സിംഗിൾ ചാർജിൽ 240 KM റേഞ്ച്, കുറഞ്ഞ വില! പുത്തൻ ഇലക്‌ട്രിക് ക്രൂയിസർ ബൈക്കുമായി സ്റ്റാർട്ടപ്പ് കമ്പനി
പുതിയ വ്യത്യസ്‌ത മോഡലുകളാൽ സമ്പന്നമാവുകയാണ് ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി. നേരത്തെ സ്‌കൂട്ടറുകളായിരുന്നു ഈ നിര കീഴടക്കിയിരുന്നതെങ്കിൽ മോട്ടോർസൈക്കിളുകളും പതിയെ വിപണിയിൽ ശ്രദ്ധനേടിത്തുടങ്ങിയിട്ടുണ്ട്. റിവോൾട്ട്, ടോർക്ക്, അൾട്രാവയലറ്റ്, ഒബെൻ തുടങ്ങിയ ബ്രാൻഡുകളെല്ലാം കളത്തിലറങ്ങിയിട്ടുണ്ട്. എന്നാൽ ഇവർക്കെല്ലാം മുമ്പേ തന്നെ ക്രൂയിസർ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയവരാണ് കൊമാകി (Komaki). കാഴ്ച്ചയിൽ അത്ര ആഡംബരമോ സൌന്ദര്യമോ ഒന്നുമില്ലെങ്കിലും പ്രായോഗികതയിൽ റേഞ്ചർ ഇവി പുലിയാണെന്ന് വേണം പറയാൻ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ കൊമാകിയുടെ ഇപ്പോഴത്തെ വജ്രായുധം കൂടിയാണ് റേഞ്ചർ.
ക്ലാസിക് സ്റ്റൈലിംഗും അഡ്വാൻസ്ഡ് എർഗണോമിക്സും സംയോജിപ്പിച്ച് ദീർഘദൂര റൈഡിംഗ് ശേഷി നൽകുക എന്ന ലക്ഷ്യത്തോടെ കൊമാകി ഇലക്ട്രിക് വെഹിക്കിൾസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളുകളായ റേഞ്ചർ പ്രോ, പ്രോ പ്ലസ് എന്നിവ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. റേഞ്ചർ പ്രോയ്ക്ക് 1,29,999 രൂപയും റേഞ്ചർ പ്രോ പ്ലസിന് 1,39,999 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

ഇതോടൊപ്പം 12,500 രൂപ വിലയുള്ള ആക്‌സസറികളും ഉൾപ്പെടുത്തിയാണ് കൊമാകി റേഞ്ചർ സീരീസിന്റെ പുത്തൻ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ക്രൂയിസർ ബൈക്കിന്റെ സൗന്ദര്യാത്മകതയും പ്രായോഗികതയും വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് ബൈക്കുകൾ തേടുന്നവരെ ആകർഷിക്കാൻ കമ്പനിക്കാവുമെന്നാണ് വിശ്വാസം. രണ്ട് മോഡലുകളിലും 4.2 kW Lipo4 ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
റേഞ്ചർ പ്രോ ഒറ്റ ചാർജിൽ 160 കിലോമീറ്റർ മുതൽ 220 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം റേഞ്ചർ പ്രോ പ്ലസ് 180 കിലോമീറ്റർ മുതൽ 240 കിലോമീറ്റർ വരെ റേഞ്ചും നൽകാൻ യോഗ്യമാണ്. രണ്ട് വകഭേദങ്ങളിലും പൂജ്യത്തിൽ നിന്ന് പരമാവധി വേഗതയിലേക്ക് വെറും അഞ്ച് സെക്കൻഡിനുള്ളിൽ കൈയെത്തിപ്പിടിക്കാൻ കഴിയുന്ന 5 kW ഹൈ-ടോർക്ക് മോട്ടോറാണ് കൊമാകി ഉപയോഗിച്ചിരിക്കുന്നതും.

കമ്പനി പറയുന്നതനുസരിച്ച് കൊമാകിയുടെ പുത്തൻ രണ്ട് ഇവികളും ഹൈവേ ക്രൂയിസിംഗിനും സിറ്റി യാത്രകൾക്കും ഒരുപോലെ അനുയോജ്യമാണ്. യാത്രാ സുഖത്തിന്റെയും സുരക്ഷയുടെയും കാര്യത്തിലും ഇലക്ട്രിക് ബൈക്കുകൾ കിടിലമാണെന്ന് പറയാം. രണ്ട് മോഡലുകളിലും ടെലിസ്കോപ്പിക് സസ്പെൻഷൻ, ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ, ബാക്ക്‌റെസ്റ്റുകളുള്ള സുഖപ്രദമായ സീറ്റുകൾ, പിൻവശത്ത് ടെയിൽ ലാമ്പ് ഗാർഡ് എന്നിവയെല്ലാം ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.
ഫുള്ളി കളർഡ് ഡിജിറ്റൽ ഡാഷ്‌ബോർഡ്, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് അസിസ്റ്റ്, ബ്ലൂടൂത്ത് സൗണ്ട് സിസ്റ്റം, മൊബൈൽ ചാർജിംഗ് യൂണിറ്റ് എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും കൊമാകി റേഞ്ചർ ക്രൂയിസർ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നുമുണ്ടേ. ദൈനംദിന ഉപയോഗക്ഷമത വർധിപ്പിക്കുന്നതിനായി 50 ലിറ്റർ സ്റ്റോറേജ് കമ്പാർട്ട്മെന്റ്, പാർക്ക് അസിസ്റ്റ്, ഓട്ടോ റിപ്പയർ സ്വിച്ച്, ടർബോ മോഡ്, റിയർ പ്രൊട്ടക്ഷൻ ഗാർഡ് തുടങ്ങിയ അധിക യൂട്ടിലിറ്റി സവിശേഷതകളും മോഡലിലുണ്ട്.

റൈഡർ സൗകര്യത്തിലും സുരക്ഷയിലും കൊമാകിയുടെ ശ്രദ്ധയെ ഈ ഘടകങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് പറയാം. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ഡിമാന്റ് മുതലെടുക്കാൻ പുതിയ റേഞ്ചർ പ്രോ, പ്രോ പ്ലസ് വൈദ്യുത മോട്ടോർസൈക്കിളുകൾക്കാവുമെന്നാണ് വിശ്വാസം. ഏറെ നാളുകൾക്ക് മുമ്പേ ആളുകൾക്കെല്ലാം പരിചിതമായതിനാൽ വിശ്വാസത്തിന്റേയും സുരക്ഷയുടേയും കാര്യത്തിൽ ആശങ്കകളും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








