വിഷു ബംബർ അടിച്ചാൽ ഒന്ന് വാങ്ങിക്കാം, 11.90 ലക്ഷം രൂപ വിലയുള്ള ഗിയർലെസ് സ്‌കൂട്ടറുമായി ഹോണ്ട
ടീസർ വീഡിയോ പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ പുതിയ ആഡംബര ബൈക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഹോണ്ട. റെബൽ 500 ക്രൂയിസറിന് പിന്നാലെ ഈ ആഴ്ച്ച ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവതരിപ്പിക്കുന്ന രണ്ടാമത്തെ പ്രീമിയം മോഡലാണിത്. അധികം സർപ്രൈസുകൾ ഒന്നുമില്ലാതെയാണ് ഹോണ്ട പ്രീമിയം മാക്സി-സ്കൂട്ടറായ X-ADV 750 രാജ്യത്തിനായി സമ്മാനിച്ചിരിക്കുന്നത്. പക്ഷേ വില കേട്ടാൽ പലും ഒന്ന് ഞെട്ടിത്തരിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഒരു മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് മോഡൽ വാങ്ങുന്ന കാശാവും പുതിയ ഗിയർലെസ് സ്‌കൂട്ടർ വാങ്ങണമെങ്കിൽ.
11.90 ലക്ഷം രൂപയാണ് ഹോണ്ട X-ADV 750 അഡ്വഞ്ചർ സ്‌കൂട്ടറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസുമെല്ലാമായി വില ഇനിയും ഉയരും. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ തെരഞ്ഞെടുത്ത ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും വാഹനത്തിന്റെ വിൽപ്പന നടക്കുക. മോഡലിനായുള്ള ബുക്കിംഗുകൾ ആരംഭിച്ചതിനാൽ ജൂൺ മുതൽ ഡെലിവറികൾ ആരംഭിക്കും.

ഹോണ്ടയുടെ X-ADV ഇതിനകം തന്നെ ലോകമെമ്പാടും വൻ ഹിറ്റായതിനാൽ ഇന്ത്യക്കാരും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ. അഡ്വഞ്ചർ ടൂററിന്റെയും കരുത്തുറ്റ സ്കൂട്ടറിന്റെയും മിശ്രിതമായതിനാൽ പ്രായോഗികതയും അടിപൊളിയാണ്. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി (CBU) ആയിട്ടാണ് പ്രീമിയം സ്‌കൂട്ടർ രാജ്യത്തേക്ക് എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടർ കൂടിയാണിത്.
അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളോട് സാമ്യമുള്ള തരത്തിലാണ് ഇതിന്റെ ഡിസൈൻ പണികഴിപ്പിച്ചിരിക്കുന്നത്. നക്കിൾഗാർഡുകൾ, അഞ്ച് പൊസിഷൻ ക്രമീകരിക്കാവുന്ന വിൻഡ്‌സ്‌ക്രീൻ, സ്‌പോക്ക് വീലുകൾ, ഡ്യുവൽ-സ്‌പോർട്ട് ടയറുകൾ എന്നിവയെല്ലാമാണ് വാഹനത്തെ കിടിലമാക്കുന്ന സംഗതികൾ. ഒപ്പം ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോളും (HSTC) കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസ വസൂലാണ്.

ഇതിനുപുറമെ സ്റ്റാൻഡേർഡ്, സ്‌പോർട്, റെയിൻ, ഗ്രാവൽ എന്നീ നാല് ഡിഫോൾട്ട് റൈഡിംഗ് മോഡുകൾ പ്രാപ്തമാക്കുന്ന റൈഡ്-ബൈ-വയർ ത്രോട്ടിലും ഹോണ്ട X-ADV 750 മോഡലിൽ ഒരുക്കിയിട്ടുണ്ട്. ഇവ ഓരോന്നും പവർ ഡെലിവറി, എഞ്ചിൻ ബ്രേക്കിംഗ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ക്രമീകരിക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മാത്രമല്ല, കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഒരു യൂസർ മോഡും ഇതിലുണ്ട്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഡിസ്പ്ലേ, സ്മാർട്ട് കീ, ഹോണ്ട സ്മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം, 22 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് കമ്പാർട്ട്മെന്റ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, 1.2 ലിറ്റർ ഗ്ലൗബോക്സ്, യുഎസ്ബി ചാർജിംഗ് പോർട്ട്, സെന്റർ സ്റ്റാൻഡ് എന്നിവയെല്ലാം ഇതിലെ ഫീച്ചറുകളാണ്. ഇന്ത്യൻ വിപണിയിൽ, പേൾ ഗ്ലെയർ വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകൾ മാത്രമേ വാഗ്‌ദാനം ചെയ്യൂവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

745 സിസി, ലിക്വിഡ്-കൂൾഡ്, 8-വാൽവ് SOHC പാരലൽ-ട്വിൻ എഞ്ചിനാണ് ഹോണ്ട X-ADV 750 സ്‌കൂട്ടറിന് തുടിപ്പേകുന്നത്. ഇത് 57.8 bhp പവറിൽ പരമാവധി 69 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മാക്സി-സ്കൂട്ടർ ഒരു സ്റ്റീൽ ഡയമണ്ട് ഫ്രെയിമിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ പണികഴിപ്പിച്ചിരിക്കുന്നത്.
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ 41 mm അപ്‌സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രോ-ലിങ്ക് മോണോഷോക്കുമാണ് ഹോണ്ട X-ADV 750 സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇവ രണ്ടും യഥാക്രമം 153.5 മില്ലീമീറ്റർ, 150 മില്ലീമീറ്റർ സസ്പെൻഷൻ ട്രാവലും വാഗ്ദാനം ചെയ്യുന്നുണ്ട്. 17 ഇഞ്ച് ഫ്രണ്ട്, 15 ഇഞ്ച് റിയർ ട്യൂബ്‌ലൈസ് സ്‌പോക്ക്ഡ് വീലുകളാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത.


Click it and Unblock the Notifications








