ഇനി സ്‌കൂട്ടർ പോലെ കൊണ്ടുനടക്കാം, ഓട്ടോമാറ്റിക് ക്ലച്ചുള്ള പുത്തൻ ബൈക്കുകളുമായി ഹോണ്ട ഇന്ത്യയിലേക്ക്
സാധാരണക്കാരന്റെ സ്‌കൂട്ടർ മുതൽ അങ്ങ് വമ്പൻ സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട (Honda Motorcycles). കാലാകാലങ്ങളായി പരീക്ഷണങ്ങൾക്കും മുതിരാറുള്ള കമ്പനി ബൈക്കുകളിൽ വരെ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഉപയോഗിച്ച് വിപ്ലവം സൃഷ്‌ടിച്ചിട്ടുണ്ട്. വിദേശ വിപണികളിലാണ് ഈയൊരു ടെക്‌നോളജി ഇതുവരെ വ്യാപകമായി ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികൾക്കും സന്തോഷക്കാനുള്ള വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ് ഹോണ്ട. അധികം വൈകാതെ തന്നെ രണ്ട് പുതിയ മോഡലുകളിൽ ഈയൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നതാണ് പ്രഖ്യാപനം.
ഹോണ്ട CBR650R, CB650R എന്നീ സൂപ്പർബൈക്കുകളുടെ ഇ-ക്ലച്ച് വേരിയന്റുകളാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന പുതിയ ടീസർ ചിത്രങ്ങളും ഹോണ്ട ബിഗ് വിംഗ് ഇന്ത്യ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. മിഡിൽ വെയ്റ്റ് ഇരട്ടകളുടെ ഏറ്റവും പുതിയ പതിപ്പുകൾ ഇക്കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അന്ന് ഇ-ക്ലച്ച് സാങ്കേതികവിദ്യയില്ലാതെയാണ് ഇരുമോഡലുകളും കളംനിറയാനെത്തിയത്.

എന്നാൽ വരും ദിവസങ്ങളിൽ ഹോണ്ട CBR650R, CB650R പ്രീമിയം മോട്ടോർസൈക്കിളുകളുടെ കൂടുതൽ നൂതനമായ ഇ-ക്ലച്ച് വകഭേദങ്ങൾ പുറത്തിറങ്ങുന്നത് സന്തോഷം പകരുന്ന വാർത്തയാണ്. ഇ-ക്ലച്ച് ഉള്ള ഹോണ്ട ബൈക്കുകളിൽ ക്ലച്ച് ലിവർ ഒഴിവാക്കിയിട്ടില്ല കേട്ടോ. പകരം ക്ലച്ച് ഉപയോഗിച്ചും അല്ലാതെയും ബൈക്കുകൾ ഓടിക്കാനാവുന്ന സംവിധാനമാണിത്. റൈഡർക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം ക്ലച്ചിന്റെ മാനുവൽ കൺട്രോൾ ഏറ്റെടുക്കാനും കഴിയും.
അങ്ങനെ പ്രായോഗികത വർധിപ്പിക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം. സിറ്റി റൈഡിംഗിലെല്ലാം ഉപയോഗപ്രദമായ സവിശേഷത ഇന്ത്യയിൽ ഹിറ്റാവുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. സ്റ്റാർട്ട് ചെയ്യുമ്പോഴും നിർത്തുമ്പോഴും ഗിയർ മാറ്റുമ്പോഴും ക്ലച്ച് ലിവർ പിടിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നത് ഉപകാരമാവുന്നതിൽ സംശയൊന്നും വേണ്ട. 205.8 കിലോഗ്രാം ഭാരമുള്ള CB650R ഇ-ക്ലച്ചിന് സ്റ്റാൻഡേർഡ് CB650R പതിപ്പിനേക്കാൾ 2.8 കിലോഗ്രാം ഭാരം കൂടുതലാണ്.

രണ്ട് CB650R മോഡലുകളും കാഴ്ച്ചയിൽ ഏതാണ്ട് സമാനമായിരിക്കുമെങ്കിലും ആക്യുവേറ്ററുകളും മറ്റ് സാങ്കേതിക ഘടകങ്ങളും ഉൾക്കൊള്ളാൻ ഇ-ക്ലച്ച് വേരിയന്റിൽ അൽപ്പം വലിയ ക്ലച്ച് കേസിംഗ് ഉണ്ടെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. വേഗത, എഞ്ചിൻ ആർപിഎം, ഗിയർ പൊസിഷൻ എന്നിവ ഉൾപ്പെടുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഹോണ്ട ഇ-ക്ലച്ച് സംവിധാനം പ്രവർത്തിക്കുന്നത്.
വലതുവശത്തെ എഞ്ചിൻ കവറിനുള്ളിൽ രണ്ട് സെർവോ മോട്ടോറുകളുള്ള ഒരു ആക്യുവേറ്റർ യൂണിറ്റാണ് ക്ലച്ച് പ്രവർത്തിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് CB650R മോഡലിലുള്ള അതേ ഒരേ ലിക്വിഡ്-കൂൾഡ്, 649 സിസി ഇൻലൈൻ ഫോർ-സിലിണ്ടർ എഞ്ചിനാണ് ഇ-ക്ലച്ച് വേരിയന്റിനും തുടിപ്പേകാൻ എത്തുക. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 12,000 ആർപിഎമ്മിൽ 95 bhp കരുത്തും 9,500 ആർപിഎമ്മിൽ 63 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും.

ഹോണ്ട CB650R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന് നിലവിൽ 9.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഇതിന്റെ ഫുള്ളി ഫെയർഡ് സ്പോർട്‌സ് ബൈക്കായ CBR650R മോഡസിന് 10 ലക്ഷവും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഇ-ക്ലച്ച് വേരിയന്റുകൾ രാജ്യത്ത് പുറത്തിറങ്ങുമ്പോൾ സ്റ്റാൻഡേർഡ് പതിപ്പുകളേക്കാൾ ഏകദേശം 20,000 രൂപ മുതൽ 30,000 രൂപ വരെയായിരിക്കും അധികം മുടക്കേണ്ടതായി വന്നേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications