എന്തൊരു കരുതലാ ഈ മൻസന്, ഡ്യൂക്ക് വാങ്ങുന്നവർക്ക് ഫ്രീയായി റൈഡിംഗ് ജാക്കറ്റും തരാമെന്ന് കെടിഎം
യൂത്തൻമാരുടെ ഇഷ്‌ട ബൈക്കുകളിൽ ഒന്നാവും കെടിഎം ഡ്യൂക്ക്. വന്നകാലത്ത് ഇത്രയും ഓളമുണ്ടാക്കിയ മറ്റൊരു ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യയിലുണ്ടാവുമോയെന്ന് പോലും തീർച്ചയില്ല. അടുത്തിടെ മിഡ്-കപ്പാസിറ്റി സെഗ്മെന്റിലേക്ക് വന്ന ട്രയംഫിന് പോലും ഇത്രയും ആരവം തീർക്കാനായിട്ടില്ലെന്നതാണ് സത്യം. ബജാജിന്റെ കൈപിടിച്ച് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം ആഭ്യന്തര വാഹന വിപണിയിലേക്ക് കടന്നുവരുമ്പോൾ ഇത്രയും സ്വപ്‌ന തുല്യമായ തുടക്കം ലഭിക്കുമെന്ന് കമ്പനി ഓർമിച്ചിട്ടുകൂടിയുണ്ടാവില്ല. ബൈക്കുകളെ മെരുക്കാനറിയാതെ ഒരുപാട് ജീവനുകൾ നിരത്തിൽ പൊലിഞ്ഞിട്ടുണ്ടെങ്കിലും ടീം ഓറഞ്ച് ഇന്നും പലരുടേയും ഇഷ്‌ട മോഡലുകളാണ്.
ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടത്തി ഇരിപ്പുറപ്പിച്ച ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം രാജ്യത്ത് ബജാജുമായി കൈകോർത്താണ് മുമ്പോട്ട് പോവുന്നത്. ഡ്യൂക്ക് നിരയിൽ ഏറെ ആരാധകരുള്ള മോഡലാണ് 200 സിസി. ഇപ്പോൾ ഈ മോട്ടോർസൈക്കിൾ വാങ്ങുന്നവരെ കാത്ത് ഒരു സർപ്രൈസ് സമ്മാനവും ഷോറൂമുകളിൽ ഇരിപ്പുണ്ട്.

തലക്കെട്ടിൽ സൂചിപ്പിച്ചതു പോലെ 200 ഡ്യൂക്കിനൊപ്പം സൗജന്യമായി റൈഡിംഗ് ജാക്കറ്റ് വാഗ്ദാനം ചെയ്യുമെന്ന് കെടിഎം ഇന്ത്യ പ്രഖ്യാപിച്ചു. ബ്രാൻഡിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഓഫറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. കെടിഎം റൈനോക്‌സിന്റെ സൈഫർ ജിടി റൈഡിംഗ് ജാക്കറ്റ് റീബ്രാൻഡ് ചെയ്‌താണ് ഡ്യൂക്കിനൊപ്പം സമ്മാനിക്കുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചാൽ ആഘാതം കുറയ്ക്കാൻ റൈഡിംഗ് ഗിയർ ധരിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്നത്തെ തലമുറയ്ക്ക് ഇതിനെപ്പറ്റി അറിവുണ്ടെങ്കിലും ഈയൊരു സംസ്ക്കാരം വളർത്തിയെടുക്കാനാണ് 200 ഡ്യൂക്കിനൊപ്പം കെടിഎം റൈഡിംഗ് ജാക്കറ്റ് ഫ്രീയായി നൽകുന്നത്. 2.06 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് സ്പോർട് മോട്ടോർസൈക്കിൾ നിലവിൽ വിപണനത്തിന് എത്തുന്നത്. വലിയ ഡ്യൂക്കുകളുടെ സമാനമായ ഡിസൈൻ ശൈലി തന്നെ അനുകരിക്കുന്നതിനാൽ കാഴ്ച്ചയിൽ അഡാറ് ലുക്കാണ് വാഹനത്തിനുള്ളത്.

ഇലക്‌ട്രോണിക് ഓറഞ്ച്, മെറ്റാലിക് സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവും. എൽഇഡി ഹെഡ്‌ലൈറ്റാണ് കമ്പനി ഇപ്പോൾ മുൻവശത്ത് അവതരിപ്പിക്കുന്നത്. ഒപ്പം ജെൻ-3 കെടിഎം 390 ഡ്യൂക്കിൽ നിന്ന് ഉരുത്തിരിഞ്ഞ വലിയ 5 ഇഞ്ച് ഇൻസ്ട്രുമെന്റ് സ്‌ക്രീനും കെടിഎം 200 ഡ്യൂക്കിനൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഡിസ്‌പ്ലേ ബോണ്ടഡ്-ഗ്ലാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നും ബ്രാൻഡ് പറയുന്നു.
കൂടാതെ റൈഡറുടെ തള്ളവിരൽ കൊണ്ട് ആക്‌സസ് ചെയ്യാനാവുന്ന 4-മെനു കൺട്രോൾ ബട്ടൺ വഴി ഓപ്ഷനുകൾ തെരഞ്ഞെടുക്കാനും സാധിക്കും. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഉൾപ്പെടെ പൂർണ നിയന്ത്രണമാണ് ഈ ബട്ടണുകൾ അനുവദിക്കുന്നു. കണക്റ്റിവിറ്റി ഫംഗ്ഷനുകൾ റൈഡർമാർക്ക് ഇൻകമിംഗ് കോളുകൾ എടുക്കാനും, കെടിഎം മൈ-റൈഡ് ആപ്പ് വഴി ജോടിയാക്കുമ്പോൾ ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉപയോഗിക്കാനും, മ്യൂസിക് പ്ലേ ചെയ്യാനും ഇതുവഴി സാധിക്കും.

125 ഡ്യൂക്കിനും 250 ഡ്യൂക്കിനും ഇടയിലാണ് 200 മോഡൽ സ്ഥാനംപിടിച്ചിരിക്കുന്നത്. എഞ്ചിനിലേക്ക് നോക്കിയാൽ ലിക്വിഡ് കൂൾഡ് 199.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി വരുന്ന യൂണിറ്റിന് 10,000 ആർപിഎമ്മിൽ 24.68 bhp കരുത്തും 8,000 ആർപിഎമ്മിൽ പരമാവധി 19.3 Nm ടോർക്കും വരെ നിർമിക്കാനാവും.
എഞ്ചിൻ OBD2 കംപ്ലയിന്റിനൊപ്പം E20 ഫ്യുവൽ റെഡിയാണെന്നും കെടിഎം പറയുന്നു. 250 ഡ്യൂക്ക്, 390 ഡ്യൂക്ക് എന്നിവയുമായി പങ്കിടുന്ന സ്പ്ലിറ്റ് ട്രെല്ലിസ് ട്യൂബുലാർ ഫ്രെയിലാണ് 200 ഡ്യൂക്ക് പണികഴിപ്പിച്ചിരിക്കുന്നത്. സസ്പെഷൻനായി മുന്നിൽ 43 mm USD ഫോർക്കുകളും പിന്നിൽ 10-ഘട്ടമായി ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ ഇരുവശത്തും ഡിസ്‌ക് യൂണിറ്റുകളും ഇടംപിടിച്ചിരിക്കുന്നത് കാണാം.


Click it and Unblock the Notifications








