RTX വരുന്നതല്ലേ, 300 സിസി അഡ്വഞ്ചർ ബൈക്കിന് 25,000 രൂപയുടെ ഇയർ എൻഡ് ഓഫറുമായി കവസാക്കി
അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ മുമ്പെങ്ങുമില്ലാത്തത്ര മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ഹീറോ എക്‌സ്‌പൾസും റോയൽ എൻഫീൽഡ് ഹിമാലയനുമെല്ലാം അരങ്ങുവാണിരുന്ന വിഭാഗത്തിലേക്ക് അടുത്തിടെ ടിവിഎസ് അപ്പാച്ചെ RTX 300 കൂടിയെത്തിയതോടെ മത്സരം കൊഴുത്തിട്ടുണ്ടെന്ന് പറയാം. ഇതുകൂടാതെ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കിയും എഡിവി സെഗ്മെൻ്റിൽ സാന്നിധ്യമറിയിക്കുകയുണ്ടായി. വെർസിസ് ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലായ വെർസിസ് X 300 എന്ന മോഡലുമായാണ് സാഹസിക പ്രേമികളെ ചാക്കിലാക്കുവാനായി ടീം ഗ്രീൻ പുറത്തിറക്കിയിരുന്നത്. അടുത്തിടെ 2026 മോഡൽ ഇയർ പരിഷ്ക്കാരം ലഭിച്ച ബേബി വെർസിസിന് ഇപ്പോഴിതാ ഇയർ എൻഡ് ഓഫറുകൾ കൂടി ലഭിച്ചിരിക്കുകയാണ്.
3.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ അവതരിപ്പിച്ച കവസാക്കിയുടെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് ഇപ്പോൾ 25,000 രൂപയുടെ ഇയർ എൻഡ് ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 3.24 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ബൈക്ക് വാങ്ങിക്കൊണ്ട് പോവാൻ സാധിക്കും. എന്നാൽ രണ്ട് കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജാപ്പനീസ് ബ്രാൻഡ് പറയുന്നുണ്ട് കേട്ടോ.

അതായത് കവസാക്കി വെർസിസ് വെർസിസ് X 300 അഡ്വഞ്ചർ ബൈക്കിൻ്റെ 2025 മോഡലുകൾക്ക് മാത്രമേ ഇയർ എൻഡ് ഓഫർ ലഭിക്കൂ. ഡിസംബർ 31 വരെയോ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നതുവരെയോ ഓഫർ സാധുവാണെന്നതും പ്രത്യേകം ഓർമിക്കേണ്ടതാണ്. 3.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഈ വർഷം മെയ് മാസത്തിലെത്തിയ ബൈക്ക് അടുത്തിടെയാണ് പുതിയ നവീകരണങ്ങളോടെ വിപണിയിലെത്തിയത്.
അപ്പോൾ മുമ്പത്തേതിനേക്കാൾ വില കുറച്ചും ബേബി വെർസിസിന് വാർത്തകളിൽ ഇടംനേടാനായിരുന്നു. 2025 മോഡലിനേക്കാൾ 31,000 രൂപ വിലക്കുറവിലാണ് പുതിയ 2025 മോഡലുകൾ എത്തിയത്. ട്വിൻ സിലിണ്ടർ എഞ്ചിൻ ലഭിക്കുന്ന ഈ സെഗ്മെൻ്റിലെ ആദ്യത്തെ മോഡലാണിത്. അതിനാൽ ടിവിഎസ് അപ്പാച്ചെ RTX 300 ബുക്ക് ചെയ്‌തവരെല്ലാം ഇതിൻ്റെ ടെസ്റ്റ് ഡ്രൈവ് എടുത്തിട്ട് വാങ്ങുന്നതായിരിക്കും നല്ലത്. വലിയ ഫാൻസി ഫീച്ചറുകളൊന്നുമില്ലെങ്കിലും കക്ഷിയൊരു മിടുമിടുക്കൻ തന്നെയാണ്.

കാൻഡി ലൈം ഗ്രീൻ / മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്, പേൾ ഹൊറൈസൺ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകൾ മാത്രമാണ് വെർസിസ് X 300 അഡ്വഞ്ചർ വിപണിയിലെത്തുന്നത് എന്നതിനാൽ തെരഞ്ഞെടുക്കാൻ ഒരുപാട് നിറങ്ങളൊന്നുമില്ലെന്നത് യൂത്തൻമാരെ നിരാശപ്പെടുത്തിയേക്കാം. പക്ഷേ വെർസിസിന്റെ വലിയ മോഡലുകളിൽ കാണുന്ന അതേ ഡിസൈൻ ശൈലി പിന്തുടർന്നിരിക്കുന്നത് ആളെക്കൂട്ടാൻ സഹായിക്കുന്ന ഘടകമാണ്.
ടോൾ വിൻഡ്‌സ്ക്രീൻ, സിംഗിൾ പോഡ് ഹാലൊജൻ ഹെഡ്‌ലാമ്പ്, ടാങ്ക് എക്സ്റ്റൻഷനുകളുള്ള വലിയ ഫ്യുവൽ ടാങ്ക്, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് 300 സിസി വെർസിസിലെ പ്രധാന സവിശേഷതകൾ. കൂടാതെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് അഡ്വഞ്ചർ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഗിയർ പൊസിഷൻ, ഫ്യുവൽ ഗേജ് ശ്രേണ ട്രിപ്പ് ഡാറ്റ എന്നിവയാണ് ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

നിഞ്ച 300 മോഡലിൽ നിന്നും കടമെടുത്ത 269 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് കവസാക്കി വെർസിസ് X 300 എഡിവിക്ക് തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11,5000 ആർപിഎമ്മിൽ പരമാവധി 40 bhp കരുത്തും 10,000 ആർപിഎമ്മിൽ 25.7 Nm ടോർക്കും നിർമിക്കാൻ കഴിവുണ്ട്. സസ്പെൻഷനായി മുന്നിൽ പരമ്പരാഗത RSU ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് ലഭിക്കുക.
അതേസമയം ബ്രേക്കിംഗിനായി മുന്നിലും പിന്നിലും പെറ്റൽ ഡിസ്ക് ബ്രേക്കുകളാണ് സമ്മാനിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ബേബി വെർസിസിലുണ്ട്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്പോക്ക്ഡ് വീലുകളിലാണ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരത്തിലെത്തുന്നത്. ഒപ്പം 180 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കും. എന്തായാലും ഇയർ എൻഡ് ഓഫർ ലഭിക്കുന്നത് വിൽപ്പന വർധിപ്പിക്കാൻ സഹായിച്ചേക്കും.


Click it and Unblock the Notifications








