ഈ ബൈക്ക് വാങ്ങുന്ന പൈസയുണ്ടേൽ വലിയ എസ്‌യുവി വാങ്ങാം, 2026 കവസാക്കി വെർസിസ് 1100 വിപണിയിൽ
ഇന്ത്യയിൽ ഹാർഡ്കോർ ഫാൻസുള്ള സൂപ്പർബൈക്ക് നിർമാതാക്കളാണ് കവസാക്കി. പണ്ട് ബജാജിന്റെ കൈപിടിച്ച് രാജ്യത്തേക്കെത്തിയ ബ്രാൻഡ് തുടക്കത്തിൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളാണ് പണിതിറക്കിയിരുന്നതെങ്കിൽ പിന്നീട് സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചത് മുതൽ വില കൂടിയ സ്പോർട്‌സ് ബൈക്കുകളിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ പിടിച്ചുകയറിയത്. ഡ്യുക്കാട്ടി, ട്രയംഫ്, ബിഎംഡബ്ല്യു തുടങ്ങിയ ബ്രാൻഡുകളോടെ മത്സരിക്കുന്ന സൂപ്പർബൈക്ക് നിർമാതാക്കൾക്ക് ശരിക്കും വൈവിധ്യമാർന്ന ബൈക്ക് നിര തന്നെയാണ് ഇവിടുള്ളത്. അടിക്കടി മോഡൽ നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതും കവസാക്കിയുടെ ഹോബിയാണ്. ഇപ്പോഴിതാ 2026 മോഡൽ വെർസിസ് 1100 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്.
2025 ഫെബ്രുവരിയിലാണ് വെർസിസ് 1000 മോഡലിന് പകരമായി കവസാക്കി വെർസിസ് 1100 ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഇതിന് ശേഷം മാസങ്ങൾക്കിപ്പുറം പുതിയ 2026 മോഡൽ കൂടിയെത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്ന വിഷയമാണ്. 13.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സൂപ്പർബൈക്ക് അവതരിപ്പിച്ചിരിക്കുന്നതെന്ന് മാത്രം. സിറ്റിയിലും ഓപ്പൺ ഹൈവേയിലുമെല്ലാം അസാമാന്യ പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന മെഷീനാണിത്.

എഞ്ചിൻ പെർഫോമൻസും റൈഡിംഗ് ഡൈനാമിക്‌സും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നവീകരണങ്ങളാണ് 2026 മോഡൽ കവസാക്കി വെർസിസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു. 1,099 സിസി, ലിക്വിഡ്-കൂൾഡ്, ഇൻ-ലൈൻ ഫോർ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 6-സ്പീഡ് റിട്ടേൺ ഷിഫ്റ്റ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 135 bhp കരുത്തിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
വെർസിസ് 1000 പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ ഉയർന്ന ആർപിഎം പവർ ഉള്ളതിനാൽ വെർസിസ് 1100 അതിന്റെ ക്രൂയിസിംഗ് കഴിവുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഉപയോക്താക്കൾക്ക് സുഗമവും ഉയർന്ന പ്രതികരണശേഷിയുള്ളതുമായ ആക്സിലറേഷനും ലഭിക്കുമെന്നാണ് ജാപ്പനീസ് ബ്രാൻഡ് അവകാശപ്പെടുന്നത്. ബൈക്ക് താഴ്ന്ന ആർപിഎമ്മിൽ നിന്ന് ഉയർന്ന ആർപിഎമ്മിലേക്ക് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് എത്തുന്നത്.

അതേസമയം റെവ് ശ്രേണിയിലുടനീളം ശക്തമായ ടോർക്ക് ലഭ്യത ഉറപ്പാക്കുന്നുമുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസ് കണക്കുകളാണുള്ളതെങ്കിലും ഇന്ധനക്ഷമതയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുത്താണ് കവസാക്കി 2026 കവസാക്കി വെർസിസി 1100 ഒരുക്കിയിരിക്കുന്നത്. നൂതനമായ ഇസിയു പ്രോഗ്രാമിംഗ് ഉപയോഗിച്ചാണ് ഇത് നേടിയിരിക്കുന്നത്. ഉയർന്ന മൈലേജും 21 ലിറ്ററിന്റെ വലിയ ഫ്യുവൽ ടാങ്കും ഉള്ളതിനാൽ ടൂറിംഗ് അടിപൊളിയാകും.
2026 കവസാക്കി വെർസിസ് 1100 മെറ്റാലിക് മാറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേ / മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക് എന്നീ ഡ്യുവൽ-ടോൺ നിറങ്ങളിൽ ലഭ്യമാണ്. ബൈക്കിന്റെ മസ്ക്കുലാർ പ്രൊഫൈലിനെ പൂരകമാക്കുന്ന നിറമാണിത്. ബൈക്കിന്റെ സ്‌പോർട്ടി ഫ്ലെയർ വർധിപ്പിക്കുന്നതിന് മികച്ച ഗ്രാഫിക്സും ഗ്രീൻ വെർസിസ് എഴുത്തും കാണാനാവും. വിവിധ സാങ്കേതിക സവിശേഷതകളാൽ സമ്പന്നമായ മോട്ടോർസൈക്കിളാണിത്.
ഇലക്ട്രോണിക് ക്രൂയിസ് കൺട്രോൾ, മൂന്ന് മോഡുകളുള്ള കവസാക്കി ട്രാക്ഷൻ കൺട്രോൾ (KTRC), കോർണറിംഗ് ABS, ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്കിംഗ്, റൈഡ് മോഡുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് വെർസിസ് 1100 അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കുമായി സംയോജിപ്പിച്ചിരിക്കുന്ന നിരവധി സാങ്കേതികവിദ്യകൾ IMU (ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ്) വഴിയാണ് പ്രവർത്തിക്കുന്നത്.
ഇക്കണോമി റൈഡിംഗ് ഇൻഡിക്കേറ്റർ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹാൻഡിൽബാർ, ഫുട്പെഗുകൾ, സീറ്റ്, ഇലക്ട്രോണിക് ത്രോട്ടിൽ വാൽവ്, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, കവാസാക്കി കോർണറിംഗ് മാനേജ്മെന്റ് ഫംഗ്ഷൻ, കവസാക്കി ഇന്റലിജന്റ് ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം എന്നിവയാണ് ബൈക്കിലെ പ്രധാന ഹൈലൈറ്റുകൾ. സ്പീഡ്, ആർപിഎം, ഫ്യുവൽ ഗേജ്, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഗിയർ പൊസിഷൻ, ക്ലോക്ക് തുടങ്ങിയ അവശ്യ ഡാറ്റ പ്രദർശിപ്പിക്കുന്ന സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ബൈക്കിലുണ്ട്.


Click it and Unblock the Notifications








