അന്ന് പറഞ്ഞത് വെറുംവാക്ക്... അഡ്വഞ്ചർ പ്രേമികളെ സങ്കടത്തിലാഴ്ത്തി കെടിഎം; ഇനി വാങ്ങണേൽ പഴയ പൈസ പോര
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിക്ക് നല്ലൊരു വർഷമാണ് കടന്നുപോവുന്നത്. ജിഎസ്‌ടി ഇളവിലൂടെ 350 സിസിയിൽ താഴെയുള്ള ബൈക്കുകൾക്കും സ്‌കൂട്ടറുകൾക്കുമെല്ലാം വലിയ വിലക്കുറവ് ലഭിച്ചപ്പോൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായത്. കൂട്ടത്തിൽ ഉത്സവ സീസൺ കൂടിയെത്തിയതോടെ സംഗതി ഉഷാറാവുകയും ചെയ്‌തു. എന്നാൽ 350 സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകളുടെ ജിഎസ്‌ടിയിൽ വർധനവും കേന്ദ്രസർക്കാർ നടപ്പിലാക്കിയിരുന്നു. ഇതോടെ റോയൽ എൻഫീൽഡ് പോലുള്ള ചില ബ്രാൻഡുകൾ മോഡൽ നിരയിൽ വില വർധിപ്പിക്കുകയും ചെയ്‌തു. എന്നാൽ കെടിഎം, ട്രയംഫ് തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ മോഡലുകൾ വിൽക്കാൻ തീരുമാനിച്ചത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയും ചെയ്‌തു.
എന്നാൽ ഇപ്പോഴിതാ ദീപാവലി തിരക്കുകൾക്ക് തൊട്ടുപിന്നാലെ 390 അഡ്വഞ്ചറിൻ്റെയും 390 അഡ്വഞ്ചർ X വേരിയൻ്റിൻ്റെയും വില കെടിഎം നിശബ്ദമായി വർധിപ്പിച്ച് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. കെടിഎം 390 അഡ്വഞ്ചറിന് ഇപ്പോൾ 3.95 ലക്ഷം രൂപയും 390 അഡ്വഞ്ചർ X പതിപ്പിന് 3.26 ലക്ഷം രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില. അതായത് മുമ്പത്തെ വിലയേക്കാൾ കാര്യമായ വർധനവ് മോഡലുകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് സാരം.

അതായത് കെടിഎം 390 അഡ്വഞ്ചർ X പതിപ്പിൻ്റെ വില 22,410 രൂപയും സ്റ്റാൻഡേർഡ് മോഡലിന് 27,000 രൂപയും വർധിച്ചു. നേരത്തെ, 350 സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകളുടെ നികുതി നിരക്ക് 40 ശതമാനമാക്കിയാണ് സർക്കാർ ജിഎസ്ടി 2.0 അവതരിപ്പിച്ചത്. എന്നാൽ 390 ശ്രേണിയുടെ വിലവർധനവ് ഉപഭോക്താക്കളിലേക്ക് കൈമാറാതെ കെടിഎം വാർത്തകളിൽ ഇടം നേടി. എന്തായാലും ഉത്സവത്തിരക്കിന് ശേഷമാണ് കമ്പനി വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത് എന്നത് ആശ്വാസകരമാണ്.
എന്നാൽ കെടിഎമ്മിൻ്റെ അഡ്വഞ്ചർ 390 സീരീസ് ഇനിയങ്ങോട്ട് വാങ്ങാനിരിക്കുന്നവർക്ക് പുതിയ വില വർധനവ് വലിയ ആശങ്കയായിരിക്കും സൃഷ്‌ടിക്കുക. ഒന്നുകിൽ ഡൌൺ പേയ്മെൻ്റ് അധികം കണ്ടെത്താനോ അല്ലെങ്കിൽ ഇഎംഐ തുക അധികം കണ്ടെത്തേണ്ടതായോ വരും. ദീപാവലിയോട് അനുബന്ധിച്ച് റെക്കോർഡ് വിൽപ്പനയാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം നേടിയത്.

പുതുക്കിയ വില നിർണയത്തോടെ 390 അഡ്വഞ്ചർ X ഇപ്പോൾ റോയൽ എൻഫീൽഡ് ഹിമാലയൻ 450 എഡിവിക്ക് തുല്യമാണ്. അതേസമയം സ്റ്റാൻഡേർഡ് 390 അഡ്വഞ്ചറിന്റെ ഓൺ-റോഡ് വില ഇപ്പോൾ ഏകദേശം 5 ലക്ഷം രൂപയിലെത്തിയിട്ടുമുണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. ക്ലാസ്-ലീഡിംഗ് ഫീച്ചറുകളൊക്കെ കുത്തിനിറച്ചിട്ടുണ്ടെങ്കിലും ഇത്രയും അധികം പണം ചെലവഴിക്കേണ്ടി വരുന്നത് തിരിച്ചടിയാവും. പ്രത്യേകിച്ച് ടിവിഎസ് അപ്പാച്ചെ RTX 300 പോലുള്ള പുത്തൻ മോഡലുകളുടെ വരവ് കെടിഎമ്മിന് ഭീഷണിയാവുന്ന സാഹചര്യത്തിൽ.
ഇനി എന്തായാലും ടിവിഎസിൻ്റെ പുത്തൻ മോഡലിന് ബുക്കിംഗ് കൂടാനും കാരണമായേക്കും. വില വർധനവ് ഉണ്ടെങ്കിലും 390 അഡ്വഞ്ചർ X സ്റ്റാൻഡേർഡ് മോഡലിനേക്കാൾ മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട് കേട്ടോ. എന്നിരുന്നാലും, പൂർണമായും ക്രമീകരിക്കാവുന്ന സസ്‌പെൻഷനും 21/17-ഇഞ്ച് ട്യൂബ്‌ലെസ് സ്‌പോക്ക്-വീൽ സജ്ജീകരണവും ഉള്ളതിനാൽ സ്റ്റാൻഡേർഡ് 390 അഡ്വഞ്ചറിന് X പതിപ്പിനേക്കാൾ ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ട്.

ഇത് കൂടുതൽ ഓഫ്-റോഡ് ശേഷി നൽകുന്നതിനാണ് സഹായിക്കുക. പക്ഷേ ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാൻ തയാറാണെങ്കിൽ കെടിഎം 390 അഡ്വഞ്ചർ X ഒരു വാല്യു ഫോർ മണി ഉൽപ്പന്നമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. 2025 ഫെബ്രുവരിയിലാണ് കെടിഎം ഇന്ത്യ പുതുക്കിയ 390 അഡ്വഞ്ചർ X പുറത്തിറക്കുന്നത്. കോർണറിംഗ് എബിഎസ്, ക്രൂയിസ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ എന്നിവ പോലുള്ള അധിക ഫീച്ചറുകളോടെയാണ് ഈ വേരിയൻ്റിനെ ഒരുക്കിവെച്ചിരിക്കുന്നത്.
ഇതിനൊപ്പം, സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ ബ്രാൻഡ് മൂന്ന് റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ത്രോട്ടിൽ മാപ്പുകളാണ് ഈ മോഡുകളിലൂടെ സാധ്യമാക്കുക. ഇത് വിവിധ റോഡ് സാഹചര്യങ്ങളിൽ റൈഡർക്ക് കൂടുതൽ കൺട്രോൾ നൽകാൻ സഹായകരമാവും. ഏറ്റവും പുതിയ 390 ഡ്യൂക്കിൽ കാണുന്ന അതേ 399 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 390 അഡ്വഞ്ചർ X മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് 46 bhp കരുത്തിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കെടിഎം പറയുന്നു.


Click it and Unblock the Notifications








