എൻഫീൽഡിനെ പൂട്ടാൻ പുതിയ 500 സിസി ക്രൂയിസർ ബൈക്ക് പുറത്തിറക്കി ഹോണ്ട, വിലയും കൊള്ളാല്ലോ
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് അരങ്ങുവാഴുന്ന റോയൽ എൻഫീൽഡിന്റെ ഏറ്റവും വലിയ പേടി സ്വപ്‌നമാണ് ഹോണ്ട. ബുള്ളറ്റ്, ക്ലാസിക് തുടങ്ങിയ മോഡലുകൾക്ക് പണികൊടുക്കാൻ കൊണ്ടുവന്ന ഹൈനസ് CB350 എല്ലാം ആളുകൾ നെഞ്ചിലേറ്റിയതോടെ എൻഫീൽഡിന് പണികിട്ടിയിരുന്നു. ഇതിനെ തുടർന്ന് 650 സിസി വിഭാഗത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച ബ്രാൻഡിനെ വീണ്ടും പിന്തുടരുകയാണ് ഹോണ്ട. അതിനായി അവതരിപ്പിച്ചിരിക്കുന്നതാവട്ടെ ഒന്നാന്തരം 500 സിസി ക്രൂയിസർ ബൈക്കാണ്. പ്രീമിയം മോഡലാണെങ്കിലും വില കേട്ടാൽ സംഗതി കൊള്ളാല്ലോയെന്ന് തോന്നിപ്പോവും. അതും ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരിക്കുന്ന മോഡൽ കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.
മറ്റേതുമല്ല ഹോണ്ട റെബൽ 500 ക്രൂയിസർ മോട്ടോർസൈക്കിളിനെയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിക്കായി കൊണ്ടുവന്നിരിക്കുന്നത്. അതും 5.12 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ ഈ പ്രീമിയം ബൈക്ക് പോർച്ചിലെത്തിക്കാം കേട്ടോ. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ തzരഞ്ഞെടുത്ത ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിലൂടെ മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

2025 ജൂണിൽ ഹോണ്ട റെബൽ 500 ക്രൂയിസറിനായുള്ള ഡെലിവറി തുടങ്ങുമെന്നാണ് ബ്രാൻഡ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിൾ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റെബൽ 500 അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു റെട്രോ ക്രൂയിസർ ശൈലിയാണ് വാഹനം പിന്തുടർന്നിരിക്കുന്നത്.
പൂർണമായും കറുപ്പിലൊരുങ്ങിയിരിക്കുന്നതിനാൽ കാണാനും അടിപൊളിയാണ്. ഒരൊറ്റ സ്റ്റാൻഡേർഡ് വേരിയന്റിലും മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് നിറത്തിലും മാത്രമാവും മോഡൽ വാങ്ങാനാവുക. സ്റ്റീപ്‌ലി റാക്ക്ഡ് ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, റൈഡിംഗ് എളുപ്പമാക്കുന്ന കുറഞ്ഞ 690 മില്ലീമീറ്റർ സീറ്റ് ഹൈറ്റ് എന്നിവയെല്ലാമാണ് റെബൽ 500 ക്രൂയിസറിലെ പ്രധാന ഹൈലൈറ്റുകൾ.

ക്ലാസിക് സ്റ്റൈലിംഗ്, പ്രീമിയം ഫിറ്റ് ആൻഡ് ഫിനിഷ്, ഹോണ്ടയുടെ തെളിയിക്കപ്പെട്ട എഞ്ചിനീയറിംഗ് മികവ് എന്നിവയെല്ലാം ഒന്നിച്ച് എത്തുമ്പോൾ മോട്ടോർസൈക്കിൾ പ്രേമികൾക്ക് റെബൽ 500 ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും. ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിൽ നിർമിച്ച 500 സിസി പ്രീമിയം മോഡലിന്റെ മെക്കാനിക്കൽ വിശേഷങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോവ ഷോക്ക് അബ്സോർബറുകളുമാണ് ലഭിക്കുക.
ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഇരുവശത്തും യഥാക്രമം 296 mm, 240 mm ഡിസ്ക് സജ്ജീകരണമാണ് ഹോണ്ട റെബൽ വാഗ്‌ദാനം ചെയ്യുന്നത്. ഒപ്പം അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസിന്റെ പിന്തുണയുമുണ്ട്. ഡൺലോപ്പ് ടയറുകൾ ഘടിപ്പിച്ച 16 ഇഞ്ച് വീലുകളിലാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്. റൈഡറിന് കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി ഇൻവേർട്ടഡ് എൽസിഡി ഡിസ്പ്ലേയും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

471 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ ട്വിൻ-സിലിണ്ടർ എഞ്ചിനാണ് റെബൽ 500 ക്രൂയിസർ ബൈക്കിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ 46 bhp കരുത്തും 6,000 ആർപിഎമ്മിൽ 43.3 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുണ്ട്. ശക്തമായ ലോ-എൻഡ് ടോർക്കും റെവ് ശ്രേണിയിലുടനീളം സുഗമമായ ഡെലിവറിയും നൽകുന്നതിനായാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.
കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) അതായത് പൂർണമായും വിദേശത്ത് നിർമിച്ചാണ് ഹോണ്ട റെബൽ 500 ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. അതിനാലാണ് 5.12 ലക്ഷം രൂപയോളം മോഡലിന് ചെലവ് വരുന്നത്. കവസാക്കി എലിമിനേറ്റർ 500, റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, സൂപ്പർ മീറ്റിയോർ 650 എന്നിവയുമായാണ് പ്രീമിയം ക്രൂയിസർ സെഗ്മെന്റിൽ ഹോണ്ട റെബൽ മത്സരിക്കുന്നത്.


Click it and Unblock the Notifications








