വിറയലില്ല, ഭീകര ഭാരവുമില്ല! ബുള്ളറ്റിൻ്റെ ചീട്ടുകീറാൻ കവസാക്കിയുടെ ജാപ്പനീസ് ക്ലാസിക് ബൈക്ക് വരുന്നു
ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ വിരാജിക്കുന്ന റോയൽ എൻഫീൽഡിന് (Royal Enfield) വെല്ലുവിളിയുമായി എത്തുകയാണ് സൂപ്പർബൈക്കുകളിലൂടെ യൂത്തൻമാരുടെ മനസ് കീഴടക്കിയ കവസാക്കി. W175 എന്നൊരു എൻട്രി ലെവൽ മോഡലിനെ അവതരിപ്പിച്ചുവെങ്കിലും ക്ലച്ചുപിടിക്കാതെ പോയ നിരാശ ഇതിലൂടെ മറകടക്കാനാവുമെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ വിശ്വാസം. മോഡേൺ ക്ലാസിക് റോഡ്‌സ്റ്ററായ W230 (Kawasaki W230) ആണ് ഇന്ത്യയിലേക്ക് കമ്പനി കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഇതിൻ്റെ സൂചന നൽകുന്ന ആദ്യ ടീസറും ബ്രാൻഡ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവെച്ചിട്ടുണ്ട്.
പക്ഷേ മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ടോയെന്ന് കവസാക്കി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആദ്യത്തെ W സീരീസ് മോഡലായ 1965 650-W1 മോട്ടോർസൈക്കിളിൻ്റെ 60-ാം വാർഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്. വരവ് നടക്കുകയാണെങ്കിൽ റോയൽ എൻഫീൽഡ് ബുള്ളറ്റിനെ പൂട്ടാൻ കവസാക്കിക്ക് സാധിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

ആദ്യ കാഴ്ച്ചയിൽ തന്നെ ഏതൊരു ക്ലാസിക് മോട്ടോർസൈക്കിൾ പ്രേമിയുടേയും മനസിൽ ഇടം കണ്ടെത്താനുള്ള സൗന്ദര്യം കവസാക്കി W230 മോഡേൺ ക്ലാസിക് റോഡ്‌സ്റ്ററിനുണ്ട്. കാലാനുസൃതമായ മോഡേൺ ക്ലാസിക് ഡിസൈൻ, നല്ല വലിപ്പം, ഗംഭീര ഫീച്ചറുകൾ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് 650-W1 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച പുതിയ W230 വിപണിയിലെത്തുക. ഇന്ത്യയിലെ വളർന്നുവരുന്ന സിംഗിൾ-സിലിണ്ടർ സബ്-350 സിസി മോഡേൺ ക്ലാസിക് സെഗ്‌മെൻ്റിൽ അഡ്രസുണ്ടാക്കിയെടുക്കാൻ ഇതൊക്കെ പോരേ...
കവസാക്കി ഇന്ത്യയ്ക്കായി W230 പരിഗണിക്കുകയാണെങ്കിൽ നിർണായക ഘടകം പ്രാദേശികവൽക്കരണവും വില നിർണയവുമായിരിക്കും. KLX 230 പോലെ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്ക് W230 പ്രാദേശികവൽക്കരിക്കുകയും ആകർഷകമായ വിലയിൽ പുറത്തിറക്കുകയും ചെയ്യാനായാൽ ബുള്ളറ്റ് പ്രേമികളെ വരെ വശത്താക്കാനാവും. അങ്ങനെ ഇന്ത്യയിലെ കവസാക്കിയിൽ നിന്നുള്ള ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായി മാറാനും മോഡേൺ ക്ലാസിക് റോഡ്‌സ്റ്ററിന് അധിക സമയമൊന്നും വേണ്ടിവരില്ല.

233 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് W230 മോഡലിന് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,000 ആർപിഎമ്മിൽ 17.3 bhp കരുത്തും 5,800 ആർപിഎമ്മിൽ 18.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. നല്ല വലിപ്പം ഉണ്ടെങ്കിലും ബുള്ളറ്റ് പോലെ ഭീമാകാരമായ ഭാരമൊന്നും ഇതിനില്ല കേട്ടോ. ജാപ്പനീസ് എഞ്ചിനീയറിംഗ് വിസ്‌മയിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
വെറും 133 കിലോഗ്രാം ഭാരവും 745 മില്ലീമീറ്റർ സീറ്റ് ഉയരവുമുള്ള W230 എളുപ്പത്തിൽ ഓടിക്കാൻ കഴിയുന്നതും ആക്‌സസ് ചെയ്യാവുന്നതുമായ ഒരു എൻട്രി ലെവൽ മോഡേൺ ക്ലാസിക് ആയിരിക്കുമെന്ന് സാരം. 12 ലിറ്റർ ഫ്യുവൽ ടാങ്കും 150 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് മറ്റ് പ്രത്യേകതകൾ. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ 37 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡായി ക്രമീകരിക്കാവുന്ന ട്വിൻ ഷോക്കുകളും ബൈക്കിനുണ്ട്.

ബ്രേക്കിംഗിലേക്ക് വന്നാൽ കവസാക്കിയുടെ മോഡേൺ ക്ലാസിക് റോഡ്‌സ്റ്ററിൻ്റെ മുന്നിലും പിന്നിലും സിംഗിൾ ഡിസ്കുകളാണ് നൽകിയിരിക്കുന്നത്. 265 mm ഫ്രണ്ട് ഡിസ്കും 220 mm റിയർ ഡിസ്കും ബ്രേക്കിംഗ് ഡ്യൂട്ടി നിർവഹിക്കുന്നതോടൊപ്പം അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിൻ്റെ സപ്പോർട്ടുമുണ്ട്. ബുള്ളറ്റിന് പുറമെ ഹണ്ടർ ഉൾപ്പെടെയുള്ള റോയൽ എൻഫീൽഡിൻ്റെ 350 മോഡലുകൾ, ടിവിഎസ് റോണിൻ, ജാവ-യെസ്ഡി 350 സിസി മോഡലുകളും W230-യുടെ വരവിൽ ഭയക്കേണ്ടതുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








