ആമസോൺ മതി ഇനി ബുള്ളറ്റ് വീട്ടിലെത്തും, കേരളത്തിലുണ്ടോ, എങ്ങനെ ബുക്ക് ചെയ്യാമെന്ന് പറഞ്ഞുതരാം
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിനെ എങ്ങനെയും താഴെയിറക്കാൻ പെടാപ്പാട് പെടുകയാണ് എതിരാളികൾ. ഹോണ്ട, ജാവ, യെസ്‌ഡി, ബിഎസ്എ, ട്രയംഫ്, ബജാജ്, കെടിഎം അങ്ങനെ നീണ്ടനിരയാണ് എൻഫീൽഡിനോട് മുട്ടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ആർക്കും മുന്നിൽ തളർന്നുവീഴാതെ കട്ടയ്ക്ക് പിടിച്ചുനിൽക്കുകയാണ് റെട്രോ ക്ലാസിക് ബ്രാൻഡ്. ഇക്കഴിഞ്ഞ ദിവസം ആമസോണിലൂടെ ബൈക്കുകളുടെ വിൽപ്പന ആരംംഭിച്ച് ക്ലാസിക് ലെജൻഡ്‌സിന് കീഴിലുള്ള ജാവ യെസ്‌ഡി മേൽകൈ നേടാൻ ശ്രമിച്ചു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ആമസോൺ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിലൂടെ റോയൽ എൻഫീൽഡ് ഓൺലൈൻ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ച് മറുപടി കൊടുത്തിരിക്കുകയാണ്.
റോയൽ എൻഫീൽഡ് 350 സിസി മോട്ടോർസൈക്കിളുകളുടെ മുഴുവൻ ശ്രേണിയും ഇപ്പോൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ വാങ്ങാം. 350 സിസി മോഡൽ ശ്രേണിയിൽ ക്ലാസിക്, ബുള്ളറ്റ്, ഹണ്ടർ, ഗോവൻ ക്ലാസിക്, പുതിയ മീറ്റിയോർ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഫ്ലിപ്പ്കാർട്ടിലൂടെയും 350 സിസി മോട്ടോർസൈക്കിളുകളുടെ വിൽപ്പന ആരംഭിച്ചതിന് പുറമേയാണ് ആമസോണുമായുള്ള ബ്രാൻഡിന്റെ പങ്കാളിത്തം.

ആമസോണുമായുള്ള പങ്കാളിത്തത്തിലൂടെ വിൽപ്പന മാത്രമല്ല, ഫ്ലെക്‌സിബിളും ഈസിയുമായ പേയ്മെന്റ് പേയ്‌മെന്റ് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ കേരളത്തിലെ പ്രമുഖ നഗരങ്ങളിലൊന്നും ആമസോണിലൂടെ ബൈക്ക് വാങ്ങാനാവില്ല കേട്ടോ. നിലവിൽ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, പൂനെ തുടങ്ങിയ 5 പ്രധാന നഗരങ്ങളിലാണ് ഉപഭോക്താക്കൾക്ക് റോയൽ എൻഫീൽഡ് 350 സിസി മോട്ടോർസൈക്കിൾ ലഭ്യമാക്കിയിരിക്കുന്നത്.
ഉപഭോക്താവ് ഇഷ്ടപ്പെടുന്ന റോയൽ എൻഫീൽഡ് ഡീലർഷിപ്പ് വഴി ഡെലിവറി, ആഫ്റ്റർ സെയിൽസ് സപ്പോർട്ട് എന്നിവ കമ്പനി നൽകും. റോയൽ എൻഫീൽഡ് ബ്രാൻഡ് പേജിലൂടെ ഉപഭോക്താക്കൾക്ക് ജെനുവിൻ മോട്ടോർസൈക്കിൾ ആക്‌സസറികൾ, റൈഡിംഗ് ഗിയർ, ഉൽപ്പന്നങ്ങൾ എന്നിവയും വാങ്ങാം. ആമസോണുമായുള്ള പങ്കാളിത്തത്തോടെ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, പൂനെ എന്നിവിടങ്ങളിൽ വണ്ടി വാങ്ങാം.

എന്നാൽ ഫ്ലിപ്പ്കാർട്ടിലൂടെയാണെങ്കിൽ റോയൽ എൻഫീൽഡിന്റെ 350 സിസി ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകൾ ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിലും ലഭ്യമാവും. 2025 സെപ്റ്റംബറിൽ 350 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതിനെത്തുടർന്ന് റോയൽ എൻഫീൽഡിന്റെ 350 സിസി മോഡലുകൾ കൂടുതൽ താങ്ങാനാവുന്ന വിലയായി മാറിയിട്ടുണ്ട്.
ക്ലാസിക് 350 ഇപ്പോൾ 1.81 ലക്ഷം രൂപയിലാണ് വാങ്ങാനാവുന്നത്. മുമ്പ് മോഡലിന്റെ വില 1.97 ലക്ഷം രൂപയിൽ നിന്നാണ് തുടങ്ങിയിരുന്നത്. ബ്രാൻഡിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളായി പ്രവർത്തിക്കുന്ന ഹണ്ടറിന് 22,000 രൂപയോളമാണ് കുറയുന്നത്. അതായത് നിലവിൽ 1,49,900 രൂപ മുതൽ 1,74,655 രൂപ വരെ വില വരുന്ന മോഡലിന് പുതുക്കിയ നികുതി നിരക്കുകൾ പ്രകാരം ടോപ്പ് എൻഡിന് വില ഏകദേശം 1,52,655 രൂപയോളമായി കുറയും.
ബുള്ളറ്റ് 350 ആണെങ്കിൽ 1,76,625 രൂപ മുതൽ 2,20,466 രൂപ വരെയാണ് നിലവിൽ മുടക്കേണ്ടതായി വരുന്ന എക്സ്ഷോറൂം വില. ബുള്ളറ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 1,98,466 രൂപയായിട്ട് വില കുറയുകയും ചെയ്യും. മീറ്റിയോറിന് ഇപ്പോൾ 2,08,270 രൂപ മുതൽ 2,32,545 രൂപ വരെയാണ് ഇന്ത്യയിലെ വില വരുന്നത്. ഇതിനും 22,000 രൂപയോളം കുറയുന്നതിനാൽ 2,10,545 രൂപയ്ക്ക് ഇനി മുതൽ ക്രൂയിസർ ബൈക്കിന്റെ ടോപ്പ് വേരിയന്റ് വാങ്ങാനായേക്കും.
എന്നാൽ കമ്പനിയുടെ ഉയർന്ന ശേഷിയുള്ള മോഡലുകളുടെ വില ഇതേസമയം വർധിക്കുകയും ചെയ്യും. സെപ്റ്റംബർ 22 മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ 350 സിസി ശേഷിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകൾക്ക് ജിഎസ്ടിയിൽ 40 ശതമാനം വരെ വർധനവ് ഉണ്ടാവും. നിലവിലുണ്ടായിരുന്നത് 28 ശതമാനം ജിഎസ്ടിയും 3 ശതമാനം സെസുമാണ്. ആയതിനാൽ ഈ ബൈക്കുകളുടെ വിലയിൽ ഏകദേശം 9 ശതമാനത്തിന്റെ വർധനവുണ്ടാവുമെന്ന് സാരം.


Click it and Unblock the Notifications








