം അറിയുന്നത്. ബൈക്കിന്റെ വിറ്റുപോകാത്ത സ്റ്റോക്കുകളൊന്നും അവശേഷിക്കുന്നില്ലെന്നും ഇനിയങ്ങോട്ട് ബുക്കിംഗുകൾ എടുക്കുന്നില്ലെന്നും ഡീലർമാർ അറിയിച്ചതായും ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2019 ൽ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ (CKD) രൂപത്തിലാണ് CB300R ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
പിന്നീട് 2020-ൽ കർശനമായ ബിഎസ്-VI മലിനീകരണ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായി ബൈക്കിന്റെ കച്ചോടം ഹോണ്ട ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. പിന്നീട് 2022-ന്റെ തുടക്കത്തിൽ ബേബി CB300 നമ്മുടെ വിപണിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇത്തവണ കൂടുതൽ പ്രാദേശികവൽക്കരിച്ച ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് CB300R വിപണനത്തിന് എത്തുന്നത്.

എങ്കിലും കാര്യമായ രീതിയിൽ ആളുകൾ വാങ്ങാനെത്തത്തതിൽ കമ്പനി നിരാശരായിരുന്നുവെന്ന് വേണം പറയാൻ. എങ്കിലും കുറച്ച് കാലം കൂടി 300 സിസി മോഡലിന്റെ വിൽപ്പന മുമ്പോട്ട് കൊണ്ടുപോവാൻ ഹോണ്ട തീരുമാനിച്ചു. കാണാനുള്ള ഭംഗിയും പെർഫോമൻസിലെ വീര്യവും നന്നേയുള്ള CB300R-ന് ജിഎസ്ടി വെട്ടിക്കുറച്ചതിന് ശേഷം 2.19 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വന്നിരുന്നത്.
2.40 ലക്ഷം രൂപയിൽ നിന്നാണ് മോഡലിന്റെ വില 2.19 ലക്ഷമായി കുറഞ്ഞത്. അതായത് ബൈക്കിന്റെ മുൻ വിലയേക്കാൾ ഏകദേശം 21,000 രൂപയോളമാണ് കുറഞ്ഞിരിക്കുന്നതെന്ന് ചുരുക്കം. ബ്രാൻഡിന്റെ പ്രീമിയം നിയോ റെട്രോ സ്റ്റൈൽ റോഡ്സ്റ്ററിന് തുടിപ്പേകുന്നത് 286 സിസി സിംഗിൾ-സിലിണ്ടർ, DOHC, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എഞ്ചിന് 31 bhp പവറിൽ പരമാവധി 27.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു.

സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. CB300R നിർത്തലാക്കിയതിന്റെ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ലെങ്കിലും രണ്ട് വ്യത്യസ്ത സാധ്യതകളാണുള്ളത്. അതിൽ ഒന്ന്, ഹോണ്ടയിൽ നിന്നും ദീർഘകാലമായി കാത്തിരുന്ന റെബൽ 300 ക്രൂയിസറിന്റെ വരവിന് സമയമായി എന്നതാവാം. ഒരേ എഞ്ചിനുള്ള രണ്ട് ബൈക്കുകൾ സമാന വിലയിൽ വരുന്നത് വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയേക്കില്ലെന്ന് ഹോണ്ട മനസിലാക്കിയിട്ടുണ്ട്.
രണ്ടാമത്തേത് വിൽപ്പന കാര്യമായി നേടാനാവാതെ പോയതാവാം. എന്തായാലും CB300R വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തതിന് ഒരു കാരണവും ഹോണ്ട വ്യക്തമാക്കിയിട്ടില്ല. ഭാവിയിൽ ഈ മോഡൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുമോ എന്ന് കണ്ടറിയണം. കാൻഡി ക്രോമോസ്ഫിയർ റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ വിപണനത്തിന് എത്തിയിരുന്നത്.
നിയോ-റെട്രോ എൽഇഡി ഹെഡ്‌ലാമ്പ്, സ്‌കൾപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, എക്‌സ്‌പോസ്ഡ് ഫ്രെയിം, പരുക്കൻ ശൈലിയിലുള്ള എഞ്ചിൻ ഗാർഡ്, ചങ്കി അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവയായിരുന്നു ഹോണ്ട CB300R മോട്ടോർസൈക്കിളിലെ പ്രധാന ഫീച്ചറുകൾ. വെറും 146 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് കൈകാര്യം ചെയ്യാനും എതിരാളികളേക്കാൾ എളുപ്പമാണെന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു.


Click it and Unblock the Notifications








