കുറഞ്ഞവിലയിൽ പുതിയ അഡ്വഞ്ചർ ടൂറർ ബൈക്ക് പുറത്തിറക്കി കവസാക്കി, ഹിമാലയന് വിശ്രമിക്കാം
പണ്ട് റോഡിലൂടെ മാത്രം പോവാനാണ് ആളുകൾ ബൈക്ക് വാങ്ങിയിരുന്നതെങ്കിൽ ഇന്ന് കുന്നും മലയും താണ്ടാൻ വരെ പ്രത്യേകം ബൈക്കുകൾ വാങ്ങുന്നവരാണ് നമുക്കിടയിലുള്ളത്. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളുടെ വരവാണ് ഇത്തരത്തിലൊരു സംസ്ക്കാരം ഇന്ത്യക്കാർക്കിടയിൽ വളർത്തിയെടുത്തത്. റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്‌സ്‌പൾസ്, കെടിഎം അഡ്വഞ്ചർ, ട്രയംഫ് സ്ക്രാംബ്ലർ എന്നിങ്ങനെ പലതരത്തിലുള്ള ഡ്യുവൽ പർപ്പസ് ഇരുചക്ര വാഹനങ്ങളാണ് ഇന്ന് വിപണിയിലുള്ളത്. ഓൺ-റോഡിലും ഓഫ്-റോഡിലും ഒരേപോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനാവുന്നതാണ് എഡിവി മോഡലുകളുടെ വിജയം. സെഗ്മെന്റ് ഭരിക്കുന്നത് ഹിമാലയനാണെങ്കിൽ ഇതിനെ വെല്ലാൻ സാക്ഷാൽ കവസാക്കി ഇന്ത്യയിലെത്തിയിരിക്കുകയാണ്.
അതും ഇന്ത്യയിൽ തന്നെ നിർമിച്ച ഒരു കിടിലൻ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായാണ് കവസാക്കിയുടെ വരവ്. മുമ്പ് പലതവണ ഉയർന്നുകേട്ട കവസാക്കി വെസിസ് 300 ഒടുവിൽ യാഥാർഥ്യമായിരിക്കുകയാണ്. അതും താരതമ്യേന കുറഞ്ഞരു വിലയിലാണ് ടീം ഗ്രീന്റെ എഡിവി മോഡൽ രംഗത്തിറക്കിയിരിക്കുന്നത്. 3.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ ആശാനെ വീട്ടുമുറ്റത്തെത്തിക്കാം കേട്ടോ.

റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 390 അഡ്വഞ്ചർ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരൽപം ഓവറല്ലേയെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം വെർസിസ് X 300 ബൈക്കിലെ ട്വിൻ സിലിണ്ടർ എഞ്ചിൻ നൽകും. ഈയൊരു വിഭാഗത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ട്വിൻ സിലിണ്ടർ സംവിധാനം ഒരു മോഡൽ അവതരിപ്പിക്കുന്നത് എന്നതിനാൽ വില അതിനെ സാധൂകരിക്കുന്നതായിരിക്കും.
അതുമല്ല 2025 കെടിഎം 390 അഡ്വഞ്ചറിന് 3.68 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇതത്ര കൂടുതലുമല്ലല്ലോ. 2.85 ലക്ഷം രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഹിമാലയന് സംഗതി ഉപകാരമായേക്കുമെങ്കിലും ഒരു സൂപ്പർബൈക്ക് ബ്രാൻഡിലേക്ക് ചേക്കേറാൻ മോഹിച്ചിരിക്കുന്നവർക്ക് വെർസിസ് X 300 ഒരു നല്ല ഓപ്ഷനായിരിക്കും. എന്തായാലും വിലയെ പറ്റിയുള്ള സംസാരം ഇവിടെ തത്ക്കാലം നിർത്താം.

കാൻഡി ലൈം ഗ്രീൻ / മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്, പേൾ ഹൊറൈസൺ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമാണ് വെർസിസ് X 300 ലഭിക്കുക. വെർസിസിന്റെ വലിയ മോഡലുകളിൽ കാണുന്ന അതേ ഡിസൈൻ ശൈലി തന്നെയാണ് 300 സിസി ബേബിയിലും പിന്തുടർന്നിരിക്കുന്നത്. ടോൾ വിൻഡ്‌സ്ക്രീൻ, സിംഗിൾ പോഡ് ഹാലൊജൻ ഹെഡ്‌ലാമ്പ്, ടാങ്ക് എക്സ്റ്റൻഷനുകളുള്ള വലിയ ഫ്യുവൽ ടാങ്ക്, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകൾ.
കരുത്തുറ്റ ലഗേജ് റാക്കോടുകൂടിയ ചങ്കി ഗ്രാബ് റെയിൽ മോട്ടോർസൈക്കിളിന്റെ ടൂറിംഗ് മികവിനെ പ്രതിഫലിപ്പിക്കുന്ന കാര്യമാണ്. കാറ്റിൽ നിന്നുമുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കുന്ന സെമി-ഫെയറിംഗാണ് കവസാക്കി വെർസിസ് X 300 മോട്ടോർസൈക്കിളിലെ മറ്റൊരു പ്രത്യേകത. എൽഇഡി ഹെഡ്‌ലൈറ്റുകളോ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളോ ഇല്ലാത്തത് മോഡേൺ ഫീച്ചറുകൾ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തും.

കൂടാതെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് അഡ്വഞ്ചർ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോഗ് ലൈറ്റുകൾ, നക്കിൾ ഗാർഡുകൾ, പാന്നിയറുകൾ പോലുള്ളവ സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ ഭാഗമല്ലാത്തതും നിരാശാജനകമാണ്. എങ്കിലും ഇതിനെയെല്ലാം സാധൂകരിക്കാൻ നിഞ്ച 300 മോഡലിൽ നിന്നും കടമെടുത്ത 269 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാവുമെന്നാണ് ജാപ്പനീസ് ബ്രാൻഡിന്റെ കണക്കുകൂട്ടലുകൾ.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11,5000 ആർപിഎമ്മിൽ പരമാവധി 40 bhp കരുത്തും 10,000 ആർപിഎമ്മിൽ 25.7 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കാനാവുക. സസ്പെൻഷനായി മുന്നിൽ പരമ്പരാഗത RSU ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് ലഭിക്കുക. അതേസമയം ബ്രേക്കിംഗിനായി മുന്നിലും പിന്നിലും പെറ്റൽ ഡിസ്ക് ബ്രേക്കുകളാണ് സമ്മാനിച്ചിരിക്കുന്നത്.

അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ബേബി വെർസിസിലുണ്ട്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്പോക്ക്ഡ് വീലുകളിലാണ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരത്തിലെത്തുന്നത്. ഒപ്പം 180 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കും. കവസാക്കി വെർസിസ് X 300 എഡിവിക്ക് മൊത്തത്തിൽ 185 കിലോഗ്രാം ഭാരമാണുള്ളതെന്നും ടീം ഗ്രീൻ അവകാശപ്പെടുന്നു. സിംഗിൾ-പീസ് സ്റ്റെപ്പ്ഡ് സീറ്റ്, മിഡ്-സെറ്റ് ഫുട്പെഗുകൾ, റൈസ്‌ഡ് ഹാൻഡിൽബാറുകൾ എന്നിവ കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ടേ.


Click it and Unblock the Notifications








