1.84 ലക്ഷത്തിൻ്റെ കവസാക്കി ബൈക്കിന് 10 വർഷം വരെ വാറണ്ടി, ഓടിപ്പോയി എക്‌സ്‌പൾസ് വാങ്ങാൻ വരട്ടെ
ഇന്ത്യയിലെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് കവസാക്കി. വെർസിസ് X 300, KLX 230 തുടങ്ങിയ മോഡലുകളിലൂടെ സാധാരണക്കാരായ സാഹസിക പ്രേമികളുടെ മനസിൽ ഇടം കണ്ടെത്താനുള്ള ശ്രമം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ശ്രമിച്ചിരുന്നു. വെർസിസിൻ്റെ കുഞ്ഞൻ മോഡൽ റോയൽ എൻഫീൽഡ് ഹിമാലയൻ, ടിവിഎസ് അപ്പാച്ചെ RTX 300, കെടിഎം 390 അഡ്വഞ്ചർ തുടങ്ങിയ വമ്പൻമാരോട് മത്സരിക്കുമ്പോൾ കവസാക്കി KLX 230 (Kawasaki KLX 230) കൂടുതൽ താങ്ങാനാവുന്ന നിരയിൽ ഹീറോ എക്‌സ്‌പൾസിനോടാണ് ഏറ്റുമുട്ടുന്നത്.
അടുത്തിടെ 1.30 ലക്ഷം രൂപയോളം ഒറ്റയടിക്ക് വില കുറച്ച് ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനും കവസാക്കി KLX 230 ഒരു ശ്രമം നടത്തിയിരുന്നു. സംഗതി ക്ലിക്കായത് മനസിലായതോടെ ഇനിയും ആളുകളെ ഷോറൂമിലെത്തിക്കാനുള്ള മറ്റ് പദ്ധതികളും ആവിഷ്ക്കരിച്ചിരിക്കുകയാണ് ടീം ഗ്രീൻ. അതായത് എൻട്രി ലെവൽ ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ വാങ്ങുന്നവർക്ക് മൂന്ന് പുതിയ എക്സ്റ്റെൻഡഡ് വാറണ്ടി പ്രോഗ്രാമുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കവസാക്കി ഇന്ത്യ.

എഞ്ചിൻ ഭാഗങ്ങളും ഗിയർബോക്‌സ് ഘടകങ്ങളും ഉൾക്കൊള്ളുന്ന മൂന്ന് വർഷത്തെ വാറണ്ടിയാണ് ബൈക്കിനൊപ്പം കമ്പനി സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് പുറമെ എക്സ്റ്റെൻഡഡ് വാറണ്ടി സ്കീമുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 10 വർഷം വരെ മൊത്തം കവറേജ് ലഭിക്കും. ഇതിൽ തന്നെ തിരഞ്ഞെടുക്കാൻ മൂന്ന് സ്കീമുകൾ ഉണ്ട്. ഇവ യഥാക്രമം 2 വർഷം, 4 വർഷം, അല്ലെങ്കിൽ 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി സ്‌കീമുകളാണ്.
അങ്ങനെ KLX 230 വാങ്ങുന്നവർക്ക് യഥാക്രമം 5, 7, അല്ലെങ്കിൽ 10 വർഷം വരെയുള്ള മൊത്തം കവറേജ് സ്വന്തമാക്കാം. ബുക്കിംഗ് സമയത്ത് എക്സ്റ്റൻഡഡ് വാറണ്ടി ആളുകൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഇതിനുപുറമെ ഡ്യുവൽ-സ്പോർട്ട് ബൈക്ക് മാറ്റമില്ലാതെ തുടരുകയാണ്. അടുത്തിടെ കേന്ദ്രസർക്കാർ ജിഎസ്ടി കൂടി കുറച്ചതോടെ മോട്ടോർസൈക്കിളിൻ്റെ ഇപ്പോഴത്തെ എക്സ്ഷോറൂം വില 1.84 ലക്ഷം രൂപയാണ്.

233 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് KLX 230 ഡ്യുവൽ സ്പോർട്ടിൻ്റെ ഹൃദയം. 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ ഏകദേശം 18.7 bhp കരുത്തും 6,000 ആർപിഎമ്മിൽ 19 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ലൈം ഗ്രീൻ, അണ്ടർസ്റ്റേറ്റഡ് ബാറ്റിൽ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് കവസാക്കി KLX 230 ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.
ലീൻ ഫ്രെയിം, സിംഗിൾ-പീസ് സീറ്റ്, എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടുന്ന ഡിജിറ്റൽ എൽസിഡി ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന മിനിമലിസ്റ്റ് ഡ്യുവൽ-സ്‌പോർട്‌സ് ലുക്ക് ആരേയും മോഹിപ്പിക്കാൻ യോഗ്യമാണ്. ഏത് ഓഫ്-റോഡിലും മിന്നുന്ന പെർഫോമൻസ് കാഴ്ച്ചവെക്കുവാനായി 255 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് കവസാക്കി LX 230 ഡ്യുവൽ സ്പോർട്ടിൽ ഒരുക്കിയിട്ടുള്ളത്. ഓഫ്-റോഡിംഗിന് അടിപൊളിയാണെങ്കിലും ഇതൊരു ടൂറർ ബൈക്ക് ഒന്നുമല്ല കേട്ടോ.

താരതമ്യേന ചെറിയ ഫ്യുവൽ ടാങ്ക് ശേഷിയാണ് KLX 230-യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് വെറും 7.6 ലിറ്റർ ഇന്ധനം മാത്രമാണ് ഒരുതവണ പരമാവധി നിറക്കാനാവുന്നതെന്ന് സാരം. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ 21 ഇഞ്ച് ഫ്രണ്ട് വീലും 18 ഇഞ്ച് റിയർ സ്‌പോക്ക് വീലും ഉള്ള KLX230 ബൈക്കിന് രണ്ട് അറ്റത്തും ലോംഗ്-ട്രാവൽ സസ്‌പെൻഷനാണ് ലഭിക്കുന്നത്. ബ്രേക്കിംഗിനായി സിംഗിൾ-ചാനൽ എബിഎസോട് കൂടിയ സിംഗിൾ ഡിസ്ക്കും ഉപയോഗിക്കുന്നു.
എക്സ്റ്റൻഡഡ് വാറണ്ടിയെത്തിയതോടെ കവസാക്കി KLX 230 ഡ്യുവൽ സ്പോർട്ട് ബൈക്ക് വാങ്ങാൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാവുമെന്നാണ് കവസാക്കിയുടെ വിശ്വാസം. ഒപ്പം ഹീറോ എക്‌സ്‌പൾസ് പോലുള്ള എതിരാളികൾക്ക് കൂടുതൽ നെഞ്ചിടിപ്പേറുകയും ചെയ്യും. നിലവിൽ വെർസിസ് X 300 മോഡലിൽ 25,000 രൂപയോളം ഇയർ എൻഡ് ഓഫറുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ഷോറൂമിൽ ആളെത്തുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








