ചേതക് ഇവിയെ ഒതുക്കാൻ ഇലക്‌ട്രിക് കരുത്തിൽ തിരിച്ചെത്തി കൈനറ്റിക് DX, നോക്കിക്കേ എന്തൊരു ചേലാണ്
ഗിയർലെസ് സ്‌കൂട്ടറുകൾ എന്നാൽ ഇന്ത്യക്കാർക്ക് ഹോണ്ട ആക്‌ടിവയാണ്. പക്ഷേ ഇതിന് മുമ്പേ വിപ്ലവം തീർത്ത ഇതിഹാസം ഒന്നുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത്രകണ്ട് പരിചയമില്ലെങ്കിലും 90 കിഡ്‌സിനെല്ലാം കൈനറ്റിക് DX എന്ന പൊന്നോമനയെ നന്നായി ഓർമയുണ്ടാവും. അതിന്റെ ശബ്‌ദവും രൂപവുമെല്ലാം വേറിട്ടതായിരുന്നു. ഇടയ്ക്കുവെച്ച് വിപണിയിൽ നിന്നും കൈനറ്റിക് അപ്രത്യക്ഷമായതോടെ ആക്‌ടിവയാണ് സ്‌കൂട്ടറുകളുടെ അവസാനവാക്കായി മാറി. എന്തായാലും ഇവി വിപ്ലവം അലയടിച്ചതോടെ തിരികെ വരാനുള്ള അവസരം കൈനറ്റിക്കിനുണ്ടായി. ഇപ്പോഴിതാ കാലത്തിന് അനുസരിച്ച് കോലം മാറിയ ഐക്കണിക് കൈനറ്റിക് ഹോണ്ട DX വിപണിയിൽ പുനരവതരിപ്പിച്ചിരിക്കുകയാണ്.
ഇലക്‌ട്രിക് കരുത്തോടെ വിപണിയിലെത്തിയ സ്‌കൂട്ടർ നിരത്തുകൾക്ക് വീണ്ടും വിസ്‌മയമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. DX, DX പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വരുന്ന ഇവിക്ക് യഥാക്രമം 1.11 ലക്ഷം, 1.17 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇന്ന് മുതൽ അതായത് ജൂലൈ 28 മുതൽ ഇലക്ട്രിക് സ്‌കൂട്ടർ ആളുകൾക്ക് ബുക്ക് ചെയ്യാനാവുമെന്നും കൈനറ്റിക് ഗ്രീൻ അറിയിച്ചിട്ടുണ്ട്.

കൈനറ്റിക് DX ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 1,000 രൂപ ടോക്കൺ തുക നൽകി ഇവി ബുക്ക് ചെയ്യാമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിക്കായുള്ള ഡെലിവറി 2025 ഒക്ടോബറിലായിരിക്കും ആരംഭിക്കുക. തുടക്കത്തിൽ ബുക്കിംഗും ഡെലിവറിയും 40,000 യൂണിറ്റുകളായി പരിമിതപ്പെടുത്തുമെന്ന കാര്യവും ബ്രാൻഡ് പ്രത്യേകം പരാമർശിച്ചിട്ടുണ്ടേ.
പഴയ ഇതിഹാസത്തിന്റെ അതേരൂപം നിലനിർത്തി തന്നെയാണ് കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈനും പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ ആധുനിക ഫീച്ചറുകളെല്ലാം കുത്തിനിറച്ച് ഇവിയെ മോഡേൺ ആക്കുന്നതിലും കമ്പനി പ്രത്യേകം ശ്രദ്ധ കൊടുത്തിട്ടുണ്ട്. കൈനറ്റിക് ലോഗോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളാണ് മുൻവശത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. ഒപ്പം യുണീക്കായ എൽഇഡി ഹെഡ്‌ലൈറ്റും കൂടിച്ചേരുമ്പോൾ സംഗതി കളറാവും.

കൈനറ്റിക് ബ്രാൻഡിംഗോടുകൂടിയ സ്റ്റബ്ബി വൈസർ പണ്ടത്തെ കൈനറ്റിക് ഹോണ്ട DX സ്‌കൂട്ടറിനെ ഓർമപ്പെടുത്തുന്ന കാര്യമാണ്. വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക്, സിൽവർ എന്നിങ്ങനെ സ്റ്റൈലനായ 5 കളർ ഓപ്ഷനിൽ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. 4.8kW ഹബ്-മൗണ്ടഡ് BLDC ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.6kWh LFP ബാറ്ററി പായ്ക്കാണ് ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്.
സിംഗിൾ ചാർജിൽ കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടർ 116 കിലോമീറ്റർ IDC റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷേ ARAI കണക്കുകൾ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇവിയുടെ പരമാവധി വേഗത 90 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റേഞ്ച്, പവർ, ടർബോ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും സ്കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് അസിസ്റ്റിനായി ഒരു റിവേഴ്‌സ് മോഡും ലഭ്യമാണ്.

ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ കൈനറ്റിക് DX ഇവി ആളൊരു മിടുക്കനാണ് കേട്ടോ. ക്രൂയിസ് കൺട്രോൾ, 8.8 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ബിൽറ്റ്-ഇൻ സ്പീക്കർ, കീലെസ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളെല്ലാം ഇവിയിൽ കുത്തിനിറച്ചാണ് വിപണത്തിന് എത്തിച്ചിരിക്കുന്നത്. കൂടുതൽ സൗകര്യത്തിനായി സ്കൂട്ടറിന്റെ ബോഡിയിൽ ചാർജർ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു സവിശേഷമായ ഈസി ചാർജ് സിസ്റ്റവും ഇതിലുണ്ടെന്നത് ആരേയും ആശ്ചര്യപ്പെടുത്തുന്ന സംഗതിയാണ്.
കൈനറ്റിക് ഇവിയുടെ ടോപ്പ്-സ്പെക്ക് DX പ്ലസ് വേരിയന്റിൽ പ്രധാനമായും ടെലികൈനറ്റിക് ടെലിമാറ്റിക്സ് സിസ്റ്റവും കൊടുത്തിട്ടുണ്ട്. ഇത് ജിയോ-ഫെൻസിംഗ്, വെഹിക്കിൾ ട്രാക്കിംഗ്, ഫൈൻഡ് മൈ കൈനറ്റിക് തുടങ്ങിയ വിവിധ കണക്റ്റിവിറ്റി സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്. സ്കൂട്ടറിന് മൂന്ന് വർഷത്തെ അല്ലെങ്കിൽ 30,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയുണ്ട്. ഇത് 9 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വരെ നീട്ടാൻ കഴിയും.


Click it and Unblock the Notifications








