750 സിസി ആക്‌ടിവ? പുതിയ ആഡംബര സ്‌കൂട്ടറുമായി ഹോണ്ട ഇന്ത്യയിലേക്ക്, വില കേട്ടാൽ ആരായും ഞെട്ടുമെന്ന് ഉറപ്പ്
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പ്രത്യേക സ്ഥാനമുള്ളവരാണ് ഹോണ്ട. സ്‌കൂട്ടർ വിഭാഗത്തിൽ ആക്‌ടിവയായും മോട്ടോർസൈക്കിൾ വിപണിയിൽ യൂണിക്കോണായും അരങ്ങുതകർക്കുന്ന കമ്പനി നല്ല ഒന്നാന്തരം എഞ്ചിനുകൾ വെച്ചാണ് മോഡലുകൾ പണികഴിപ്പിക്കാറുള്ളത്. വിശ്വാസത്തിന്റെ പര്യായം എന്ന ഓമനപ്പേരിൽ പലരും ജാപ്പനീസ് ബ്രാൻഡിനെ വിശേഷിപ്പിക്കാറുണ്ട്. സാധാരണക്കാർക്ക് വേണ്ടിയുള്ള കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ അങ്ങ് വിലകൂടിയ സൂപ്പർബൈക്കുകൾ വരെ ഒരേപോലെ വിപണനത്തിന് എത്തിക്കുന്ന മറ്റൊരു ടൂവീലർ ബ്രാൻഡ് ഇന്ത്യയിൽ ഉണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം റെബൽ 500 എന്ന പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് തങ്ങളുടെ മോഡൽ നിര കമ്പനി വിപുലീകരിച്ചിരുന്നു.
ഇക്കൂട്ടത്തിലേക്ക് പുതിയ പ്രീമിയം സ്‌കൂട്ടർ കൂടി കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഇപ്പോൾ. ഏറെക്കാലമായി ഇന്ത്യക്കാർ കൊതിയോടെ കാത്തിരിക്കുന്ന X-ADV 750 അഡ്വഞ്ചർ സ്കൂട്ടറാണ് അടുത്തതായി നിരത്തിലേക്ക് വരാനിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന പുതിയ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഹോണ്ട ഇന്ത്യയുടെ ബിഗ് വിംഗിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് വരാനിരിക്കുന്ന കിടിലൻ സ്‌കൂട്ടറിന്റെ ടീസറുകൾ പുറത്തിറക്കിയിരിക്കുന്നത്.

ആഗോളതലത്തിൽ മാക്സി-സ്കൂട്ടർ വിഭാഗത്തിലെ ഏറ്റവും സവിശേഷമായ മോഡലുകളിൽ ഒന്നാണ് ഹോണ്ട X-ADV 750. അഡ്വഞ്ചർ ടൂറിംഗ് ശേഷിയും ദൈനംദിന ഉപയോഗങ്ങൾക്കുള്ള പ്രായോഗികതയും സംയോജിപ്പിക്കുന്ന കിടിലൻ ഗിയർലെസ് സ്‌കൂട്ടറാണ് കക്ഷി. അന്താരാഷ്ട്രതലത്തിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ആവർത്തനം തന്നെയാവും ഇന്ത്യൻ വിപണിയിലും ഹോണ്ട അവതരിപ്പിക്കുക.
മാക്സി-സ്കൂട്ടറിന്റെയും അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെയും മിശ്രണമാണ് ഈ സ്‌കൂട്ടർ എന്നുവേണം വിശേഷിപ്പിക്കാൻ. എൽഇഡി ലൈറ്റിംഗ്, അഡ്‌ജസ്റ്റബിൾ വിൻഡ്‌സ്ക്രീൻ, വലിയ ഡിജിറ്റൽ ഡിസ്‌പ്ലേ, ഒന്നിലധികം റൈഡിംഗ് മോഡുകൾ, നക്കിൾ ഗാർഡുകൾ, ഷാർപ്പ് ആംഗിൾ ബോഡി പാനലുകൾ എന്നിവയെല്ലാമാണ് ഹോണ്ട X-ADV 750 അഡ്വഞ്ചർ സ്‌കൂട്ടറിലെ പ്രധാന സവിശേഷതകൾ. സാധാരണ അഡ്വഞ്ചർ ബൈക്കുകളിൽ കാണുന്ന ഒരു അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റും സ്‌കൂട്ടറിൽ അവതരിപ്പിക്കുന്നുണ്ട്.
അന്താരാഷ്ട്രതലത്തിൽ അഡ്വഞ്ചർ, കംഫർട്ട്, അർബൻ തുടങ്ങിയ വിവിധ ആക്‌സസറി പായ്ക്കുകളും വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ഈയൊരു സംവിധാനവും കൊണ്ടുവരുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, ABS, കീലെസ് ഇഗ്നിഷൻ എന്നിവയും X-ADV 750 മോഡലിലെ ഫീച്ചറുകളാണ്.
745 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് X-ADV സ്‌കൂട്ടറിന്റെ ഹൃദയം. 6-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (DCT) ട്രാൻസ്‌മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,750 ആർപിഎമ്മിൽ 57.7 bhp പവറും 4,750 ആർപിഎമ്മിൽ 69 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ഹോണ്ട പറയുന്നത്. ചെയിൻ ഡ്രൈവ് സിസ്റ്റമാണ് സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. മണിക്കൂറിൽ 168 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിനാവുമെന്നതും ശ്രദ്ധേയമാണ്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുന്നിൽ 17 ഇഞ്ച്, പിന്നിൽ 15 ഇഞ്ച് വയർ-സ്‌പോക്ക് വീലുകളാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക്-പാറ്റേൺ ടയറുകൾ കൊടുത്തിരിക്കുന്നതിനാൽ സ്‌കൂട്ടറിന്റെ ഓഫ്-റോഡ് ലുക്ക് കൂട്ടുന്നുമുണ്ട്. മുന്നിലും പിന്നിലും സസ്‌പെൻഷൻ ട്രാവൽ യഥാക്രമം 153 മില്ലീമീറ്ററും 150 മില്ലാമീറ്ററും ആയതിനാൽ ചെറിയ കുണ്ടും കുഴിയുമെല്ലാം അനായാസം മറികടക്കാനുമാവും.
മുന്നിൽ ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ ഡിസ്ക്കുമാണ് ബ്രേക്കിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റെ സപ്പോർട്ടും ഗിയർലെസ് സ്‌കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്. സ്‌പോർട്, സ്റ്റാൻഡേർഡ്, റെയിൻ, ഗ്രാവൽ, യൂസർ തുടങ്ങിയ വ്യത്യസ്‌ത റൈഡ് മോഡുകളും ഹോണ്ട X-ADV 750 അഡ്വഞ്ചർ സ്‌കൂട്ടറിലുണ്ടാവും. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പെട്രോൾ പവർ സ്‌കൂട്ടറായിരിക്കും ഇതെന്നാണ് നിഗമനം. അതായത് വില ഏകദേശം 10 ലക്ഷത്തിനടുത്ത് എത്തിയേക്കാമെന്ന് ചുരുക്കം.


Click it and Unblock the Notifications








