ഓട്ടോകാശ് ലാഭിക്കാം, സാധനങ്ങൾ വാങ്ങി കുത്തിനിറയ്ക്കാം, ഏറ്റവും സ്റ്റോറേജ് സ്പേസുള്ള സ്‌കൂട്ടറുകൾ
ഇന്ത്യക്കാരും സ്‌കൂട്ടറുകളും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എല്ലാത്തിൻ്റെയും തുടക്കം കൈനറ്റിക് ഹോണ്ടയിൽ നിന്നുമാണെങ്കിൽ ഗിയർലെസ് സ്‌കൂട്ടറുകളെ ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ കാരണക്കാരനായത് ഹോണ്ട ആക്‌ടിവയാണ്. തുടക്കത്തിൽ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതാണ് ഇതൊക്കെയെന്ന് ചിലർ പറഞ്ഞുനടന്നുവെങ്കിലും പ്രായോഗിക കണ്ട് വണ്ടറടിച്ചവരാണ് പലരും. അങ്ങനെ ഇന്ന് സ്ത്രീ എന്നോ പുരുഷൻ എന്നോ വേർതിരിവില്ലാതെ എല്ലാവരും കൊണ്ടുനടക്കുന്നത് സ്‌കൂട്ടറുകളാണ്. ഉപയോഗിക്കാനുള്ള എളുപ്പവും ഒരു മാസത്തേക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ ഒന്നിച്ച് കയറ്റിക്കൊണ്ടുപോവാനാവുന്ന സ്റ്റോറേജ് സ്പേസും എല്ലാം മോട്ടോർസൈക്കിളുകൾക്ക് സ്വപ്‌നം പോലും കാണാനാവില്ല.
മോഡേൺ സ്‌കൂട്ടറുകൾ ഫീച്ചറുകളുടെ കാര്യത്തിൽ പിശുക്കൊന്നും കാണിക്കാത്തതു പോലെ തന്നെയാണ് സ്റ്റോറേജ് സ്പേസുകളും കൊടുക്കുന്നത്. അതിനാൽ ഒരു മാസത്തേക്കുള്ള വീട്ടുസാധനങ്ങൾ വരെ സ്‌കൂട്ടറിൽ കയറ്റാം. ഫ്രണ്ടിൽ കവറ് തൂക്കാനായാലും സീറ്റിനടിയിലായാലും സ്ഥലം ഇഷ്‌ടം പോലെയാണ്. അതിനാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ സ്റ്റോറേജ് സ്പേസ് വാഗ്‌ദാനം ചെയ്യുന്ന പുത്തൻ സ്‌കൂട്ടറുകൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

ടിവിഎസ് ജുപ്പിറ്റർ 125
നല്ല സ്റ്റോറേജ് സ്പേസ് മാത്രം നോക്കി സ്‌കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മോഡലുകളിൽ ഒന്നാണ് ജുപ്പിറ്റർ 125. രണ്ട് ഹാഫ്-ഫേസ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ കഴിയുന്ന 33 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് കപ്പാസിറ്റിയാണ് ഇതിനുള്ളത്. കൂടുതൽ സൗകര്യാർത്ഥം 2 ലിറ്റർ സ്റ്റോറേജ് ശേഷിയുള്ള ഒരു ഗ്ലൗ ബോക്സും ഈ 125 സിസി പതിപ്പിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ഇക്കാര്യത്തിൽ ടിവിഎസിൻ്റെ ജനപ്രിയൻ അടിപൊളിയാണ്. 75,950 രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്നതിനാൽ പോക്കറ്റും കീറില്ല.
സുസുക്കി ആക്‌സസ് 125
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്റ്റോറേജ് സ്പേസ് നൽകുന്ന മറ്റൊരു പെട്രോൾ സ്‌കൂട്ടറാണ് സുസുക്കി ആക്‌സസ് 125. കിടിലൻ ഫാമിലി സ്‌കൂട്ടറായ മോഡൽ സീറ്റിനടിയിൽ 24.4 ലിറ്റർ സ്റ്റോറേജ് സ്പേസും ചെറിയ ഇനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന രണ്ട് ഓപ്പൺ-സ്റ്റൈൽ ഗ്ലൗ ബോക്‌സുകളും ഇതിൽ ലഭ്യമാണ്. നല്ല പെർഫോമൻസും മൈലേജും തരുന്ന മോഡലിൻ്റെ വിലയും താങ്ങാനാവുന്നതാണ്. 77,684 രൂപയിൽ നിന്നാണ് ആക്‌സസിൻ്റെ എക്സ്ഷോറൂം വില തുടങ്ങുന്നത്.

സുസുക്കി ബർഗ്മാൻ സ്ട്രീറ്റ്
ഇന്ത്യയിൽ സുസുക്കിയുടെ 125 സിസി സ്കൂട്ടർ ശ്രേണിയിലെ മാക്‌സി സ്റ്റൈൽ മോഡലാണ് ബർഗ്മാൻ സ്ട്രീറ്റ്. രൂപത്തിലും ഭാവത്തിലും വലിപ്പം തോന്നിക്കുന്നത് പോലെ സ്റ്റോറേജ് സ്പേസിൻ്റെ കാര്യത്തിലും ഇവനൊരു മിടുക്കനാണ്. സീറ്റിനടിയിൽ 21-5 ലിറ്റർ സ്പേസും റൈഡർക്കായി ഒരു അധിക ഓപ്പൺ-സ്റ്റൈൽ ഗ്ലൗ ബോക്സുമാണ് ഇതിൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുള്ളത്. ബർഗ്മാൻ സ്ട്രീറ്റിന് 90,176 രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്.
ടിവിഎസ് എൻടോർഖ് 150
വലുതും ശക്തവുമായ മാക്സി-സ്കൂട്ടർ വിഭാഗത്തിലേക്ക് എത്തിയ ഏറ്റവും പുതിയ അതിഥിയാണ് എൻടോർഖിൻ്റെ 150 സിസി മോഡൽ. ആളൊരൽപം സ്പോർട്ടിയാണെങ്കിലും പ്രായോഗികതയിൽ തെല്ലും വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല. 22 ലിറ്റർ അണ്ടർസീറഅറ് സ്റ്റോറേജാണ് മോഡൽ വാഗ്‌ദാനം ചെയ്യുന്നത്. ഒരു ഹാഫ്-ഫേസ് ഹെൽമെറ്റ് എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും. റൈഡർക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി മുൻവശത്ത് 2 ലിറ്റർ ഗ്ലൗ ബോക്‌സ് സ്റ്റോറേജുമുണ്ട്. ഈ സ്‌പോർട്ടി സ്‌കൂട്ടറിൻ്റെ വില 1.09 ലക്ഷം രൂപയിൽ നിന്നാണ് തുടങ്ങുന്നത്.

യമഹ എയ്റോക്‌സ് 155
പെർഫോമൻസിന് പ്രാധാന്യം നൽകുന്ന മാക്സി സ്കൂട്ടറാണെങ്കിലും ഒരു ഫുൾ ഫേസ് ഹെൽമെറ്റ് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് അണ്ടർസീറ്റ് സ്റ്റോറേജ് യമഹ ഒരുക്കിയിട്ടുള്ളത്. 24.5 ലിറ്റർ സ്പേസാണ് സീറ്റിനടിയിൽ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം സ്മാർട്ട്‌ഫോണിന് യോജിക്കാൻ തക്ക വലിപ്പമുള്ള പവർ സോക്കറ്റുള്ള ഫ്രണ്ട് ഗ്ലൗ ബോക്സും ഇതിലുണ്ട്. എയ്റോക്സിൻ്റെ എക്സ്ഷോറൂം വില 1.38 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








