ചൽ മേരി ലൂണ വീണ്ടും, ഇലക്‌ട്രിക് മോപ്പഡിനെ ആളുകളിലേക്ക് എത്തിക്കാൻ കൈനറ്റിക്കിന്റെ പുതിയ അടവ് കണ്ടോ
ബൈക്കുമല്ല, സ്‌കൂട്ടറുമല്ലാത്ത ശൈലിയിൽ ഒരുങ്ങി ആളുകളെ കൈയിലെടുത്ത രാജ്യത്തെ ആദ്യത്തെ മോപ്പഡ് ആയിരുന്നു കൈനറ്റിക് ലൂണ. മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇൻ ഹരിഹർ നഗറിൽ നായികയുടെ കൂടെ ചെത്തിനടക്കുന്ന ഈ വാഹനം ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും എൺപതുകളിലുള്ളവർക്ക് അങ്ങനെ വേഗം ഒന്നും ലൂണയെ മറക്കാനാവില്ല. സോഷ്യൽ മീഡിയയും മൊബൈൽ ഫോണും ഒന്നുമില്ലാതിരുന്ന കാലത്ത് ചൽ മേരി ലൂണ എന്ന പരസ്യ വീഡിയോ പോലും വലിയ ഓളമാണുണ്ടാക്കിയത്. 50 സിസി പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച മെലിഞ്ഞ രൂപമുള്ള വണ്ടി ഒരുപിടി ഓർമകളുമായി പിന്നീടെപ്പോഴോ നിരത്തുകളൊഴിഞ്ഞു.
എന്നാൽ ഇലക്‌ട്രിക് യുഗത്തിലേക്ക് കാലെടുത്ത് വെച്ച് കഴിഞ്ഞ വർഷം കൈനറ്റിക് ലൂണ പുനർജന്മമെടുക്കുകയുണ്ടായി. 69,990 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ഇവി രൂപത്തിൽ മോപ്പഡ് പിറവിയെടുത്തിരിക്കുന്നത്. ലളിതവും പ്രയോജനപ്രദവുമായ രൂപകൽപ്പനയാണ് ഇത്തവണയും വാഹനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇപ്പോഴിതാ ഇ-ലൂണയ്‌ക്കായി പുതിയൊരു ടെലിവിഷൻ ക്യാമ്പയിൻ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന കമ്പനിയായ കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ്.

ചൽ മേരി ലൂണ ടാഗ്‌ലൈൻ ഉപയോഗിച്ചുകൊണ്ടാണ് ഇത്തവണയും പുതിയ പരസ്യ വീഡിയോ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നൊസ്റ്റാൾജിയയെ ആധുനിക കാലഘട്ടവുമായി സംയോജിപ്പിക്കുന്ന വീഡിയോ വരും ദിവസങ്ങളിൽ ചർച്ചയായേക്കുമെന്നാണ് അനുമാനം. നൂതന സാങ്കേതികവിദ്യ, പ്രായോഗികത, പരിസ്ഥിതി സൗഹാർദ പ്രകടനം എന്നിവയെ പരസ്യത്തിലൂടെ എടുത്തുകാണിക്കാനും കൈനറ്റിക് ശ്രമം നടത്തിയിട്ടുണ്ട്.
കൈനറ്റിക് ഗ്രൂപ്പ് പുറത്തിറക്കിയിരിക്കുന്ന ലൂണ സാധാരണക്കാർക്ക് താങ്ങാനാവുന്നതും പ്രായോഗികവും ഇന്ധനക്ഷമതയുള്ളതുമായ ഒരു ഇരുചക്ര വാഹനമായിട്ടാണ് രൂപകൽപ്പന ചെയിതിരിക്കുന്നത്. X1, X2 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ലൂണ ഇലക്ട്രിക് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 69,990 രൂപയും 74,990 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

2kWh ബാറ്ററി പായ്ക്കാണ് ഇ-ലൂണയിൽ പ്രവർത്തിക്കുന്നത്. 2.2kW പവറിൽ 22 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള ഹബ്-മൗണ്ടഡ് മോട്ടോറാണ് കൈനറ്റിക് ഇ-ലൂണക്ക് തുടിപ്പേകുന്നത്. ഇത് സിംഗിൾ ചാർജിൽ 110 കിലോമീറ്റർ വരെ റേഞ്ച് വരെ വാഗ്‌ദാനവും ചെയ്യുന്നുണ്ട്. ചാർജിംഗാണ് രസകരമാവുന്ന സംഗതി. ചെറിയ ബാറ്ററി പായ്ക്കായതിനാൽ തന്നെ ഫുൾ ചാർജിംഗിന് ഏകദേശം 4 മണിക്കൂർ സമയം മാത്രമാണ് വേണ്ടി വരിക.
ഇലക്ട്രിക് മോപ്പഡിന് പരമാവധി കൈവരിക്കാനാവുന്ന വേഗം 50 കിലോമീറ്ററാണെന്നും കൈനറ്റിക് പറയുന്നു. 90 കിലോഗ്രാം മാത്രമാണ് ഭാരം വരുന്നതെങ്കിലും 150 കിലോഗ്രാം ഭാരം വഹിക്കാൻ കൈനറ്റിക് ലൂണ ഇവിക്ക് കഴിയുമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ 760 മില്ലീമീറ്ററിന്റെ ചെറിയ സീറ്റ് ഹൈറ്റാണുള്ളതെങ്കിലും ഏതുതരക്കാർക്കും ഓടിക്കാൻ വളരെ എളുപ്പവും സൗഹൃദപരവുമാണ്.

അധിക സ്റ്റോറേജ് സ്പേസിനായി ഇവിയിലെ റിയർ സീറ്റ് നീക്കം ചെയ്യാനുമാവും. അത്യാവിശ്യം വേണ്ടുന്ന ചില ഫീച്ചറുകളും ഇലക്ട്രിക് മോപ്പഡിൽ ഒരുക്കിയിട്ടുണ്ടെന്ന് പറയാം. സ്പീഡോ മീറ്റര്‍ റീഡിംഗ്, ബാറ്ററി ചാര്‍ജിംഗ് സ്റ്റാറ്റസ്, സൈഡ് സ്റ്റാൻഡ് ഇന്റിക്കേറ്റര്‍ എന്നിവ നല്‍കിയിട്ടുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിൽ എടുത്ത് പറയേണ്ട കാര്യം. മൊബൈൽ പോലുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാനായി ഒരു യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും നല്‍കുന്നുണ്ട്.
റെഡ്, ബ്ലൂ, യെല്ലോ, ഗ്രീൻ, ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളാണ് കൈനറ്റിക് ഇ-ലൂണക്കൊപ്പം വാഗ്‌ദാനം ചെയ്യുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നും ഇ-ലൂണ ബുക്ക് ചെയ്യാനാവുമെന്നതും സ്വീകാര്യമായ കാര്യമാണ്. പുതിയ പരസ്യ വീഡിയോയിലൂടെ ഇതിഹാസത്തെ വൈദ്യുത വേഷത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാവുമെന്നാണ് കൈനറ്റിക്കിന്റെ വിശ്വാസം.


Click it and Unblock the Notifications








