പഴയത് കൊടുത്ത് പുതിയത് വാങ്ങാൻ പറ്റിയ സമയം, സെപ്റ്റംബറിൽ വരാനിരിക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും
ഓരോ മാസവും പുതിയ കാറുകൾ (New Cars) വിപണിയിൽ എത്തുന്നത് പോലെ തന്നെ ഇരുചക്ര വാഹന വിപണിയിലേക്കും പുത്തൻ മോഡലുകൾ എത്തുന്നതിന് കുറവമൊന്നുമില്ല. ഇലക്‌ട്രിക് വിഭാഗത്തിൽ പോലും ലോഡ് കണക്കിന് ടൂവീലറുകൾ (Two Wheelers) എത്തുന്ന കാലമാണിത്. ഓഗസ്റ്റ് മാസം അവസാനിക്കുമ്പോൾ 2025 സെപ്റ്റംബറിലും ഇന്ത്യയിലെ ടൂവീലർ സെഗ്മെന്റ് ഒന്നിലധികം ലോഞ്ചുകൾക്കാണ് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കച്ചോടം നടക്കുന്ന ഉത്സവ സീസണിന് കൊടിയേറുന്നതോടെ വരുന്ന മുപ്പത് ദിവസത്തിനുള്ളിൽ അവതരണത്തിന് തയാറെടുത്ത് നിരവധി വണ്ടികളാണ് വരിവരിയായി നിൽക്കുന്നത്.
മൂന്നാം പാദത്തിലെ അവസാന മാസത്തിൽ കത്തിക്കയറാൻ തന്നെയാണ് നിർമാതാക്കളുടേയും പദ്ധതി. പുതിയ മോഡലുകളുടെ ഒരു നിരയോടെ ഉത്സവ സീസണിന് തുടക്കം കുറിക്കുമെന്നതിനാൽ പണംവാരാൻ പറ്റിയ സമയമാണ് കൈവന്നിരിക്കുന്നത്. വരും ആഴ്ചകളിൽ ഇന്ത്യയിൽ പുറത്തിറങ്ങാൻ പോകുന്ന ബൈക്കുകളും സ്‌കൂട്ടറുകളും ഏതെല്ലാമാണെന്ന് പറഞ്ഞുതരാം. വാങ്ങാൻ പ്ലാനുണ്ടേൽ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണേ.

ടിവിഎസ് എൻടോർക് 160: ഇന്ത്യയിലെ യൂത്തൻമാർക്കിടയിൽ ഇത്രയും ആരവം തീർത്ത സ്പോർട്ടി സ്‌കൂട്ടർ വേറെയുണ്ടോയെന്ന് സംശയമാണ്. ഹോണ്ട ഡിയോ ഒരുകാലത്ത് ഉണ്ടാക്കിയെടുത്ത ഓളത്തിനേക്കാൾ വലുതാണ് ഇപ്പോൾ എൻടോർക്കിനുള്ള ഫാൻസ്. കുറച്ചുകൂടി വിശാലമായ ആളുകളെ ബ്രാൻഡിലേക്ക് ആകർഷിക്കാനായി ടിവിഎസ് എൻടോർക് 160 സ്‌കൂട്ടറിന് രൂപം കൊടുക്കുകയാണ്.
2025 സെപ്റ്റംബർ നാലിന് എൻടോർക്ക് 160 പുറത്തിറക്കുമെന്ന കാര്യവും കമ്പനി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. 160 സിസി സ്കൂട്ടർ വിഭാഗത്തിലേക്കുള്ള ടിവിഎസിന്റെ അരങ്ങേറ്റം അടയാളപ്പെടുത്തിക്കൊണ്ട് ജനപ്രിയ എൻടോർക്ക് 125 സിസി മോഡലിന്റെ കൂടുതൽ ശക്തമായ ബദലായി പുതിയ പതിപ്പ് സ്ഥാനം പിടിക്കും. ക്വാഡ്-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും ബ്രാൻഡിന്റെ സിഗ്നേച്ചർ ടി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഇതിനോടകം ടീസറിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്.

സുസുക്കി ഇ-ആക്‌സസ്: 2025 ജൂൺ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുസുക്കി ഇ-ആക്സസിന്റെ ലോഞ്ച് അൽപം വൈകിയെങ്കിലും ഇനി അധികം കാത്തിരിക്കേണ്ടെന്ന സൂചനയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ നൽകിയിരിക്കുന്നത്. 2025 സെപ്റ്റംബറിൽ എത്തുമെന്നാണ് കരുതുന്നതെങ്കിലും ഔദ്യോഗിക തീയതിയൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.
5.5 bhp കരുത്തിൽ പരമാവധി 15 Nm ടോർക്ക് വരെ നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3.07 കിലോവാട്ട്സ് ബാറ്ററിയുമായിട്ടാവും ഇ-ആക്സസ് വിപണിയിലെത്തുക. പൂർണമായി ചാർജ് ചെയ്താൽ സ്കൂട്ടർ 95 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ സൈലന്റ് ആക്‌സസിനാവും. മണിക്കൂറിൽ പരമാവധി 71 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സുസുക്കിയുടെ ഇലക്‌ട്രിക് സ്‌കൂട്ടറിനാവും.

VLF മോബ്സ്റ്റർ: സെപ്റ്റംബർ 25-ന് ഇന്ത്യയിൽ VLF മോബ്‌സ്റ്റർ സ്‌കൂട്ടർ പുറത്തിറക്കാൻ മോട്ടോഹൗസ് ഒരുങ്ങുകയാണ്. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഇതിനകം തന്നെ ലഭ്യമായിട്ടുള്ള മോബ്‌സ്റ്റർ, ഇന്ത്യൻ വിപണിയിൽ എത്തുന്ന കമ്പനിയുടെ ആദ്യത്തെ ICE സ്‌കൂട്ടറായിരിക്കും. ഇന്ത്യ-സ്‌പെക്ക് പവർട്രെയിനിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇപ്പോഴും രഹസ്യമായി വച്ചിട്ടുണ്ടെങ്കിലും സ്‌കൂട്ടർ നിലവിൽ വിദേശത്ത് രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വിൽക്കുന്നത്.
ഇതിൽ ആദ്യത്തേത് 11.9 bhp കരുത്തിൽ പരമാവധി 11.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 125 സിസി എഞ്ചിനാണ്. അതേസമയം 17.7 bhp പവറിൽ 15.7 Nm ടോർക്കും നൽകുന്ന കൂടുതൽ ശക്തമായ 180 സിസി എഞ്ചിനും VLF മോബ്സ്റ്റർ സ്‌കൂട്ടറിലുണ്ട്. ഫീച്ചറുകളിലേക്ക് നോക്കിയാൽ 5 ഇഞ്ച് ഫുൾ-കളർ TFT ഡിസ്‌പ്ലേ, ഒരു USB ചാർജിംഗ് പോർട്ട് എന്നിവയും അതിലേറെയും പോലുള്ള കാര്യങ്ങൾ മോഡലിന് മാറ്റേകും.
ഹാർലി 440: ഹാർലി-ഡേവിഡ്‌സൺ 440 സിസി പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന 440 സിസി നിരയിലേക്ക് ഒരു പുതിയ അതിഥിയെ വരവേൽക്കാൻ സെപ്റ്റംബർ മാസം ഒരുങ്ങുകയാണ്. X440, അടുത്തിടെ നിർത്തലാക്കിയ മാവ്‌റിക് 440 എന്നിവയ്ക്ക് ശേഷം ഹീറോ-ഹാർലി പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന മൂന്നാമത്തെ ഉൽപ്പന്നമാവുമിത്. വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ പരിമിതമാണെങ്കിലും X440 യുമായി അതിന്റെ മെക്കാനിക്കൽ അടിത്തറ പങ്കിടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








