118 കി.മീ. റേഞ്ച് കിട്ടുന്ന കിടിലൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ ബ്രാൻഡ്; കണ്ടാൽ വെസ്‌പയാണെന്നേ പറയൂ
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്ത് ഓലയും ഏഥറും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നതെങ്കിലും കടലിലെ ചെറുമീനുകളായി ചില സ്റ്റാർട്ടപ്പ് ബ്രാൻഡുകളും വെന്നിക്കൊടി പാറിക്കുന്നുണ്ട്. ബ്രാൻഡ് നോക്കാതെ മിടുക്കരായ വൈദ്യുത വാഹനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് നാം ഇന്ത്യക്കാർ. ഈ അവസരം വിനിയോഗിക്കാനായി പുതുപുത്തൻ മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇലക്‌ട്രിക് ടൂ വീലർ സ്റ്റാർട്ടപ്പ് ബ്രാൻഡായ ജിതേന്ദ്ര ഇവി (Jitendra EV). ആരും കണ്ടാൽ കൊതിക്കുന്ന രൂപവും ഭാവവുമായി വന്നിറങ്ങിയിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് യൂനിക് എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്.
ആദ്യ കാഴ്ച്ചയിൽ പിയാജിയോ വെസ്‌പയുടെ അപരനല്ലേയെന്ന് തോന്നിപ്പോവുന്ന വിധം പണികഴിപ്പിച്ചിരിക്കുന്ന ജിതേന്ദ്ര യൂനിക് ഇലക്ട്രിക് സ്കൂട്ടറിന് 1.24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ജനുവരി 15 മുതൽ തന്നെ ഇവിക്കായുള്ള ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരിക്കുന്നതിനാൽ കാലതാമസമൊന്നുമില്ലാതെ വാഹനം വീട്ടിലെത്തിക്കാനാവും.

ഇതുകൂടാതെ ഈ വർഷം ഒക്‌ടോബറോടെ യൂനിക് ലൈറ്റ്, യൂനിക് പ്രോ എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകൾ കൂടി അവതരിപ്പിക്കാനും ജിതേന്ദ്ര ഇവിക്ക് പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു. ഇവയ്ക്ക് 92,000 രൂപ മുതലാവും പ്രാരംഭ വില വരികയെന്നതാണ് ശ്രദ്ധേയമായ കാര്യം. 3.8 kW LMFP റിമൂവബിൾ ബാറ്ററി പായ്ക്കാണ് ജിതേന്ദ്ര യൂനിക് അവതരിപ്പിക്കുന്നത്. സിംഗിൾ ചാർജിൽ പരമാവധി 118 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഇവിക്കാവുമെന്നതാണ് ഹൈലൈറ്റ്.
സ്‌പിൻ സ്വിച്ച് റൈഡിംഗ് മോഡുകളോട് കൂടിയ സെഗ്മെന്റ്-ഫസ്റ്റ് ഹൈപ്പർഗിയർ പവർട്രെയിനാണ് യൂനിക് അവതരിപ്പിക്കുന്നത്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത കൈവരിക്കാൻ ജിതേന്ദ്ര ഇവിയുടെ പുത്തൻ മോഡലിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാലും ആധുനികനായാണ് ഏറ്റവും പുതിയ യൂനിക് വിപണിയിലേക്ക് എത്തിയിരിക്കുന്നത്.

ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകൾ, അലോയ് വീലുകളുള്ള 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകൾ, സുരക്ഷയ്ക്കായി സൈഡ് സ്റ്റാൻഡ് സെൻസറുകൾ എന്നിവ പോലുള്ള കിടിലൻ സംവിധാനങ്ങൾ കോർത്തിണക്കിയാണ് യൂനിക് എതിരാളികളെ വെല്ലുവിളിക്കാൻ എത്തിയിരിക്കുന്നത്. കീലെസ് എൻട്രി, യുഎസ്ബി ചാർജിംഗ് പോർട്ട്, സ്മാർട്ട് ഡിജിറ്റൽ എൽഇഡി ക്ലസ്റ്റർ എന്നിവ പോലുള്ള അധിക സൗകര്യങ്ങളും ഇവിയിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ക്രോംആർക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, റേഡിയൻ്റ് ഹെക്സ് എൽഇഡി ടെയിൽ ലാമ്പുകൾ, ഈഗിൾവിഷൻ എൽഇഡി ബ്ലിങ്കറുകൾ എന്നിവയും ജിതേന്ദ്ര യൂനിക് ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നുണ്ട്. മെച്ചപ്പെട്ട റൈഡിംഗ് അനുഭവത്തിനായി സ്മാർട്ട് കണക്റ്റിവിറ്റിയും അവബോധജന്യമായ നിയന്ത്രണങ്ങളും പ്രദാനം ചെയ്യുന്ന JENi ആപ്ലിക്കേഷനെ സമന്വയിപ്പിക്കുന്ന തെർമൽ പ്രൊപ്പഗേഷൻ അലേർട്ടോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റഡ് ബാറ്ററിയും ഇലക്ട്രിക് സ്കൂട്ടറിൽ കൊടുത്തിട്ടുണ്ട്.

ആക്‌സസറികളുടെ വലിയൊരു നിരയും സ്റ്റാർട്ടപ്പ് ബ്രാൻഡ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കോളുകൾ, മ്യൂസിക്, നാവിഗേഷൻ എന്നിവ നൽകുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള യൂനിക്രൌൺ സ്‌മാർട്ട് ടെക്‌നോളജി ഹെൽമെറ്റ്, റിയർ പാസഞ്ചർ ഹെൽമെറ്റ് ഹോൾഡർ, സ്റ്റോറേജിനും സൗകര്യത്തിനും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന യൂണികേസ് ബാഗ്, വാഹനം പഞ്ചറായാൽ തനിയെ നീങ്ങുന്ന യൂനികാർട്ട് ബൂസ്റ്റർ എന്നിവയും ആളുകൾക്ക് അധിക പണം മുടക്കി വാങ്ങാനാവും.
വാഹനത്തിനും ബാറ്ററിക്കും മൂന്ന് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയും ജിതേന്ദ്ര യൂനിക് ഇവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതിനാൽ കൂടുൽ ആശങ്കകളൊന്നും വേണ്ട. മെഡോ ഗ്രീൻ, ഡസ്ക് ബ്ലൂ, ഫോറസ്റ്റ് വൈറ്റ്, വോൾക്കാനോ റെഡ്, എക്ലിപ്സ് ബ്ലാക്ക് എന്നിങ്ങനെ ഇലക്ട്രിക് സ്കൂട്ടർ അഞ്ച് നിറങ്ങളിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ തെരഞ്ഞെടുക്കാനും സാധിക്കുമെന്നാണ് നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








