125 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിന്റെ വിൽപ്പന കൂടുതൽ നഗരങ്ങളിലേക്ക്, മലയാളികൾ കുറച്ചൂടെ കാത്തിരിക്കണേ
ഇലക്‌ട്രിക് സ്‌കൂട്ടറുകളെ പോലെ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾക്കും രാജ്യത്ത് പ്രചാരമേറി വരികയാണ്. ചില പ്രമുഖ ബ്രാൻഡുകളുടെ ഇവികളെ പോലെ വലിയ തകരാറുകളൊന്നുമില്ലെന്നതും ഓടിക്കാനും കൊണ്ടുനടക്കാനും നല്ല എളുപ്പമുള്ളതുമാണ് ഇ-ബൈക്കുകളിലേക്ക് ആളുകളെ ആർഷിക്കുന്ന പ്രധാന കാരണം. പിന്നെ കൊണ്ടുനടക്കാൻ പെട്രോളടിക്കേണ്ട എന്നതും വലിയൊരു പ്ലസ് പോയിന്റാണല്ലോ. ബൈക്ക് ഓടിക്കാൻ ഗിയർ വേണം, സൗണ്ട് വേണം എന്ന സങ്കൽപ്പങ്ങളൊക്കെ ആളുകൾ പതിയെ പൊളിച്ചെഴുതാനും തുടങ്ങിയിട്ടുണ്ട്. സൗണ്ടില്ലെങ്കിലും സാരമില്ല ഗിയർ എങ്കിലും വെക്കാമായിരുന്നുവെന്ന് പരാതി പറയുന്നവരെ കൈയിലെടുക്കാൻ മാറ്റർ ഏറ എന്നൊരു വൈദ്യുത മോട്ടോർസൈക്കിൾ അടുത്തിടെ രംഗപ്രവേശം ചെയ്‌തിരുന്നു.
ലോകത്തിലെ തന്നെ ഗിയർബോക്‌സുള്ള ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയവരാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള മാറ്റർ ഗ്രൂപ്പ്. തുടക്കത്തിൽ ബെംഗളൂരുവിൽ മാത്രം വിൽപ്പന നടത്തിയിരുന്ന ബ്രാൻഡ് ഇപ്പോഴിതാ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ കച്ചോടം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. അടുത്ത 45 ദിവസത്തിനുള്ളിൽ പൂനെ, ഡൽഹി, ചെന്നൈ, കോയമ്പത്തൂർ, മുംബൈ, ജയ്പൂർ, സൂറത്ത്, രാജ്കോട്ട് എന്നിവിടങ്ങളിൽ മോഡൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

അതായത് മാറ്റർ ഏറ ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാൻ മലയാളികൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം. പൂനെ, ഡൽഹി, ചെന്നൈ, കോയമ്പത്തൂർ, മുംബൈ, ജയ്പൂർ, സൂറത്ത്, രാജ്കോട്ട് നഗരങ്ങളിലുള്ളവർക്ക് വെബ്‌സൈറ്റിലൂടെയും ഓൺലൈൻ മാർക്കറ്റിലൂടെയും ഇവിക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞതു പോലെ മാനുവൽ ഗിയർ-ഷിഫ്റ്റിംഗ് സംവിധാനമുള്ള ഒരേയൊരു ഇലക്ട്രിക് മോട്ടോർസൈക്കിളാണ് മാറ്റർ ഏറ.
5000, 5000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഇലക്ട്രിക് ബൈക്കിന് യഥാക്രമം 1.74 ലക്ഷം രൂപ, 1.84 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. 10 kW (13.4 bhp) പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് മോഡലുകൾക്കും തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് ബൈക്കിനാവും.

സിംഗിൾ ചാർജിൽ മാറ്റർ ഏറയ്ക്ക് 125 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും. അതായത് 1 കിലോമീറ്റർ ഓടാൻ ഇവിക്ക് വെറും 25 പൈസ മതിയാവും. ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കും പവർട്രെയിനും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ബൈക്ക് ഹീറ്റ് മാനേജ്‌മെന്റിനെ സഹായിക്കുകയും ബാറ്ററിയുടെ പ്രകടനവും ആയുസും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
ഏത് സ്റ്റാൻഡേർഡ് 5-amp സോക്കറ്റും ഉപയോഗിച്ച് ഏറ ചാർജ് ചെയ്യാമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആർഎൽ, സൈഡ് കൗളുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, പില്യണ്‍ റൈഡര്‍ക്കുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ. ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് സമ്പന്നനാണെന്ന് ഗുജറാത്ത് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.

നാവിഗേഷൻ, മ്യൂസിക്, കോളുകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലേക്ക് ആക്‌സസ് നൽകുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺസോളാണ് ഫീച്ചറുകളിൽ പ്രധാനി. റിമോട്ട് ലോക്ക്/അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, വിശദമായ റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോക്സിമിറ്റി അധിഷ്ഠിത കീ ഫോബ്, പാസീവ് കീലെസ് എന്‍ട്രി സിസ്റ്റം പോലുള്ള മറ്റ് കാര്യങ്ങളും ഇവിയിൽ ലഭ്യമാണ്.
ഗിയർബോക്‌സുള്ള രാജ്യത്തെ ആദ്യ ഇ-ബൈക്കായ മാറ്റർ ഏറ 2023 ഓട്ടോ എക്സ്പോയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് മാറ്റർ ഏറയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 40,000 ബുക്കിംഗുകൾ ലഭിച്ചതായും മാറ്റർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ ഡെലിവറി ആരംഭിക്കാൻ കമ്പനി വൈകിയിരുന്നു. ഇന്ത്യൻ വിപണിയിൽ ടോർക്ക് ക്രാറ്റോസ് R, റിവോൾട്ട് RV400, ഒബെൻ റോർ എന്നിവയുമായാണ് മാറ്റർ ഏറയുടെ മത്സരം.


Click it and Unblock the Notifications








