ഓലയ്ക്കും ഏഥറിനും ഷോക്കടിക്കും; കുറഞ്ഞ വിലയിൽ 200 കി.മീ. റേഞ്ചുമായി LML സ്റ്റാർ ഇലക്ട്രിക് സ്‌കൂട്ടർ വരുന്നു
ഇന്ത്യയിൽ ഇലക്ട്രിക് സ്‌കൂട്ടർ വിപണി കത്തിക്കയറുകയാണെന്ന് പറയാം. ഓലയും ഏഥറും ഹീറോയും ടിവിഎസും ബജാജും പിന്നെ കൂട്ടിന് കുറേ സ്റ്റാർപ്പ് ബ്രാൻഡുകളുമെല്ലാം അണിനിരക്കുമ്പോൾ പെട്രോൾ ടൂവീലറുകൾ കച്ചോടം പിടിക്കാൻ വിഷമിക്കുന്നുണ്ട്. കൂട്ടത്തിൽ പഴപടക്കുതിരകളും കൂടി ഇവി രംഗത്തേക്കിറങ്ങിയാൽ എങ്ങനെയുണ്ടാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ലൂണ, കൈനറ്റിക് പോലുള്ള പണ്ടത്തെ ഐതിഹാസിക വാഹന നിർമാതാക്കളെല്ലാം ഇതിനോടകം ഇലക്ട്രിക് ടൂവീലർ നിർമാണത്തിലേക്ക് കടക്കുകയുണ്ടായി. ഇവർക്കൊപ്പം മറ്റൊരു ബ്രാൻഡ് വരുന്നുവെന്ന വാർത്തയും കുറച്ച്കാലമായി നാം കേൾക്കുന്നുണ്ടല്ലോ. മറ്റൊരുമല്ല നമ്മുടെ സ്വന്തം എൽഎംഎൽ എന്ന ബ്രാൻഡാണ് ഇവി സെഗ്മെന്റിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നത്.
ഓറിയോൺ, മൂൺഷോട്ട്, സ്റ്റാർ എന്നിങ്ങനെ മൂന്ന് പുതിയ ഇരുചക്ര വാഹനങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. ഇതുവരെ വിപണനത്തിന് എത്തിയില്ലെങ്കിലും അധികം വൈകാതെ വൈദ്യുത സ്കൂട്ടറുകളെ രംഗത്തിറക്കാനാവുമെന്നാണ് എൽഎംഎൽ പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായുള്ള തയാറെടുപ്പുകൾ ബ്രാൻഡിൽ നിന്നും ആരംഭിച്ചും കഴിഞ്ഞിട്ടുണ്ട്.

ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന എൽഎംഎൽ സ്റ്റാർ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രധാന വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഓലയ്ക്കും ഏഥറിനുമെല്ലാം ഷോക്ക് കിട്ടുന്ന രീതിയിലുള്ള സംവിധാനങ്ങളാണ് ഇവിയിൽ ഒരുക്കുന്നത്. സ്റ്റാർ മോഡലിന്റെ റേഞ്ച്, പെർഫോമൻസ് കണക്കുകൾ എന്നിവ ഔദ്യോഗികമായി വെളിപ്പെടുത്തി ഹൈപ്പ് ഉയർത്താനും ഇന്ത്യൻ ബ്രാൻഡിനായെന്ന് സാരം.
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്ന് ഇലക്ട്രിക് വാഹനങ്ങളിൽ ആദ്യത്തേതായിരിക്കും സ്റ്റാർ. ആഗോള ഇരുചക്ര വാഹന ഭീമന്മാരായ ഡ്യുക്കാട്ടി, ഫെറാറി, യമഹ, കവസാക്കി എന്നിവയിൽ നിന്നുള്ള ഡിസൈനർമാരാണ് വരാനിരിക്കുന്ന സ്റ്റാർ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിച്ചെടുത്തിരിക്കുന്നത് തന്നെ. നൂതന സവിശേഷതകൾ, പ്രീമിയം ഡിസൈൻ, മികച്ച പെർഫോമൻസ് എന്നിവ ഉപയോഗിച്ച് ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റിയിൽ വിപ്ലവം തീർക്കാനാണ് എൽഎംഎൽ സ്റ്റാർ ഒരുങ്ങുന്നത്.

ഒറ്റ ചാർജിൽ 203 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സ്റ്റാറിന് കഴിയുമെന്നാണ് ഇലക്ട്രിക് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിൽ ഏതൊരു ഇലക്ട്രിക് സ്കൂട്ടറിലും ലഭിക്കുന്നതിൽ വെച്ച് ഏറ്റവും ഉയർന്ന കണക്കുകളാണ്. സ്റ്റാറിന്റെ ബാറ്ററി വലുപ്പത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി വെച്ചിരിക്കുകയാണെങ്കിലും രണ്ട് സെറ്റ് റിമൂവബിൾ ബാറ്ററി പായ്ക്കുകൾ ഇതിൽ ഉണ്ടാകുമെന്നാണ് വിവരം.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പരമാവധി 7.8 bhp പവർ ഉത്പാദിപ്പിക്കാൻ എൽഎംഎൽ സ്റ്റാറിലെ ഇലക്ട്രിക് മോട്ടോറിന് കഴിയും. കൂടാതെ മണിക്കൂറിൽ 90 കിലോമീറ്ററിന്റെ പരമാവധി വേഗവും ഇവിയുടെ പ്രത്യേകതയായി പറയാനാവുന്ന കാര്യമാണ്. ഡിസൈൻ പേറ്റന്റ് വെളിപ്പെടുത്തുന്നത് പോലെ സ്റ്റാർ ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപകൽപ്പന തികച്ചും ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്കാണ് സമ്മാനിക്കുന്നത്.

ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് വൈറ്റ് ബോഡി കളർ ഓപ്ഷൻ അതിമനോഹരമാണ്. ഒപ്പം എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, റെഡ് ആക്‌സന്റുകൾ എന്നിവ കൂടിയാവുമ്പോൾ എൽഎംഎൽ സ്റ്റാർ കാഴ്ച്ചയിൽ ആരേയും വീഴ്ത്തുമെന്ന് തന്നെ പറയാം. നിരവധി ഡിസൈൻ ഘടകങ്ങൾ കടമെടുത്ത ഒരു മിഡ്-മാക്സി സ്കൂട്ടർ പോലെയാണിത് എന്നു വേണമെങ്കിലും വിശേഷിപ്പിക്കാനാവും.
14 ഇഞ്ച് അലോയ് വീലുകളാണ് ഇലക്ട്രിക് സ്കൂട്ടറിലെ മറ്റൊരു പ്രത്യേകത. ഡിജിറ്റൽ ഡിസ്‌പ്ലേ, വയർലെസ് ചാർജർ തുടങ്ങിയ ആധുനിക സവിശേഷതകളും എൽഎംഎൽ സ്റ്റാറിൽ കോർത്തിണക്കിയിട്ടുണ്ട് . ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്‌സ് മോഡ്, എബിഎസ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും കൂടിയാവുമ്പോൾ സംഗതി കളറാവുമെന്ന് തന്നെ പറയാം.
എൽഎംഎൽ സ്റ്റാർ ഇവിയുടെ കൃത്യമായ അവതരണ തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഈ വർഷം തന്നെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഓല S1 പ്രോ, ഏഥർ 450X, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് ഇലക്ട്രിക് എന്നിവയുമായിട്ടാവും ഇത് മത്സരിക്കുക.


Click it and Unblock the Notifications








