6.99 ലക്ഷത്തിന്റെ ബൈക്ക് ഇപ്പോൾ 4.29 ലക്ഷത്തിന് വാങ്ങാം, എൻഫീൽഡിന്റെ ചങ്ക് തകർക്കാൻ ഇറ്റാലിയൻ കമ്പനി
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയുടെ സ്വഭാവം തന്നെ മാറിയതിനാൽ ലോകത്തിലെ പ്രമുഖ ബ്രാൻഡുകളെല്ലാം അടുത്തകാലത്ത് ഇവിടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അത്തരത്തിൽ ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായുള്ള (AARI) പങ്കാളിത്തത്തോടെ നമ്മുടെ രാജ്യത്തേക്ക് കടന്നുവന്ന പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളാണ് മോട്ടോ മോറിനി. എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X, സീമെസോ, റെട്രോ സ്ട്രീറ്റ്, സ്ക്രാംബ്ലർ തുടങ്ങിയ അതിഗംഭീര മോഡലുകളാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേഇറ്റാലിയൻ പൈതൃകമുള്ള മോട്ടോ മോറിനിക്ക് ഇന്ത്യയിൽ കാര്യമായി ക്ലച്ചുപിടിക്കാനായിട്ടില്ലെന്നതാണ് സത്യം. എന്നിരുന്നാലും അങ്ങനെ തോറ്റുപിൻമാറാൻ ഒന്നും ഇവർ തയാറല്ലെന്ന് ഉറപ്പിച്ചു പറയുകയാണ്.
എങ്ങനെയെങ്കിലും വിൽപ്പന കൂട്ടാനായും നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനുമായി കമ്പനി കുറച്ചുകാലമായി ആഞ്ഞ് ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇപ്പോഴിതാ മോട്ടോ മോറിനി സീമെസോ ബൈക്കുകൾക്ക് വിലക്കുറവ് അവതിരപ്പിച്ച് മുമ്പോട്ട് എത്തിയിരിക്കുകയാണ്. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് സീമെസോ മോഡലുകളുടെ വില ഇറ്റാലിയൻ ബ്രാൻഡ് വെട്ടിക്കുറയ്ക്കുന്നത്.

സീമെസോ 650 റെട്രോ സ്ട്രീറ്റിന് മുമ്പ് 6.99 ലക്ഷം രൂപ വിലയുണ്ടായിരുന്നു. അതേസമയം 650 സ്ക്രാംബ്ലറിന് 7.10 ലക്ഷവുമായിരുന്നു ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. ഈ വർഷം ഫെബ്രുവരിയിൽ ഇറ്റാലിയൻ ടൂവീലർ ബ്രാൻഡ് 2 ലക്ഷം വിലക്കുറവ് പ്രഖ്യാപിച്ചതോടെ ഇവയുടെ വില യഥാക്രമം 4.99 ലക്ഷമായും 5.20 ലക്ഷമായും കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ പ്രഖ്യാപിച്ച വിലക്കുറവും കൂടിയാവുമ്പോൾ ഷോറൂമിൽ ആള് കൂടുമെന്ന കാര്യം ഉറപ്പാണ്.
മോട്ടോ മോറിനി സീമെസോ മോഡലുകളായ റെട്രോ സ്ട്രീറ്റ്, സ്‌ക്രാംബ്ലർ എന്നിവയുടെ വില ഇപ്പോൾ 91,000 രൂപ വരെയാണ് താഴ്ത്തിയിരിക്കുന്നത്. സീമെസോ റെട്രോ സ്ട്രീറ്റ് 650, സ്‌ക്രാംബ്ലർ എന്നിവയുടെ വില ഇപ്പോൾ 4.29 ലക്ഷം രൂപ മാത്രമാണ്. ചില കോസ്മെറ്റിക് മാറ്റങ്ങൾ ഒഴികെ രണ്ട് ബൈക്കുകളും സമാനമാണ്. കൂടാതെ റെട്രോ സ്ട്രീറ്റിൽ അലോയ് വീലുകൾക്ക് പകരം സ്‌ക്രാംബ്ലറിൽ വയർ-സ്‌പോക്ക് വീലുകളുടെ ഓപ്ഷനും ഉണ്ട്.

വിലവെട്ടിക്കുറച്ചതിന് പുറമെ ആകർഷകമായ ആകർഷകമായ ലോൺ, ഇഎംഐ ഓപ്ഷനുകൾ, എക്സ്റ്റൻഡഡ് ലോൺ പിരീഡ്, ലോൺ തുകയുടെ 95 ശതമാനം കവറേജ് എന്നിവ ഉൾപ്പെടെയുള്ള ഉത്സവ സീസൺ ആനുകൂല്യങ്ങളും മോട്ടോ മോറിനി പ്രഖ്യാപിച്ചിട്ടുണ്ട്. 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് 40 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയതോടെ വരാനിരിക്കുന്ന ഇന്ധന വില വർധനവിന് മുന്നോടിയായി കൂടുതൽ താങ്ങാനാവുന്ന വിലകൾ ലഭിക്കും.
2025 സെപ്റ്റംബർ 22 മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ രണ്ട് ബൈക്കുകളുടെയും വില 33,000 രൂപയോളം വർധിക്കുമെന്ന് മോട്ടോ മോറിനി വ്യക്തമാക്കിയിട്ടുണ്ട്. സീമെസോ 650 ട്വിൻസിന് 649 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് തുടിപ്പേകുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 55 bhp കരുത്തിൽ പരമാവധി 54 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

649 സിസി എഞ്ചിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡലുകൾ വ്യത്യസ്‌ത സ്റ്റൈലിംഗിലാണ് വരുന്നതെന്ന് മാത്രം. സ്‌ക്രാംബ്ലർ, റെട്രോ സ്ട്രീറ്റ് ശൈലിയിലാണ് ഇവ ഒരുങ്ങിയിരിക്കുന്നതെന്ന് സാരം. പേരുകൾ സൂചിപ്പിക്കുന്നത് പോലെ റെട്രോ സ്ട്രീറ്റ് പ്രാഥമികമായി റോഡ് ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ളതാണ്. ആയതിനാൽ ഒരു കഫേ റേസറിനെപ്പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പക്ഷേ ഫെയറിംഗില്ല. അതേസമയം സ്‌ക്രാംബ്ലർ ഓഫ്-റോഡ് ഉപയോഗത്തിനും ദൈനംദിന റൈഡിംഗിനും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ബ്രെംബോ ബ്രേക്കുകൾ, ബോഷിൽ നിന്നുള്ള ഡ്യുവൽ-ചാനൽ എബിഎസ്, പിറെലി ടയറുകൾ, KYB സസ്‌പെൻഷൻ, 5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീൻ, ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ് എന്നിവയാണ് മോട്ടോ മോറിനി സീമെസോ 650 പ്രീമിയം മോട്ടോർസൈക്കിളുകളിൽ ലഭ്യമായ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








