ആക്‌ടിവയും ആക്‌സസും ഷോറൂമിലിരിക്കും, 80,450 രൂപയ്ക്ക് ഹീറോയുടെ പുതിയ ഫാമിലി സ്‌കൂട്ടര്‍ വിപണിയിൽ
ഇന്ത്യയിലെ സ്‌കൂട്ടർ സെഗ്മെന്റിൽ ക്ലച്ചുപിടിക്കാനായുള്ള തത്രപ്പാടിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് (Hero Motocorp). കമ്മ്യൂട്ടർ ബൈക്ക് നിരയിൽ തങ്ങൾക്കുള്ള പിടിപാട് സ്‌കൂട്ടറുകളുടെ (Scooter) കാര്യത്തിൽ എത്തിപ്പിടിക്കാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിരുന്നില്ല. ഇടയ്ക്ക് മാസ്ട്രോ (Maestro) കത്തിക്കയറിയിരുന്നുവെങ്കിലും പിന്നീട് ആധുനിക മോഡലുകൾക്കിടയിൽ പെട്ട് പിന്നാക്കം പോവാനായിരുന്നു വിധി. ഇപ്പോഴിതാ തരംഗമാവാനായി ഹീറോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാമിലി സ്‌കൂട്ടറായ ഡെസ്റ്റിനിയുടെ (Hero Destini 125) പുത്തൻ മോഡലുമായി കളത്തിലേക്ക് എത്തിയിരിക്കുകയാണ് കമ്പനി.
മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലെത്തുന്ന പുതിയ ഹീറോ ഡെസ്റ്റിനി 125 പതിപ്പിന് 80,450 രൂപ മുതൽ 90,300 രൂപ വരെയാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. വിപണിയിൽ ആദ്യമായി അവതരിപ്പിച്ച് ഏകദേശം ആറ് വർഷത്തിന് ശേഷമാണ് ഡെസ്റ്റിനിയുടെ പുതുതലമുറ ആവർത്തനത്തിന് ഹീറോ രൂപംകൊടുത്തിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് ഡിസൈൻ പൂർണമായും പൊളിച്ചുപണിതിട്ടുണ്ട്.

ഇപ്പോൾ ഒരു റെട്രോ ശൈലിയുമായാണ് ഡെസ്റ്റിനി ആളുകളുടെ മനസ് കീഴടക്കാനായി എത്തിയിട്ടുള്ളത്. പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സൈഡ് പാനലുകളുമുണ്ട്. ഇതിന്റെ ടോപ്പ് വേരിയന്റ് ബ്ലാക്ക് ഷേഡിലാണ് വരുന്നത്. അതില്‍ കോപ്പര്‍ ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ആപ്രോണ്‍, മിററുകള്‍, സൈഡ് പാനലുകള്‍, ടെയില്‍ സെക്ഷന്‍ എന്നിവയില്‍ ഈ ഇന്‍സെര്‍ട്ടുകളും കാണാനാകും.
ഇലുമിനേറ്റഡ് സ്റ്റാർട്ട് സ്വിച്ച്, ഓട്ടോ-കാൻസൽ ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളും സ്കൂട്ടറിലുണ്ട്. നിരവധി നൂതന ഫീച്ചറുകളും പുതിയ ഡെസ്റ്റിനി 125 സ്‌കൂട്ടറില്‍ ഹീറോ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഡെസ്റ്റിനി 125-ല്‍ കാണാം. നീളമുള്ള സീറ്റ്, മെച്ചപ്പെടുത്തിയ ലെഗ്‌റൂം, വിശാലമായ ഫ്ലോർബോർഡ് എന്നിവയാണ് ഡെസ്റ്റിനിയെ കിടിലൻ ഫാമിലി സ്‌കൂട്ടറാക്കി മാറ്റുന്ന ഘടകങ്ങൾ.

125 സിസി സ്‌കൂട്ടറിന്റെ ഇരുവശത്തും 12 ഇഞ്ച് അലോയ് വീലുകളും സമ്മാനിച്ചിരിക്കുന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. പഴയ സ്കൂട്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുണനിലവാരത്തിലും ഫിറ്റ്-ഫിനിഷിലും വരെ ഹീറോ ഡെസ്റ്റിനി മെച്ചപ്പെട്ടിട്ടുണ്ട്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 124 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ ഹീറോ ഡെസ്റ്റിനിക്ക് 7,000 ആർപിഎമ്മിൽ 9 bhp കരുത്തും 5,500 ആർപിഎമ്മിൽ 10.4 Nm ടോർക്കും നൽകാൻ കഴിയും. മെച്ചപ്പെട്ട ഫിഫൈൻമെന്റിനും കുറഞ്ഞ NVH ലെവലും കൈവരിക്കാനായി നിരവധി മാറ്റങ്ങൾ പുതിയ എഞ്ചിനിൽ കൊടുത്തിട്ടുണ്ടെന്നും കമ്പനി പറയുന്നു. ഹീറോയുടെ പേറ്റന്റ് നേടിയ i3S സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും ഡെസ്റ്റിനിയിൽ ഉൾപ്പെടുന്നത്തിയിട്ടുണ്ട്.

ഇതുവഴി ലിറ്ററിന് 59 കിലോമീറ്റർ വരെ മൈലേജ് നൽകാനും ഫാമിലി സ്‌കൂട്ടറിനാവും. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി സ്കൂട്ടറിന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ ഹീറോ ഡെസ്റ്റിനി 125 ബേസ് VX വേരിയന്റിൽ ഫ്രണ്ട്, റിയർ ഡ്രം യൂണിറ്റുകളാണ് കമ്പനി കൊടുത്തിട്ടുള്ളത്. അതേസമയം ടോപ്പ് ZX ട്രിമ്മുകൾക്ക് 190 mm ഫ്രണ്ട് ഡിസ്ക് ബ്രേക്കും ക്രോം അലങ്കാരങ്ങളും ലഭിക്കുന്നു.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടോപ്പ് മോഡലുകളിൽ ഡിജിറ്റൽ കൺസോളുമുണ്ട്. 19 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജും സ്‌കൂട്ടറിന്റെ പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്. ഇന്ത്യയിലെ 125 സിസി സെഗ്മെന്റിൽ ജനപ്രിയമായ സുസുക്കി ആക്സസ് 125, ടിവിഎസ് ജൂപ്പിറ്റർ 125, യമഹ ഫാസിനോ 125, ഹോണ്ട ആക്ടിവ 125 എന്നിവ പോലുള്ള വമ്പൻമാരുമായിട്ടാണ് ഹീറോ ഡെസ്റ്റിനിയും മത്സരം.


Click it and Unblock the Notifications








