10 ആക്‌ടിവയ്ക്ക് സമം, ഇന്ത്യൻ സ്‌കൂട്ടർ വിപണി ഭരിക്കാൻ പുതിയ മോഡലുമായി ജർമൻ കമ്പനി; വില നോക്കിക്കേ
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി ഇന്ത്യമാറിയതോടെ ലോകത്തോര ബ്രാൻഡുകളെല്ലാം നമ്മുടെ രാജ്യത്ത് കാലുകുത്തിക്കഴിഞ്ഞു. നേരത്തെ ബജറ്റ് മോഡലുകളിലേക്ക് ആളുകൾ കൂടുതലായി എത്തിയപ്പോൾ പ്രീമിയം വിഭാഗത്തിലുള്ള വാഹനങ്ങൾ അത്ര ജനപ്രിയമായിരുന്നില്ല. എന്നാൽ ഈ ട്രെൻഡ് ഒക്കെ മാറി ഇന്ന് ഏതുതരം മോഡലുകളും വാങ്ങാൻ ഇവിടെ ആളുണ്ടെന്നതാണ് വിദേശ കമ്പനികളെ പോലും ആകർഷിക്കുന്ന കാര്യം. സൂപ്പർബൈക്കുകളും പ്രീമിയം സ്‌കൂട്ടറുകളുമെല്ലാം ഇവിടെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഇത് കൃത്യമായി മനസിലാക്കിയവരാണ് ബവേറിയൻ കമ്പനിയായ ബിഎംഡബ്ല്യു മോട്ടോറാഡ് (BMW Motorrad).
ടിവിഎസിന്റെ സഹകരണത്തോടെ ബജറ്റ് മോഡലുകൾ പുറത്തിറക്കുന്നതിനൊപ്പം തങ്ങളുടേതായ പ്രീമിയം മോഡലുകളെ വിദേശത്തു നിന്നും കമ്പനി ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഏറ്റവും പുതിയ 2025 C 400 ജിടി മാക്സി സ്കൂട്ടർ ഇന്ത്യൻ വിപണിക്കായി പുറത്തിറക്കയിരിക്കുകയാണ്. 11.50 ലക്ഷം രൂപയുണ്ടേൽ ഈ പ്രീമിയം ടൂവീലർ പോർച്ചിലെത്തിക്കാമെന്നാമ് കമ്പനി പറയുന്നത്. അതായത് വില 10 ആക്‌ടിവ വാങ്ങുന്നതിന് സമമാണെന്ന് ചുരുക്കം.

മാത്രമല്ല നിലവിലുണ്ടായിരുന്ന പതിപ്പേനാക്കാൾ 25,000 രൂപ കൂടുതൽ വില ഇനി മുതൽ മുടക്കേണ്ടിയും വരിക. അടുത്തിടെയായി ഇന്ത്യയിൽ വലിപ്പമുള്ള മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുകൾ നേടിയെടുത്ത വൻ ജനപ്രീതിയാണ് പുതിയ C 400 ജിടി പതിപ്പിനെ രാജ്യത്ത് എത്തിക്കാൻ ബിഎംഡബ്യുവിന് പ്രചേദനമായത്. 2025 മോഡലിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ മാറ്റമൊന്നുമില്ലെങ്കിലും കാറ്റിൽ നിന്ന് റൈഡറിന് സംരക്ഷണമേകുന്ന പുതിയ വിൻഡ്‌സ്‌ക്രീൻ സ്‌കൂട്ടറിന് ബിഎംഡബ്ല്യു നൽകിയിട്ടുണ്ട്.
റൈഡിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനായി സീറ്റ് ഹൈറ്റ് 10 മില്ലീമീറ്റർ കുറച്ചിട്ടുമുണ്ടെന്ന് കമ്പനി പറയുന്നു. അങ്ങനെ 775 മില്ലീമീറ്ററായിരുന്ന സീറ്റ് ഹൈറ്റ് 765 മില്ലീമീറ്ററായി മാറിയിട്ടുണ്ട്. ഇതുകൂടാതെ ഗോൾഡൻ അലോയ് വീലുകൾ, ബ്രേക്ക് കാലിപ്പറുകൾ, ഗ്രാഫിക്‌സ്, സീറ്റിൽ എംബ്രോയിഡറി എംബ്ലം, ടിന്റഡ് വിൻഡ്‌സ്‌ക്രീൻ എന്നിവ ഉൾക്കൊള്ളുന്ന സ്‌കൂട്ടറിന്റെ പുതിയ എക്‌സ്‌ക്ലൂസീവ് വേരിയന്റും ബിഎംഡബ്ല്യു അവതരിപ്പിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു ലോഗോ പ്രൊജക്ഷനും സ്റ്റെയിൻലെസ് സ്റ്റീൽ ഫ്ലോർബോർഡ് ഇൻസേർട്ടുകളും ഉള്ള ഫ്ലോർ ലൈറ്റിംഗും ഇതിലുണ്ട്. സ്റ്റാൻഡേർഡ് വേരിയന്റിൽ അധിക തുക മുടക്കിയും ഈ സംവിധാനങ്ങൾ ചേർക്കാനാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആഡംബര മാക്‌സി സ്കൂട്ടറായതിനാൽ തന്നെ ധാരാളം ഫീച്ചറുകളുടെ അകമ്പടിയും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ 2025 മോഡൽ C 400 ജിടിയിലുണ്ട്.
ലീൻ-സെൻസിറ്റീവ് എബിഎസ് പ്രോ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ (MSR) എന്നിവയെല്ലാം സ്റ്റാൻഡേർഡായി സ്‌കൂട്ടറിൽ ലഭിക്കുന്നുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും യുഎസ്ബി-സി ചാർജിംഗ് പോർട്ടും ഉള്ള 10.25 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനാണ് വാഹനത്തിൽ സ്റ്റാൻഡേർഡായി വരുന്നത്. ഫ്രണ്ട് സ്റ്റോറേജ് കമ്പാർട്ടുമെന്റിന്റെയും ബൂട്ട് സ്‌പെയ്‌സിന്റെയും വലിപ്പവും വർധിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ ബിഎംഡബ്ല്യു C 400 ജിടിയിൽ 37.6 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്‌പേസും വാഗ്ദാനം ചെയ്യുന്നതിനാൽ പ്രായോഗികത ഇരട്ടിയായിട്ടുണ്ട്. 7,500 ആർപിഎമ്മിൽ 33.5 bhp കരുത്തും 5,750 ആർപിഎമ്മിൽ 35 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 350 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പുതിയ 2025 മോഡൽ പ്രീമിയം മാക്‌സി സ്‌കൂട്ടറിന് തുടിപ്പേകുന്നത്.
ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 12.8 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള ബിഎംഡബ്ല്യു C 400 ജിടിക്ക് മൊത്തത്തിൽ 214 കിലോഗ്രാം ഭാരമാണുള്ളത്. അതായത് റോയൽ എൻഫീൽഡ് ബുള്ളറ്റുകളേക്കൾ ഭാരം കൂടുതലാണെന്നാണ് അർഥം. സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റബിൾ ഡ്യുവൽ സ്പ്രിംഗുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications








