വികാരവും വിറയലുമില്ലാത്ത 350 സിസി ബൈക്കിന് 15,000 രൂപയുടെ ഓഫറുമായി ഹോണ്ട, ബുള്ളറ്റിന്റെ എതിരാളി
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ക്ലാസിക്കിനും ബുള്ളറ്റിനും പണികൊടുക്കാനായി സാക്ഷാൽ ഹോണ്ട പുറത്തിറക്കിയ മോഡലായിരുന്നു ഹൈനസ് CB350. ഇന്ത്യക്കാരുടെ പൾസറിഞ്ഞ് പണികഴിപ്പിച്ച വണ്ടി നിരത്തുകളിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചത്. ചെറുപ്പക്കാരെല്ലാം ഹോണ്ടയുടെ ഷോറൂമുകളിലെല്ലാം തിങ്ങിനിറയാൻ തുടങ്ങിയതിന്റെ കാരണവും ഹൈനസ് തന്നെയായിരുന്നു. എന്നാൽ ട്രയംഫിന്റെ വരവോടെ കൂടുതൽ ആളുകളും അങ്ങോട്ട് ചാഞ്ഞപ്പോൾ ജാപ്പനീസ് ബ്രാൻഡിന് ചെറിയൊരു ക്ഷീണം വന്നിട്ടുണ്ടെന്ന് വേണം പറയാൻ. ഇതിനെ മറികടക്കാനും സെഗ്മെന്റിലെ ആധിപത്യം തിരികെ പിടിക്കാനുമായി ഹൈനസിന് കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഹോണ്ട ഹൈനസ് CB350 റെട്രോ മോട്ടോർസൈക്കിൾ വാങ്ങിനിരിക്കുന്നവർക്ക് 15,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. OBD-2B മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോഡേൺ-ക്ലാസിക്കിനെ കമ്പനി അടുത്തിടെ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചിരുന്നു. പുതിയ രൂപത്തിനായി ബൈക്കിന് ഹോണ്ട പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചിരുന്നു.

ഇതേ മോഡലിൽ തന്നെയാണ് 15,000 രൂപ വരെ വരുന്ന ആനുകൂല്യങ്ങൾ ഹോണ്ട ഒരുക്കിയിരിക്കുന്നതും. മെയ് 31 വരെ മാത്രമേ ഓഫർ ഉപയോഗപ്പെടുത്താനാവൂവെന്നാണ് കമ്പനി പറയുന്നത്. 2025 ഹോണ്ട CB350 DLX വേരിയന്റിന് 1.99 ലക്ഷം രൂപയും DLX പ്രോ വേരിയന്റിന് 2.17 ലക്ഷം രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്. പഴയകാല ക്ലാസിക് ശൈലിയിലുള്ള മോഡൽ ആരായാലും കണ്ടാൽ ഒന്ന് വാങ്ങാൻ തോന്നും.
DLX, DLX പ്രോ വേരിയന്റുകൾ പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, പ്രഷ്യസ് റെഡ് മെറ്റാലിക് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. കൂടുതൽ വ്യതിരിക്തമായ രൂപത്തിനായി DLX പ്രോ മോഡലുകളിൽ ക്രോം പാനലുകളും വ്യത്യസ്ത നിറങ്ങളിലുള്ള സീറ്റുകളുമാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ റെട്രോ ചാരുത നിലനിർത്താനും കമ്പനിക്കായിട്ടുണ്ട്.

348 സിസി സിംഗിൾ-സിലിണ്ടർ എയർ കൂൾഡ് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് കൌണ്ടർബാലൻസ്ഡ് എഞ്ചിനാണ് ഹൈനസിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 5,500 ആർപിഎമ്മിൽ 20.7 bhp പവറും 3,000 ആർപിഎമ്മിൽ 29.4 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹാഫ്-ഡ്യൂപ്ലെക്സ് ക്രാഡിൽ ഫ്രെയിമിലാണ് ഹൈനസ് പണികഴിപ്പിച്ചിരിക്കുന്നത്.
ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് ലഭ്യമാവുക. എമർജൻസി സ്റ്റോപ്പ് സിഗ്നൽ, എൽഇഡി ഹെഡ്‌ലാമ്പ്, ഫയർ റിംഗ് ടൈപ്പ് എൽഇഡി ബ്ലിങ്കറുള്ള ടെയിൽ ലാമ്പുകൾ എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം ബൈക്കിലുണ്ട്.

ഇതുകൂടാതെ ഡിജിറ്റൽ മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ, മികച്ച ട്രാക്ഷനായി ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, സൈഡ് സ്റ്റാൻഡിനുള്ള എഞ്ചിൻ ഇൻഹിബിറ്റർ തുടങ്ങിയ സവിശേഷതകളാലും ഹോണ്ട ഹൈനസ് സമ്പന്നമാണ്. ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഹണ്ടർ 350, ക്ലാസിക് 350, മീറ്റിയോർ 350, ട്രയംഫ് സ്പീഡ് 400, ഹാർലി ഡേവിഡ്‌സൺ X440, ജാവ 42, യെസ്‌ഡി റോഡ്സ്റ്റർ, ബജാജ് ഡൊമിനാർ 400 പോലുള്ള വമ്പൻമാരുമായാണ് CB350 മത്സരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം റെബൽ 500 ക്രൂയിസർ മോട്ടോർസൈക്കിളിനെ ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 5.12 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിനായുള്ള ബുക്കിംഗ് ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിലൂടെ ആരംഭിച്ചിട്ടുണ്ട്. 2025 ജൂണിൽ ബൈക്കിനായുള്ള ഡെലിവറി തുടങ്ങുമെന്നാണ് വിവരം.


Click it and Unblock the Notifications








