പഴയ വാഹനങ്ങൾക്ക് നല്ല വില കിട്ടും, എക്സ്ചേഞ്ച് ഓഫറിൽ 172 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് തരാമെന്ന് മാറ്റർ
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളരെ വേഗത്തിൽ കുതിക്കുകയാണ്. അതിന് കാരണക്കാരായത് വൈദ്യുത ഇരുചക്ര വാഹനങ്ങളാണെന്ന് തന്നെ പറയാം. ഏതൊരു സാധാരണക്കാരനും സ്വന്തമാക്കാൻ കഴിയുന്ന തരത്തിലുള്ള വിലയുമായി എത്തിയ ഇവികളെ ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒപ്പം സെഞ്ചുറിയടിച്ചുകൊണ്ട് പെട്രോൾ വിലയും വലിയ സംഭാവന ചെയ്‌തുവെന്ന് പറയാം. സ്‌കൂട്ടറുകളോടാണ് ആളുകൾക്ക് പ്രിയമെങ്കിലും ഇലക്‌ട്രിക് ബൈക്കുകളും ട്രെൻഡാവുന്നുണ്ട്. ഇക്കൂട്ടത്തിൽ പരമ്പരാഗത പെട്രോൾ മോട്ടോർസൈക്കിളുകളെ പോലെ ഗിയർബോക്‌സ് സംവിധാനമെല്ലാം ഒരുക്കി വന്ന മിടുക്കനാണ് മാറ്റർ ഏറ (Matter Aera Electric Bike).
ലോകത്തിൽ തന്നെ ഏറ്റവും ആദ്യത്തെ ഗിയർബോക്‌സുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്ന നിലയിൽ പേരെടുത്ത വാഹനം യുവാക്കൾക്കിടയിൽ ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ മാറ്റർ തങ്ങളുടെ ആദ്യ ഉൽപ്പന്നമായ ഏറക്കായി ചില ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്.

5000, 5000+ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ ഇവിക്ക് യഥാക്രമം 1.74 ലക്ഷം രൂപയും 1.84 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. 'മിഷൻ എക്സ്ചേഞ്ച്: സ്മോക്ക് ടു ക്ലീൻ ഫ്യൂച്ചർ, ഫ്യൂവൽ ടു ചാർജ്' എന്നുവിളിക്കുന്ന ഓഫിന് കീഴിൽ ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള പഴയ പെട്രോൾ വാഹനങ്ങൾ മാറ്റർ ഏറയുമായി എക്സ്ചേഞ്ച് ചെയ്യാനാവും. ഇതിപ്പോൾ കാറായാവും ബൈക്കായാലും സ്കൂട്ടറായാലും മാറ്റിവാങ്ങിക്കാനാവും.
ഉപഭോക്താക്കൾക്ക് അവരുടെ പഴയ ടൂവീലറിന്റെയോ ഫോർവീലറിന്റെയോ എക്സ്ചേഞ്ച് മൂല്യം ക്യുആർ കോഡ് സ്കാൻ വഴി വരെ തൽക്ഷണം പരിശോധിക്കാൻ കഴിയുമെന്നാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. കൂടാതെ മാറ്റർ 5000 വേരിയന്റ് തെരഞ്ഞെടുക്കുന്നവർക്ക് അധിക എക്സ്ചേഞ്ച് ബോണസും 10,000 രൂപ മൂല്യമുള്ള ഇൻഷുറൻസും രജിസ്ട്രേഷൻ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മിഷൻ എക്സ്ചേഞ്ചിലൂടെ ഇന്ത്യയെ മലിനീകരണത്തിൽ നിന്ന് വൃത്തിയുള്ളതിലേക്കും, ഫോസിൽ ഇന്ധനത്തിൽ നിന്ന് പൂർണമായും ചാർജ് ചെയ്തതിലേക്കും മാറ്റാൻ സഹായിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാറ്ററിന്റെ സ്ഥാപകനും സിഇഒയുമായ മോഹൽ ലാൽഭായ് പറഞ്ഞു. ഈ വർഷം തുടക്കത്തിൽ, കമ്പനി അതിന്റെ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ആജീവനാന്ത ബാറ്ററി വാറണ്ടി അവതരിപ്പിച്ചും ഞെട്ടിച്ചിരുന്നു.
ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് മാറ്റർ ഏറ ഒരു മാനുവൽ ഗിയർബോക്‌സാണ് അവതരിപ്പിക്കുന്നത്. അതിൽ ഇക്കോ, സിറ്റി, സ്‌പോർട് എന്നീ മൂന്ന് റൈഡിംഗ് മോഡുകൾക്കൊപ്പം 4-സ്പീഡ് ട്രാൻസ്മിഷനും ഉൾപ്പെടുന്നു. പരമ്പരാഗത ഇലക്ട്രിക് വാഹനങ്ങൾ സാധാരണയായി വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ ചലനാത്മകമായ അനുഭവം ആഗ്രഹിക്കുന്ന റൈഡർമാരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ഈ സജ്ജീകരണം വൈവിധ്യമാർന്ന റൈഡ് കോമ്പിനേഷനുകളാണ് പ്രാപ്തമാക്കുന്നത്.

ചൂടുള്ള സാഹചര്യങ്ങളിൽ മോട്ടോറിനും ബാറ്ററിക്കും അതിന്റെ മികച്ച പ്രകടനം നിലനിർത്താൻ അനുവദിക്കുന്ന ലിക്വിഡ്-കൂൾഡ് പവർട്രെയിൻ ആണ് മാറ്റർ ഏറ ഇലക്ട്രിക് ബൈക്കിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത. ഒറ്റ ചാർജിൽ 172 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 5 kWh ബാറ്ററി പായ്ക്കാണ് ഇവിയിൽ ഉപയോഗിക്കുന്നത്. ഒപ്പം IP67-റേറ്റിംഗും ബാറ്ററിയിലുണ്ട്.
1 കിലോമീറ്റർ ഓടാൻ ഇവിക്ക് വെറും 25 പൈസ മതിയാവും. ബൈക്കിന് 2.8 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. നാവിഗേഷൻ, മീഡിയ, കോളുകൾ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ എന്നിവയുടെ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡാണ് മാറ്റർ ഏറയുടെ മറ്റൊരു ഹൈലൈറ്റ്.

ഹോം ചാർജിംഗിനായി 5-ആംപ് സോക്കറ്റുകളുമായി പൊരുത്തപ്പെടുന്ന ഒരു സ്റ്റാൻഡേർഡ് ഓൺബോർഡ് ചാർജറും ബൈക്കിൽ ഉൾപ്പെടുന്നു. തത്സമയ ഡാറ്റ ആക്‌സസ്, റിമോട്ട് ലോക്കിംഗ്, ജിയോ-ഫെൻസിംഗ്, മെയിന്റനൻസ് അലേർട്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ച് റൈഡർമാർക്ക് വാഹനവുമായി കണക്റ്റുചെയ്യാനാകും. പഴയ ബൈക്ക് കൊടുത്ത് ഇവിയിലേക്ക് മാറിയാലോ എന്ന് ചിന്തിക്കുന്നവർക്ക് കൈവന്നിരിക്കുന്ന സുവർണാവസരമാണ് മാറ്ററിന്റെ പുതിയ എക്സ്ചേഞ്ച് ഓഫർ.


Click it and Unblock the Notifications








