ലേഡീസിന് ചെത്തിനടക്കാൻ പറ്റിയ സ്‌കൂട്ടറുമായി ഹോണ്ട വരുന്നു, കുറഞ്ഞ വിലയിൽ കിട്ടിയാൽ സന്തോഷം
ഇന്ത്യയിലെ ഗിയർലെസ് സ്‌കൂട്ടർ വിഭാഗത്തിലെ രാജാക്കൻമാരാണ് ഹോണ്ട. ആക്‌ടിവ, ഡിയോ തുടങ്ങിയ തട്ടുപൊളിപ്പൻ മോഡലുകളിലൂടെ അരങ്ങുവാഴുന്ന ബ്രാൻഡിനെ തോൽപ്പിക്കാൻ രാജ്യത്തെ മറ്റ് വമ്പൻമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഇതുവരെ കോട്ടംതട്ടാതിരുന്ന സെഗ്മെന്റ് കൈവിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ പക്കൽനിന്നും ഉയരുന്നുമുണ്ട്. പുതുപുത്തൻ മോഡലുകളുടെ പേറ്റന്റ് ഇന്ത്യയിൽ സമർപ്പിക്കുന്ന തിരക്കലാണ് കമ്പനിയിപ്പോൾ. അടുത്തിടെ സ്കൂപ്പി എന്നൊരു ക്യൂട്ട് സ്‌കൂട്ടറിന്റെ പേറ്റന്റാണ് ഹോണ്ട രാജ്യത്ത് സ്വന്തമാക്കിയത്. 2017-ൽ ഇവിടുത്തെ നിരത്തുകളിൽ വിജയകരമായി പരീക്ഷണയോട്ടം വരെ നടത്തിയ സ്‌കൂട്ടറായിരുന്നു ഇത്.
പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ അവതരണം നടക്കാതെ പോവുകയും ചെയ്‌തിരുന്നു. ഇന്തോനേഷ്യ പോലുള്ള തിരഞ്ഞെടുത്ത വിപണികളിൽ പുതുതലമുറ ആവർത്തനത്തിൽ കുതിക്കുന്ന സ്‌കൂപ്പി ഇത്തവണയെങ്കിലും ഇന്ത്യയിലേക്ക് എത്തുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ആരേയും മോഹിപ്പിക്കുന്ന റെട്രോ-മോഡേൺ ഡിസൈൻ തന്നെയാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. പെൺകുട്ടികൾക്ക് ചെത്തിനടക്കാൻ പറ്റിയ വണ്ടിയാണെന്ന് ആദ്യ കാഴ്ച്ചയിലെ മനസിലാക്കാം.

റെട്രോ-മോഡേൺ ഡിസൈനിലേക്ക് ഫ്ലോവിംഗ് ബോഡി പാനലുകൾ, റെട്രോ സ്റ്റൈലിംഗ് ബിറ്റുകൾ തുടങ്ങിയ സിഗ്നേച്ചർ ഫീച്ചറുകൾ കൂടി ചേരുന്നതോടെ സംഭവം കളറാവുന്നുമുണ്ട്. സ്കൂട്ടറിന് ആധുനികവും അതുല്യവുമായ ലുക്ക് ഉറപ്പാക്കുന്ന എൽഇഡി ക്രിസ്റ്റൽ ബ്ലോക്ക് ഹെഡ്‌ലൈറ്റും വാഹനത്തിന്റെ ഹൈലൈറ്റാണ് കേട്ടോ. 2025 ഹോണ്ട സ്കൂപ്പിയുടെ ടെയിൽ ലാമ്പിനും സമാനമായ വൃത്താകൃതിയിലുള്ള രൂപകൽപ്പനയാണ് ഹോണ്ട കൊടുത്തിരിക്കുന്നത്.
വൃത്താകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ സ്കൂപ്പിയുടെ സ്മൂത്തും കർവ്ഡുമായ ബോഡി പാനലിംഗിന് തികച്ചും അനുയോജ്യമാണ്. മുൻവശത്ത് സ്കൂട്ടറിന് D-ആകൃതിയിലുള്ള ഇൻഡിക്കേറ്ററുകൾ ഉണ്ട്. വൃത്താകൃതിയിലുള്ള റിയർ വ്യൂ മിററുകൾ റെട്രോ വൈബുകളെ കൂടുതൽ മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. സിംഗിൾ-പീസ് സീറ്റ്, അപ്സ്വെറ്റ് എക്‌സ്‌ഹോസ്റ്റ്, വലിയ ഗ്രാബ് റെയിൽ എന്നിവയാണ് സ്കൂട്ടറിലെ മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.

ഇത്തരത്തിൽ വൈവിധ്യമാർന്ന ഡിസൈൻ തന്നെയാണ് പുതിയ ഹോണ്ട സ്‌കൂപ്പിയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ. ഒപ്പം നല്ലൊരു ഫാമിലി സ്‌കൂട്ടർ നോക്കുന്നവർക്കും അനുയോജ്യനായിരിക്കും കക്ഷി. ഹോണ്ട സ്കൂപ്പിക്ക് കരുത്തേകുന്നത് 109.5 സിസി, eSP, SOHC സാങ്കേതികവിദ്യയുള്ള എയർ കൂൾഡ് എഞ്ചിനാണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9 bhp പവറിൽ 9.2 Nm torque വരെ നിർമിക്കാനാവും.
മൈലേജ്, ട്രിപ്പ്മീറ്റർ, ക്ലോക്ക്, ബാറ്ററി ഇൻഡിക്കേറ്റർ, ഓയിൽ ചേഞ്ച് അലേർട്ടുകൾ തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സ്‌കൂപ്പിയിൽ ഒരുക്കിയിരിക്കുന്നത്. ടോപ്പ് വേരിയന്റുകളിൽ ഹോണ്ടയുടെ സ്മാർട്ട് കീ സിസ്റ്റവും ലഭ്യമാണ്. ഇത് ഹാൻഡിൽബാർ അൺലോക്കിംഗിനും എഞ്ചിൻ സ്റ്റാർട്ടിനും ടച്ച്-ഫ്രീ ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.

സ്‌കൂട്ടറിൽ ആന്റി-തെഫ്റ്റ് അലാറം പോലുള്ള സുരക്ഷാ സംവിധാനങ്ങളും കമ്പനി കൊടുത്തിട്ടുണ്ട്. സ്കൂട്ടറിന് അണ്ടർബോൺ ഫ്രെയിമാണുള്ളത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ സ്വിംഗ് ആം റിയർ സസ്പെൻഷനുമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ സമ്മാനിച്ചിരിക്കുന്നത്.
2025 ഹോണ്ട സ്കൂപ്പിയിൽ രണ്ട് അറ്റത്തും 12 ഇഞ്ച് വീലുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 100/90 ഫ്രണ്ട്, 110/90 റിയർ സെക്ഷൻ ട്യൂബ്‌ലെസ് ടയറുകളുമായി വരുന്ന ഗിയർലെസ് സ്‌കൂട്ടറിന്റെ രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണുള്ളത്. അധിക സുരക്ഷക്കായി കോമ്പി ബ്രേക്ക് സിസ്റ്റവും ലഭ്യമാണ്. 746 മില്ലീമീറ്റർ സീറ്റ് ഹൈറ്റുള്ള സ്കൂപ്പി ഒപ്റ്റിമൽ കൺട്രോളും ഹാൻഡിലിംഗും നൽകുന്നതിനാൽ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാവും.


Click it and Unblock the Notifications








